എടച്ചേരിയിലെ അങ്കണവാടിക്ക് കെട്ടിടമില്ല കുരുന്നുകളുടെ പഠനം ഭീതിയോടെ
എടച്ചേരി: എടച്ചേരിയിലെ അങ്കണവാടിക്ക് സ്ഥിരം കെട്ടിടം ഇനിയും യാഥാര്‍ഥ്യമായില്ല. പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കാക്കന്നൂര്‍ സൗത്തിലെ 127-ാം നമ്പര്‍ അങ്കണവാടിയാണ് സൗകര്യപ്രദമായ കെട്ടിടമില്ലാതെ ദുരവസ്ഥയില്‍ തുടരുന്നത്. ഏറെ അസൗകര്യങ്ങളുണ്ടെങ്കിലും സ്ഥിരം കെട്ടിടം വരുമെന്ന പ്രതീക്ഷയില്‍ രക്ഷിതാക്കള്‍ കുട്ടികളെ ഇവിടേക്ക് അയച്ചിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിര്‍മിക്കാത്തതിനാല്‍ കുട്ടികള്‍ കൂട്ടത്തോടെ കൊഴിഞ്ഞു പോയി.
ഇപ്പോള്‍ പത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് ഇവിടെ എത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ ഈ അങ്കണവാടി വര്‍ഷങ്ങളോളം ഒരു വീട്ടുപറമ്പില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ ഓല ഷെഡ്ഡിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ മൂന്ന് വര്‍ഷമായി ഒരു സ്വകാര്യ വ്യക്തിയുടെ അടച്ചിട്ട പീടിക മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്.
കട വരാന്തയില്‍ വലിച്ചുകെട്ടിയ പ്ലാസ്റ്റിക്ക് പായ കൊണ്ടു തീര്‍ത്ത മേല്‍ക്കൂരക്ക് കീഴിലാണ് കുരുന്നുകള്‍ 'വിദ്യ' അഭ്യസിക്കുന്നത്. കഷ്ടിച്ച് ഒരു ബെഞ്ചിനും മേശയ്ക്കും മാത്രമേ ഇവിടെ ഇടമുള്ളൂ. ഇവിടെയാണ് ആധുനിക രീതിയിലുള്ള പഠനവും കളികളും നടക്കേണ്ടത്. പേര് അന്വര്‍ഥമാകും വിധം മുറ്റത്തെ പൂന്തോട്ടമായി മാറേണ്ട അങ്കണവാടി അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുകയാണ്. ഇതിനാല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഇവിടേക്ക് പറഞ്ഞയക്കാന്‍ മടിക്കുകയാണ്.
നിലവിലുള്ള നിയമമനുസരിച്ച് അങ്കണവാടിക്ക് രണ്ട് സെന്റ് ഭൂമി വിട്ട് നല്‍കിയാല്‍ പഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു നല്‍കും. സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടു നല്‍കുകയാണെങ്കില്‍ അവര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടെങ്കില്‍ അങ്കണവാടി വര്‍ക്കറായും, ഹെല്‍പ്പറായും ജോലിയും ലഭിക്കും.
അല്ലാത്തപക്ഷം ഒന്നര ലക്ഷം രൂപ വരെ അനുവദിക്കാനും വകുപ്പുണ്ട്. എന്നാല്‍ ഈ തുകയ്ക്ക്, ആവശ്യമായ സ്ഥലം വിട്ട് നല്‍കാന്‍ ഉടമകള്‍ മടിക്കുന്നതാണ് കെട്ടിട നിര്‍മാണത്തിന് തടസമാവുന്നത്. പഞ്ചായത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ഏക അങ്കണവാടി കൂടിയാണിത്.
കുട്ടികള്‍ക്ക് നടന്നെത്താന്‍ മാത്രം ദൂരപരിധിയിലുള്ള ഈ അങ്കണവാടി, കെട്ടിടമില്ലാതെ പൂട്ടിപ്പോകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. ഈ അങ്കണവാടി നില നില്‍ക്കുന്നത് രക്ഷിതാക്കളല്ലാത്ത നാട്ടുകാര്‍ക്കും ഉപകാരപ്രദമാണ്.
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നതും അങ്കണവാടികള്‍ മുഖേനയാണ്.
നേരത്തെ പത്ത് പേര്‍ക്ക് മാത്രം വേവിച്ച് നല്‍കിയിരുന്ന ഈ പോഷകാഹാരം ഗര്‍ഭിണികളുടെ കാര്യത്തില്‍ പരിമിതി ഇല്ലാതെ അങ്കണവാടി പരിധിയില്‍ വരുന്ന മുഴുവന്‍ വീട്ടുകാര്‍ക്കും നല്‍കാമെന്ന പുതിയ ഉത്തരവും ഇറങ്ങിയിട്ടുണ്ട്.
ഭൂഉടമകള്‍ക്ക് മതിയായ വില നല്‍കി പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന നല്‍കി ഈ അങ്കണവാടിക്ക് പുതിയ കെട്ടിടം പണിത് ഇവിടെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."