കശാപ്പ് നിരോധനം: മാട്ടിറച്ചി വില കുത്തനെ വര്‍ധിപ്പിച്ചു
വടക്കാഞ്ചേരി: കന്നുകാലികളെ കശാപ്പിനായി വില്‍പന നടത്തുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നിലവില്‍ വന്ന ശേഷമുള്ള ആദ്യ ഞായറാഴ്ച ഇറച്ചി വില്‍പനശാലകളില്‍ അനുഭവപ്പെട്ടത് വന്‍ തിരക്ക്. രാവിലെ മുതല്‍ തന്നെ മാംസാഹാരപ്രിയര്‍ മാര്‍ക്കറ്റുകളിലേയ്ക്ക് ഒഴുകിയെത്തി. നിരോധനം മൂലം ഇറച്ചി കിട്ടാതെ വരുമോ എന്ന ആശങ്കയായിരുന്നു പലര്‍ക്കും. റമദാന്‍ നോമ്പ് തുറയ്ക്ക് ഇറച്ചി വാങ്ങാനെത്തിയവരും ധാരാളമായിരുന്നു. നേരത്തെ വാങ്ങി നിര്‍ത്തിയിരുന്ന അറവ് മാടുകളെയാണ് ഇന്നലെ അറുത്തത്.
നിലവില്‍ ചൊവ്വാഴ്ച്ച വരെ അറുക്കാനുള്ള മാടുകള്‍ സ്റ്റോക്കുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. നിയന്ത്രണത്തിന്റെ പ്രത്യാഘാതം ചൊവ്വാഴ്ച അറിയാനാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ ചന്ത ചൊവ്വാഴ്ചയാണ് പ്രവര്‍ത്തിക്കുക. അന്ന് കന്നുകാലികള്‍ എത്തിയില്ലെങ്കില്‍ അത് കേരളത്തെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാകും. മാംസ വില്‍പന വിപണി പൂര്‍ണമായും സ്തംഭിക്കും ആയിരങ്ങള്‍ക്ക് തൊഴിലില്ലാതാകും,
ഹോട്ടലുകളുടേയും തട്ടുകടകളുടേയും പ്രവര്‍ത്തനം നിലക്കും. എല്ലാം തരം ഇറച്ചികളുടേയും വില കുതിച്ചുയരും. ക്ഷാമം മുന്നില്‍ കണ്ട് ഇറച്ചി വ്യാപാരികള്‍ ഇപ്പോള്‍ തന്നെ മാട്ടിറച്ചിയുടെ വില കുത്തനെ ഉയര്‍ത്തി. 250 രൂപയ്ക്ക് കഴിഞ്ഞ ദിവസം വരെ വിറ്റഴിച്ചിരുന്ന കാളയിറച്ചി വില ഇന്നലെ രാവിലെ മുതല്‍ 280 രൂപയായി. പോത്തിറച്ചി 300 രൂപയ്ക്കായിരുന്നു വിറ്റിരുന്നത് അത് 320 രൂപയായി. കോഴി ജീവനോടെ വില്‍ക്കുന്നത് 146 രൂപയ്ക്കാണ്. ആട്ടിറച്ചി 500 ല്‍ നിന്ന് 550 രൂപയും പന്നിയിറച്ചി 260 ല്‍ നിന്ന് 280 ലെത്തുകയും ചെയ്തു. നഗരങ്ങളില്‍ വില ഇതിലും കൂടുതലാണ് എന്നതാണ് സ്ഥിതി. വരും ദിവസങ്ങളില്‍ പ്രതിസന്ധി മൂര്‍ച്ചിയ്ക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."