ഗെയില്‍ പൈപ്പ്ലൈന് പ്രവൃത്തി അപകടക്കെണിയായി കൊടുവള്ളിയില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
കൊടുവള്ളി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഗെയില്‍ പൈപ്പ്ലൈന് പ്രവൃത്തി ദേശീയപാതയില്‍ മൂന്നുപേരുടെ ജീവനെടുത്തു.
കോഴിക്കോട്-കൊല്ലേഗാല്‍ ദേശീയപാത 766ല്‍ കൊടുവള്ളി മദ്റസ ബസാറില്‍ പൈപ്പ്ലൈന് പ്രവൃത്തിക്കെടുത്ത കുഴി വെട്ടിക്കുന്നതിനിടെ ലോറി ബൈക്കില്‍ ഇടിച്ചാണ് അപകടം.
ബൈക്ക് യാത്രികരായ പടനിലം വള്ളിയാട്ടുമ്മല്‍ ശശി (38), പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (45), കാല്‍നടയാത്രക്കാരനായ പറയംമടുക്കുമ്മല് ശശി (50) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
മദ്റസ ബസാര്‍ അങ്ങാടിക്ക് സമീപം ഗ്യാസ് പൈപ്പ്ലൈന് പ്രവൃത്തിക്കായി കുഴിച്ച കുഴി വെട്ടിക്കുന്നതിനിടെ ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍ അകപ്പെട്ടു.
തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി റോഡരികില്‍ നില്‍ക്കുകയായിരുന്ന ശശിയെ ഇടിക്കുകയും സമീപത്തെ വൈദ്യുത പോസ്റ്റ് തകര്‍ത്ത് നില്‍ക്കുകയുമായിരുന്നു.
ഗുരുതര പരുക്കേറ്റ മൂവരെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സന്തോഷും ശശിയും മരമില്ലിലെ തൊഴിലാളികളും ശശി മരക്കച്ചവടക്കാരനുമാണ്.
കല്യാണിയാണ് സന്തോഷിന്റെ അമ്മ. ഭാര്യ: സന്ധ്യ. മക്കള്‍: അനഘ, അഖിന്, അഖിന. തനിയായിയാണ് പറയംമടുക്കുമ്മല് ശശിയുടെ മാതാവ്. ഭാര്യ: രാധ. മക്കള്‍: ബിന്‍ഷ, ബിന്‍ഷി, ബിജിന്. കീരൊറ്റിയാണ് വള്ളിയാട്ടുമ്മല്‍ ശശിയുടെ മാതാവ്. ഭാര്യ: ബിന്ദു. മകന്: അഭിനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."