കോണ്‍ഗ്രസ് മാര്‍ച്ച് അക്രമാസക്തം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
പേരാമ്പ്ര: ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ ക്യാംപ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ചേനോളി റോഡിലെ നിര്‍മല ഹോസ്പിറ്റലിനു മുന്‍വശം ബാരിക്കേഡ് തീര്‍ത്ത് പൊലിസ് മാര്‍ച്ച് തടയുകയായിരുന്നു. ഇതോടെ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ചിലര്‍ ബാരിക്കേഡിനു മുകളില്‍ കയറിനിന്ന് പൊലിസിന് നേരെ ആക്രോശിച്ചു. ഇതിനിടെ പൊലിസിനു നേരെ ചീമുട്ടയേറും ഉണ്ടായി.
തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സിദ്ദീഖിന്റെ പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ബാരിക്കേഡിന്റെ ഒരുഭാഗം താഴേക്ക് തള്ളിയിടുന്നതിനിടെയാണു പൊലിസ് ജലപീരങ്കി പ്രയോഗിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും വെള്ളം ചീറ്റി. ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും കൂട്ടമായെത്തി മുദ്രാവാക്യം മുഴക്കി. പിന്നീട് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. അവിടെനിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി പേരാമ്പ്ര ബസ് സ്റ്റാന്‍ഡിലേക്ക് നീങ്ങി. റോഡില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടയാന്‍ ശ്രമം ഉണ്ടായെങ്കിലും നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.മാര്‍ച്ചിനെ നേരിടാന്‍ വന്‍ പൊലിസ് സന്നാഹം രാവിലെ മുതല്‍ സ്ഥലത്തു ക്യാംപ് ചെയ്തിരുന്നു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന്‍ മരുതേരി അധ്യക്ഷനായി. കെ. ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, രാജേഷ് കീഴരിയൂര്‍, കെ.പി വേണുഗോപാലന്‍, പി.കെ രാഗേഷ്, പി.ജെ തോമസ്, എന്‍.പി വിജയന്‍, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, വി. ആലീസ് മാത്യൂ, കെ.എ ജോസ്‌കുട്ടി, ഇ.സി രാമചന്ദ്രന്‍, കെ.കെ സീതി ജിതേഷ് മുതുകാട് പ്രസംഗിച്ചു. കെ. മധുകൃഷ്ണന്‍, വി.ടി സൂരജ്, പി.എം പ്രകാശന്‍, കെ. ജാനു, ഇ.ടി സരീഷ്, കെ.കെ ദാസന്‍, ബാബു തത്തക്കാടന്‍, വാസു വേങ്ങേരി, പൂക്കോട്ട് ബാബുരാജ്, സി. രാമദാസ്, പി.സി കാര്‍ത്യായനി നേതൃത്വം നല്‍കി.
മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: ടി. സിദ്ദീഖ്
പേരാമ്പ്ര: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതിലൂടെ കോടികളുടെ അഴിമതി നടത്തിയ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജിവച്ച് ജുഡിഷ്യല്‍ അന്വേഷണം നേരിടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ഈ അഴിമതി കേരളം പൊറുക്കില്ല. സി.പി.എമ്മിന്റെ സാമ്പത്തിക കറവപ്പശുവായി മദ്യം മാറിയിരിക്കുകയാണ്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.
മന്ത്രി ടി.പിയുടെ കൈകള്‍ അഴിമതിയുടെ കറപുരണ്ട് അശുദ്ധമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ 10 ചോദ്യങ്ങളില്‍ ഒന്നിനുപോലും ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്കു കഴിഞ്ഞിട്ടില്ല. ഒരു ഭാഗത്ത് കേരളത്തെ പുനര്‍നിര്‍മിക്കാന്‍ പാടുപെടുമ്പോള്‍ മറുഭാഗത്ത് ബ്രൂവറികള്‍ക്ക് അനുമതി കൊടുക്കുകയാണ് സര്‍ക്കാര്‍. അഴിമതിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ നാലുപേര്‍ക്ക് അനുമതി നല്‍കിയത് എന്തു മാനദണ്ഡ പ്രകാരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സിദ്ദീഖ് ചോദിച്ചു. രാജിവയ്ക്കാതെ അധികാരത്തില്‍ പിടിച്ചുതൂങ്ങാനാണ് ടി.പി രാമകൃഷ്ണന്റെ ശ്രമമെങ്കില്‍ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും സിദ്ദീഖ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."