നാടുകടത്തും
വിഴിഞ്ഞം: ജോലി തേടി കേരളത്തിലെത്തിയ അഞ്ചംഗ റോഹിംഗ്യന്‍ കുടുംബം പൊലിസ് അകമ്പടിയോടെ ഇന്ന് ഹൈദരാബാദിലേക്ക് മടങ്ങും. കേരളാ പൊലിസിന് നന്ദി അറിയിച്ചാണ് വിഴിഞ്ഞത്ത് എത്തിയ റോഹിംഗ്യന്‍ കുടുംബം മടങ്ങുന്നത്.
രാവിലെ ഹൈദരാബാദിലേക്ക് പുറപ്പെടുന്ന ശബരി എക്സ്പ്രസിലായിരിക്കും മടക്കയാത്ര. എ.ആര് ക്യാംപിലെ ഒരു എസ്.ഐയുടെ മേല്‍നോട്ടത്തിലുള്ള അഞ്ചംഗ പൊലിസ് സംഘവും ഇവര്‍ക്ക് സുരക്ഷയൊരുക്കി കൂടെയുണ്ടാകും. ഹൈദരാബാദിലെ സൈബ്രാബാദ് പൊലിസ് സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്ന ക്യാംപിലേക്ക് മാറ്റും.
ദിവസങ്ങള്‍ക്കു മുമ്പാണ് ആറ് മാസം പ്രായമായ കൈക്കുഞ്ഞ് ഉള്‍പ്പെടെ അഞ്ചംഗ റോഹിംഗ്യന്‍ കുടുംബം വിഴിഞ്ഞത്തെത്തിയത്. ട്രെയിനില്‍ ദിവസങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ തലസ്ഥാനത്ത് എത്തിയ കുടുംബം അവിടെ നിന്ന് ഓട്ടോയിലാണ് വിഴിഞ്ഞം ഹാര്‍ബറില്‍ വന്നത്. അപരിചിതരായ കുടുംബത്തിനെ കണ്ട നാട്ടുകാര്‍ വിവരം പൊലിസിലറിയിച്ചതോടെ ഇവര്‍ പൊലിസിന്റ നിരീക്ഷണത്തിലായി.
സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ഹൈദരാബാദിലെ ക്യാംപിന് പുറത്ത് തൊഴിലെടുക്കുന്ന അഭയാര്‍ഥികളായ ഇവര്‍ക്ക് അവിടെ മതിയായ കൂലി ലഭിക്കാറില്ലെന്നും കിട്ടുന്ന തുച്ഛമായ വരുമാനവും പരിശോധനയുടെ പേരില്‍ ക്യാംപിലെത്തുന്നവര് കൈക്കലാക്കുന്നതു പതിവാണെന്നും ഇതുകാരണം ജീവിതം ദുസ്സഹമായതോടെയാണ് കൂലി കൂടുതല്‍ കിട്ടുന്ന ജോലി കേരളത്തില്‍ ഉണ്ടെന്ന് കേട്ടറിഞ്ഞാണ് ഇവിടെ എത്തിയതെന്നുമാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്.
യു.എന്‍ അംഗീകരിച്ച അഭയാര്‍ഥികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുള്ള സംഘത്തിന് വിഴിഞ്ഞം സ്റ്റേഷനില്‍ പൊലിസ് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇവരുടെ മടക്കയാത്ര, ഭക്ഷണം ഉള്‍പ്പെടെയുള്ള ചെലവും പൊലിസാണ് വഹിക്കുന്നത്.
റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരടക്കം എത്തി ഇവരെ ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."