കര്‍ണാടക നാടകത്തിന് ഒടുവില്‍ തിരശീല
പതിനെട്ട് ദിവസം നീണ്ടുനിന്ന കര്‍ണാടകയിലെ രാഷ്ട്രീയാഭാസ നാടകത്തിന് ഒടുവില്‍ തിരശീല വീണു. പതിനാല് മാസം മാത്രം നീണ്ടുനിന്ന ജെ.ഡി.എസ്-കോണ്‍ഗ്രസ് ഭരണത്തിന് അങ്ങനെ ദാരുണാന്ത്യം. മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയുടെ മറുപടിയെത്തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. 105 അംഗങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്തപ്പോള്‍ 99 പേര്‍ മാത്രമാണ് പിന്തുണച്ചത്. കുമാര സ്വാമിയുടെ മന്ത്രിസഭയെ മറിച്ചിടാന്‍ ആറ് തവണ ശ്രമിച്ച് പരാജയപ്പെട്ട ബി.ജെ.പി ഏഴാം തവണ ഓപ്പറേഷന്‍ താമര എന്ന് ഓമനപ്പേരിട്ട് നടത്തിയ കുതിരക്കച്ചവടത്തിലൂടെയാണ് സഖ്യ ഭരണത്തെ താഴെയിറക്കിയത്. വിമത എം.എല്‍.എമാരെ തടഞ്ഞുനിര്‍ത്താന്‍ അവസാന നിമിഷംവരെ ഭരണകക്ഷി ശ്രമിച്ചുവെങ്കിലും അതിലവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല.
വിശ്വാസ വോട്ടെടുപ്പിലെ ചര്‍ച്ച നീട്ടിക്കൊണ്ട്‌പോയി വിമത എം.എല്‍.എമാരെ തിരികെ കൊണ്ടുവരാമെന്ന ഭരണകക്ഷിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് ഇന്നലെ സഭ ആരംഭിച്ചപ്പോള്‍തന്നെ അവരുടെ ശരീരഭാഷയില്‍നിന്ന് വ്യക്തമായിരുന്നു. ഇന്നലെതന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാറിന്റെ ഉറച്ച തീരുമാനത്തെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടന്നത്.
ഇന്ത്യയുടെ നിയമസഭാ ചരിത്രത്തില്‍ നാളിതുവരെ കാണാത്ത ദൃശ്യങ്ങളാണ് കര്‍ണാടക നിയമസഭയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അരങ്ങേറിയത്. രാഷ്ട്രീയ അധാര്‍മികതയുടെ അഴിഞ്ഞാട്ടമായിരുന്നു അവിടെ. കോണ്‍ഗ്രസില്‍നിന്നും ജനതാദള്‍ സെക്യുലര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ കുടിയേറിയതിനെ തുടര്‍ന്നാണ് കുമാരസ്വാമി മന്ത്രിസഭ അനിശ്ചിതത്വത്തിലായത്.
തിങ്കളാഴ്ച അര്‍ധരാത്രി വരെ സ്പീക്കര്‍ ഭരണകക്ഷിയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നലെ ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടാമെന്ന തീരുമാനം ഉണ്ടായത്. വിശ്വാസ വോട്ടെടുപ്പിന് മുമ്പ്തന്നെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ പ്രഖ്യാപിക്കണമെന്ന കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് ഇന്നലെ സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ വിമതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഒരുമാസത്തെ അവധി ചോദിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. വിമതരുടെ കാര്യങ്ങള്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ തനിക്ക് പരിമിതിയുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കുമാരസ്വാമി മന്ത്രിസഭ രാജിവച്ചതിനാല്‍ ബി.ജെ.പിക്ക് രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കരസ്ഥമാക്കിയ എം.എല്‍.എമാരിലൂടെ ഭരണം പിടിച്ചെടുക്കാം. യെദ്യൂരപ്പക്ക് വീണ്ടും മുഖ്യമന്ത്രിയാകാം. പക്ഷെ അത് എത്രകാലത്തേക്ക്. വിശ്വാസ്യത നഷ്ടപ്പെട്ട എം.എല്‍.എമാര്‍ മന്ത്രിസഭയുടെ കാലാവധി തീരുവോളം ഈ മന്ത്രിസഭയെ താങ്ങിനിര്‍ത്തുമെന്നതിന് എന്താണ് ഉറപ്പ്. ആറ് മാസത്തിനപ്പുറം നീളുകയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞത്.
കാല്മാറി വന്നവര്‍ക്കെല്ലാം മന്ത്രിസ്ഥാനം നല്‍കാന്‍ ബി.ജെ.പിക്ക് കഴിയില്ല. കൂടാതെ, ഇവര്‍ വീണ്ടും വിമത ശബ്ദം ഉയര്‍ത്തിക്കൂടെന്നുമില്ല. ബി.ജെ.പിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച് എം.എല്‍.എ ആയവരെ തഴഞ്ഞ് വിമതരെ മന്ത്രിമാരാക്കുമ്പോള്‍ പാര്‍ട്ടിയില്‍ അത് കലാപത്തിന് തിരികൊളുത്താനും സാധ്യതയുണ്ട്.
