നീരൊഴുക്ക് തടസപ്പെട്ടു; അഞ്ചോളം വീടുകളില്‍ വെള്ളം കയറി
ചാരുംമൂട്: ഓടയില്‍ മണ്ണ് അടിഞ്ഞുകൂടി നീരൊഴുക്ക് നിലച്ചതിനെത്തുടര്‍ന്ന് അഞ്ചോളം വീടുകളില്‍ വെള്ളം കയറി.
നൂറനാട് പള്ളിമുക്ക് ആനയടി റോഡില്‍ പണയില്‍ കശുവണ്ടി ഫാക്റ്റിക്കു സമീപത്തെ അഞ്ചോളം വീടുകളാണ് മഴവെള്ളത്തില്‍ മുങ്ങിയത്.
റോഡിന്റെ പുനര്‍നിര്‍മാണ വേളയില്‍ ഇരു വശങ്ങളിലെ ഓടകള്‍ വൃത്തിയാക്കിയിരുന്നില്ല. മഴയില്‍ ഒരു കിലോമീറ്റര്‍ വടക്കുനിന്നും റോഡുവഴി ഒഴുകിയെത്തിയ മണ്ണും മാലിന്യങ്ങളും ഓടയിലിറങ്ങി നീരൊഴുക്ക് തടസപ്പെടുകയായിരുന്നു.
റോഡിനു സമ നിരപ്പില്‍ സ്ഥിതി ചെയ്യുന്ന വീടുകളിലേക്കാണ് ഇന്നലെ രാത്രി തകര്‍ത്തു പൊയ്ത മഴവെള്ളം കയറി വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയത്. ഷാജി ഭവനത്തില്‍ ഷാജി, മുളമൂട്ടില്‍ കിഴക്കേതില്‍ മുരളി, സുനില്‍, റജുലാന്റ് പോള്‍, 5929-ാം നമ്പര്‍ എസ് എന്‍.ഡി.പി ശാഖാ മന്ദിരം എന്നിവിടങ്ങളിനാണ് മാലിന്യം കലര്‍ന്ന വെള്ളം കയറിയത്.
മൂന്നു കോടി രൂപ ചെലവിട്ട് നിര്‍മിച്ച റോഡിന്റെ ഇരുവശങ്ങളിലും ഓട നിര്‍മിക്കുവാന്‍ അധികാരികള്‍ തയാറായില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഈ ഭാഗങ്ങളില്‍ ഓട നിര്‍മിച്ചും നിലവിലെ ഓടകളില്‍ നിന്നും മണ്ണ് നീക്കം ചെയ്ത് സ്ലാബ് സ്ഥാപിച്ചാല്‍ വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാകും.
അധികാരികള്‍ വേണ്ട നടപടി ഉടന്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം റോഡ് ഉപരോധമടക്കമുള്ള സമരവുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."