ഉദ്ഘാടനം കഴിഞ്ഞ് പ്രവൃത്തി തുടങ്ങാനാകാതെ കെ.എസ്.ആര്.ടി.സി
തിരുവമ്പാടി: ഉദ്ഘാടനം കഴിഞ്ഞിട്ടും നിര്‍മാണം തുടങ്ങാനാകാതെ കെ.എസ്.ആര്.ടി.സി.
കഴിഞ്ഞ മാസം 21നാണ് തിരുവമ്പാടിയില്‍ കെ.എസ്.ആര്.ടി.സിയുടെ ഓപ്പറേറ്റിങ് സെന്റര്‍ കം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് നിര്‍വഹിച്ചത്. സ്ഥലം ഇപ്പോഴും പഞ്ചായത്തിന്റെ പേരിലാണ് ഇത് കെ.എസ്.ആര്.ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാത്തതാണ് പ്രവൃത്തി തുടങ്ങാന്‍ വൈകുന്നതെന്നാണ് സൂചന. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പു തന്നെ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി, സ്ഥലം സ്വന്തം പേരിലാക്കാന്‍ കെ.എസ്.ആര്.ടി.സി.ക്ക്
നിര്‍ദേശം നല്‍കിയിരുന്നു എന്നും വകുപ്പ് അലംഭാവം കാട്ടിയതാണെന്നും പറയപ്പെടുന്നു.
പഞ്ചായത്തിന്റെ പേരിലുള്ള സ്ഥലത്തും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിക്കാം എന്നും മുന്‍ എം.എല്‍.എയുടെ ഫണ്ടുപയോഗിച്ചാണ് ചുറ്റുമതില്‍ കെട്ടി നവീകരിച്ചതെന്നും പ്രവൃത്തി ഉദ്ഘാടനം നടക്കും മുന്‍പേ പ്രവൃത്തി തുടങ്ങുന്നവരാണ് കരാര്‍ ഏറ്റെടുത്ത യു.എല്‍.സി.സിയെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം ബില്‍ഡിങ് പെര്‍മിറ്റ് ഉള്‍പ്പടെയുള്ള സാങ്കേതികത്വം മാത്രമേയുള്ളൂവെന്നും ഇത് ശരിയാക്കി ഉടന്‍ തന്നെ പ്രവൃത്തി തുടങ്ങുമെന്നും കെ.എസ്.ആര്.ടി.സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രേഖകള്‍ ശരിയാകും മുന്‍പ് തിടുക്കത്തില്‍ പ്രവൃത്തി ഉദ്ഘാടനം നടത്തിയതന്തേ എന്ന ചോദ്യത്തിന് പക്ഷെ കെ.എസ്.ആര്.ടി.സിക്ക് ഉത്തരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."