സൈമണ്‍ മാസ്റ്ററോടു ചെയ്ത ക്രൂരത എന്നെയും പേടിപ്പിക്കുന്നുണ്ടെന്ന് നജ്മല്‍ ബാബു അന്നുപറഞ്ഞു; അതുതന്നെ സംഭവിച്ചു, ഇനിയുമാരൊക്കെ?
കോഴിക്കോട്: ഒടുവില്‍ അവര്‍ എന്നെയും തേടിയെത്തുമെന്ന കവിവാക്യം പോലെ, നജ്മല്‍ ബാബുവും അന്നത് പറഞ്ഞിരുന്നു. മുഹമ്മദ് ഹാജിയെന്ന സൈമണ്‍ മാസ്റ്ററുടെ മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാത്തതിനെയാണ് അതു ക്രൂരതയെന്ന് നജ്മല്‍ ബാബു പറഞ്ഞത്.
''ഒരാള്‍ ജീവിച്ചിരിക്കുമ്പോഴുള്ള ആഗ്രഹങ്ങള്‍ നമ്മള്‍ക്ക് സാധിച്ചു കൊടുക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷെ, മരണാനന്തരം സൈമണ്‍ മാസ്റ്ററുടെ (മുഹമ്മദ്) മൃതദേഹം ഖബറടക്കണമെന്ന ആഗ്രഹം സാധിച്ചു കൊടുക്കാത്തത് ക്രൂരമാണ്''- മുഹമ്മദ് ഹാജി മരിച്ചപ്പോള്‍ നജ്മല്‍ ബാബു പറഞ്ഞത്.
''കൊടുങ്ങല്ലൂരിനെ സംബന്ധിച്ചിടത്തോളം ഇ.ടി ടൈസണ്‍ മാസ്റ്ററിന്റെ ബന്ധുവിനോട് ചെയ്ത ക്രൂരത എന്നെയും പേടിപ്പിക്കുന്നുണ്ട്. നജ്മല്‍ ബാബുവിനെ തിരിച്ചു ഹിന്ദു മരണാനന്തര കര്‍മ്മങ്ങളിലേക്ക് ഇവര്‍ നിക്ഷേപിക്കില്ല എന്നുള്ളതിന് എന്താണുറപ്പ്?''- നജ്മല്‍ ബാബു.
ഇപ്പോള്‍ അതുതന്നെ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ മുഹമ്മദ് ഹാജിയുടെ വിവാദം ഏറെ കത്തിനില്‍ക്കുന്ന സമയത്ത് പറഞ്ഞകാര്യം.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ മുഖ്യ ഇരകളായ മുസ്‌ലിം വിഭാഗങ്ങളോട് ഐക്യപ്പെട്ടുകൊണ്ടാണ് ടി.എന്‍ ജോയ് ഇസ്‌ലാം മതം സ്വീകരിക്കുന്നതും നജ്മല്‍ എന്‍ ബാബു എന്ന പേര് സ്വീകരിക്കുന്നതും. കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ തന്നെ ഖബറടക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് അദ്ദേഹം നേരത്തെ കത്തെഴുതുകയും ചെയ്തിരുന്നു.
ഇതേകുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്, ' ഈ കറുത്ത കാലഘട്ടത്തില്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന രാഷ്ട്രീയ ദൗത്യം ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുക എന്നുള്ളതാണെന്ന് ഞാന്‍ കരുതുന്നു. എന്റെ ബാക്കിയുള്ള ശരീരവും അതിന്റെ പിന്നിലെ സര്‍വ ഊര്‍ജവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി സമര്‍പ്പിക്കുകയാണ്. ചേരമാന്‍ പള്ളിയില്‍ ഖബറടക്കുക എന്നഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ എന്റെ ശരീരത്തെ അതിനുവേണ്ടി സമര്‍പ്പിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായപ്പോള്‍ ഞാന്‍ എന്റെ ആത്മാവിനെയും ശേഷിക്കുന്ന ജീവിതത്തെയും സമര്‍പ്പിക്കുകയാണ് ചെയ്തത്'.
നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
എഴുത്തുകാരന്‍ കമല്‍ സി ഇസ്‌ലാം മതം സ്വീകരിച്ചുവെന്നു പ്രഖ്യാപനം നടത്തിയാണ് പ്രതിഷേധിച്ചത്.
കമല്‍സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ് ജീവിക്കാനല്ല മുസ്ലീമായി മരിക്കാന്‍ പോലും അനുവദിക്കാത്ത നാട്ടില്‍ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ് സമരമാണ് ഇന്ന് ഇവിടെ ഇന്ത്യയില്‍ മുസ്ലീം ആവുകായെന്നത് വിപ്ലവപ്രവര്‍ത്തനമാണ് സമരമാണ് ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാന്‍ ആഗ്രഹിച്ചോ അല്ല ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല നജ്മല്‍ ബാബുവിന്റെ അനുഭവത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ഇസ്ലാം മതം സ്വീകരിക്കുന്നു മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാര്‍.
സി.വി.എന്‍ ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ഞാനിത് മുമ്പേ ചെയ്തതാണ്
കമല്‍സി നജ്മല്‍നൊപ്പം
ഒരു കഴുത്ത് കൂടി ഉണ്ടാകും
അനൂപ് വി.ആറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നജ്മല്‍ ബാബു, പര്‍വ്വതത്തേയ്ക്കാള്‍ കനം കൂടിയ ജീവിതവും പക്ഷി തൂവലിനേക്കാള്‍ കനം കുറഞ്ഞ ജീവിതവും ഉണ്ടെന്ന മാവോ സൂക്തം നിങ്ങളുടെ കൗമാരത്തെ പ്രചോദിപ്പിച്ചിട്ടുണ്ടാകാം. ഒറ്റയ്ക്ക് മല തുരന്ന് തുരന്ന് തുരങ്കം നിര്‍മിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ആ മഹാവൃദ്ധനെ കുറിച്ചുള്ള മാവോ കഥയായിരിയ്ക്കും നിങ്ങളുടെ യൗവനം.പക്ഷേ, അവസാനം നിങ്ങള്‍ അഭയം തേടിയത് മല ഇങ്ങോട്ട് വന്നി ല്ലെങ്കില്‍ അങ്ങോട്ട് പോകുമെന്ന മുഹമ്മദിന്റെ മഹാ സ്ഥൈര്യത്തില്‍ ,അവന്റെ അള്ളാഹുവിങ്കല്‍ ഉള്ള അചഞ്ചലമായ വിശ്വാസത്തില്‍.നജ്മല്‍ ബാബു.. നമ്മള്‍ തമ്മില്‍ സംസാരിച്ചതിലും എത്രയോ അധികമാണ് നമ്മള്‍ സംസാരിയ്ക്കാതിരുന്നത്.ഇന്ന് നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ജീവിതത്തില്‍ ആദ്യമായി മയ്യത്ത് നമസ്‌കരിച്ചു, നിങ്ങള്‍ അടക്കപ്പെടണം എന്ന് ആഗ്രഹിച്ച (അതിക്രൂരമായി നിഷേധിയ്ക്കപ്പെട്ട ആ ആഗ്രഹം) ചേരമാന്‍ മസ്ജിദില്‍.ആ പള്ളിമുറ്റത്ത് നിങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചു. ഇനി പടച്ചവന്റെ കൃപയുണ്ടെങ്കില്‍ പരലോകത്ത് വെച്ച് നമുക്ക് കാണാം... സംസാരിയ്ക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."