വിശ്വാസവോട്ട് തേടുന്നത് നീട്ടിക്കൊണ്ടുപോകുന്നതിലൂടെ തന്നെ ബലിയാടാക്കുകയാണെന്നും ഇതുതന്നെയാണ് തുടരുന്നതെങ്കില്‍ താന്‍ രാജിവയ്ക്കുകയാണെന്നും സ്പീക്കര്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധാരാമയ്യയേയും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയേയും കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവരും സ്പീക്കറുടെ നിര്‍ദേശാനുസരണം സഭയില്‍ ആറ് മണിക്കകംതന്നെ വിശ്വാസ വോട്ട് തേടാമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് പിന്നെയും നീണ്ട്‌പോയി. ചര്‍ച്ചകളെല്ലാം പൂര്‍ത്തിയാക്കിയിട്ട് മതി വിശ്വാസ വോട്ടെടുപ്പ് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ തറപ്പിച്ചുപറഞ്ഞതാണ് വോട്ടെടുപ്പ് അനിശ്ചിതമായി നീണ്ടുപോകാന്‍ ഇടവരുത്തിയത്.
സമയം നീട്ടിക്കിട്ടുകയാണെങ്കില്‍ മറുകണ്ടം ചാടിയ എം.എല്‍.എമാരെ തിരികെകൊണ്ടുവരാമെന്ന അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് അപ്പോഴും ഇളക്കം തട്ടിയിരുന്നില്ല. വിമത എം.എല്‍.എമാരില്‍ പകുതിയെങ്കിലും തിരിച്ചെത്തിയിരുന്നുവെങ്കില്‍ സര്‍ക്കാര്‍ വീഴില്ലായിരുന്നു. രണ്ട് വിരുദ്ധ ചേരിയില്‍ നിന്നവര്‍ ഒന്നിച്ച് നിന്നായിരുന്നു കര്‍ണാടക ഭരിച്ചിരുന്നത്. രാഷ്ട്രീയ ധാര്‍മികത വച്ച് പുലര്‍ത്തുന്ന നേതാക്കളല്ല കര്‍ണാടകത്തിലേറെയും. പലപ്പോഴും ഇത്തരം രാഷ്ട്രീയാഭാസങ്ങള്‍ ആ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ സംഭവിക്കേണ്ടത് സംഭവിച്ചു എന്ന് തന്നെ പറയാം.
വിദേശത്തെ കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പറഞ്ഞ നരേന്ദ്രമോദി ഒരുപക്ഷെ കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ടാകാം. അത് പാവങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കുന്നതിന് പകരം പാര്‍ട്ടി ആസ്ഥാനത്ത് സ്വരൂപിച്ചത് കൊണ്ടായിരിക്കണം ഓരോ സംസ്ഥാനങ്ങളിലും ബി.ജെ.പി ഇതര സര്‍ക്കാരുകളെ മറിച്ചിടാന്‍ കോടികള്‍ ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ ഭരണക്രമത്തെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ ഈ നീക്കത്തിന് ഒരു ലക്ഷ്യമുണ്ട്. ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കുക എന്ന അജണ്ട മുന്‍നിര്‍ത്തിയാണ് അവര്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നത്. രണ്ടായിരത്തി ഇരുപത്തിനാലിലോ അതിന് ശേഷമോ ഈ അജണ്ട നടപ്പിലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അവര്‍.
എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് അമിതമായ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്ഥാനം രാജിവച്ചത് ഹിന്ദുത്വ ഭരണം പെട്ടെന്ന് നടപ്പാക്കാനുള്ള അവസരമായി അവര്‍ക്ക് കിട്ടുകയായിരുന്നു. അതനനുസൃതമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് കോണ്‍ഗ്രസില്‍നിന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും സി.പി.എമ്മില്‍നിന്നുപോലും എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എമാര്‍ പ്രതീക്ഷിക്കാതിരുന്ന വാഗ്ദാനങ്ങളാണ് അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോടികളും പെട്രോള്‍ പമ്പുകളും ആജീവനാന്തം കഴിയാനുള്ള സൗകര്യവും വാഗ്ദാനം ചെയ്യുമ്പോള്‍ ധാര്‍മികത തൊട്ടുതീണ്ടാത്ത എം.എല്‍.എമാരെന്ന ധനമോഹികള്‍ ജനാധിപത്യ ഭരണ സംവിധാനത്തിന് കല്ലറ തീര്‍ക്കും.
പ്രതിപക്ഷമില്ലാത്ത ഒരു ഭരണം ഇന്ത്യയിലെ സംസ്ഥാനങ്ങളിലെല്ലാം നിലവില്‍ വരുമ്പോള്‍ ആരുടെയും എതിര്‍പ്പില്ലാതെ ഭരണഘടന മാറ്റിയെഴുതാമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ബി.ജെ.പി ഭരണം മാത്രമാകുമ്പോള്‍ ഭരണഘടനാ മാറ്റം എളുപ്പത്തില്‍ കഴിയും. ഈ രാസമാറ്റം ത്വരിതപ്പെടുത്തിയത് കോണ്‍ഗ്രസിന്റെ നിഷ്‌ക്രിയത്വമാണ്. കര്‍ണാടകയിലെ പരാജയം ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ പ്രതിസന്ധി രൂക്ഷമാക്കും. കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന പ്രചാരണം ബി.ജെ.പി കൊഴുപ്പിക്കും. അതിന്റെ ഫലമായി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോണ്‍ഗ്രസ് മന്ത്രിസഭകള്‍ നാളെ തകര്‍ന്നുകൂടെന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് മാറുകയും ചെയ്യും. അതോടെ ഇന്ത്യ ഇത്രയുംകാലം ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ ഭരണ സംവിധാനത്തിനായിരിക്കും അന്ത്യമാവുക. കര്‍ണാടക അതിന്റെ ഒരു തുടക്കം മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."