21ാം നൂറ്റാണ്ടിലെ 'ആര്യ കാലഘട്ടം'
ശ്രീനാരായണഗുരു മുതല്‍ കുര്യാക്കോസ് ഏലിയാസ് ചാവറ വരെ നീളുന്ന കേരളത്തിലെ നവോത്ഥാന നായകരുടെ പട്ടിക പരിശോധിച്ചാല്‍ ഏറെയും താഴ്ന്ന ജാതിയില്‍പെടുന്നവരാണ്. കാരണം പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആരംഭിച്ച നവോത്ഥാന മുന്നേറ്റങ്ങളിലേറെയും താഴ്ന്ന ജാതിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂന്നിയതായിരുന്നു. കേരളപ്പിറവിക്കു ശേഷവും അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയെന്നു വിശേഷിപ്പിക്കാവുന്ന നിരവധി ഭരണപരിഷ്‌കാരങ്ങള്‍ക്കും കേരളം വേദിയായിട്ടുണ്ട്. രാജ്യത്തിനു തന്നെ മാതൃകയാകുന്നതായിരുന്നു ഇതില്‍ പലതും. ഇത്തരം നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് അനന്തപുരിയില്‍ ഒരു ഇരുപത്തിയൊന്നുകാരിയെ മേയറാക്കാനുള്ള സി.പി.എം തീരുമാനത്തെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളും ചില ഇടതുപക്ഷ ചിന്തകരും ചിത്രീകരിക്കുന്നത്. പരാജയത്തില്‍നിന്നും തടിയൂരാനായി പ്രയോഗിക്കുന്ന ചില തന്ത്രങ്ങള്‍ പിന്നീട് എങ്ങനെ പുരോഗമനവും നവോത്ഥാനവുമൊക്കെയായി വിലയിരുത്തപ്പെടുന്നുവെന്നാണ് 21ാം നൂറ്റാണ്ടിലെ തലസ്ഥാന നഗരിയിലെ ഈ മേയര്‍പട്ടം കാട്ടിത്തരുന്നത്.
ഒരു വലിയ പരാജയം ബാക്കിയാക്കിയ പ്രതിസന്ധികളില്‍നിന്നും കരകയറാനെടുത്ത ഒരു ഒത്തുതീര്‍പ്പ് തീരുമാനത്തെ നവോത്ഥാനമായി ആഘോഷിക്കപ്പെടുന്നിടത്താണ് സി.പി.എമ്മിന്റെ വിജയം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിലും ഇതു കണ്ടതാണ്. സമീപ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നണി മാറ്റത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ നേരിയ വിജയം നാലര വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമായി മാറ്റാന്‍ സി.പി.എം നിയന്ത്രിത സോഷ്യല്‍ മീഡിയകള്‍ക്കായി. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അത് അവസാനിപ്പിക്കേണ്ടതാണെന്നുമുള്ള ജനവിധിയാണിതെന്ന് യു.ഡി.എഫിനെക്കൊണ്ടു പോലും വിശ്വസിപ്പിക്കാന്‍ ഇത്തരം സൈബര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞു.
ഇതിനു പിന്നാലെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ മേയര്‍ പദവി 21 വയസു മാത്രം പ്രായമുള്ള ആര്യാ രാജേന്ദ്രനു നല്‍കാന്‍ സി.പി.എം തീരുമാനിക്കുന്നത്. യുവത്വം രാഷ്ട്രീയത്തിലേക്ക് വരുന്നതും അധികാര സ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നതും സമൂഹത്തിനു ഗുണം ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചെറുപ്പത്തിലേ ലഭിക്കുന്ന അധികാര സ്ഥാനങ്ങള്‍ ഭാവിരാഷ്ട്രീയത്തില്‍ അവരുടെ വ്യക്തിത്വത്തിന് എന്തു തരത്തിലുള്ള മാറ്റത്തിന് ഇടയാക്കിയാലും അധികാരത്തിലിരിക്കുമ്പോഴുള്ള യുവത്വം ഉല്‍പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ ഗുണം തീര്‍ച്ചയായും സമൂഹമുന്നേറ്റത്തിന് ഉതകും. അതിനാല്‍ അധികാരം യുവത്വത്തിനു കൈമാറാന്‍ എല്ലാ പാര്‍ട്ടികളും തയാറാകേണ്ടതാണ് എന്ന കാര്യത്തിലും തര്‍ക്കമില്ല. എന്നാല്‍ ഇത്തരം നവോത്ഥാനങ്ങളെ പ്രഖ്യാപിതമാക്കാതെ അപ്രഖ്യാപിതമാക്കുമ്പോഴാണ് അത് അവസരവാദ രാഷ്ട്രീയത്തിന്റെ കണക്കില്‍ ഉള്‍പ്പെടുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പായി ഇടതുമുന്നണിയും പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. അതിലൊന്നും തദ്ദേശ സ്ഥാപനങ്ങളില്‍ പ്രായത്തിന്റെയും കഴിവിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷന്‍മാരെ നിശ്ചയിക്കുകയെന്നു സി.പി.എമ്മോ സി.പി.ഐയോ വ്യക്തമാക്കിയിരുന്നില്ല. മറിച്ച്, ഏറ്റവും മുകളിലുള്ള പാര്‍ട്ടി കമ്മിറ്റികളിലെ അംഗങ്ങളെയോ അല്ലാത്തിടങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ച വ്യക്തികളെയോ തന്നെയായിരുന്നു അധ്യക്ഷ സ്ഥാനങ്ങളിലേക്ക് കണ്ടുവച്ചിരുന്നത്. വനിതാ സംവരണമായ തിരുവനന്തപുരം കോര്‍പറേഷനില്‍ എ.ജി ഒലീനയായിരുന്നു സി.പി.എമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ഒന്നാമത്. സി.പി.എമ്മിന്റെ അധ്യാപക സംഘടനയുടെ സംസ്ഥാന അധ്യക്ഷ കൂടിയായിരുന്നു ഒലീന. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ എസ്. പുഷ്പലതയും മേയര്‍ സ്ഥാന പരിഗണനയില്‍ ഉണ്ടായിരുന്നു.
21 വയസുകാരിയും ബാലസംഘത്തിന്റെ സംസ്ഥാന അധ്യക്ഷയുമായ ആര്യാ രാജേന്ദ്രനും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ആര്യ ജയിച്ചാല്‍ നിങ്ങള്‍ക്ക് ഒരു മേയറെയാണ് കിട്ടാന്‍ പോകുന്നതെന്ന് മുടവന്‍മുകള്‍ വാര്‍ഡിലെ വോട്ടര്‍മാരോടു പോലും സി.പി.എം പറഞ്ഞിരുന്നില്ല. എന്നാല്‍ ഒലീനയും പുഷ്പലതയും തോറ്റു. പിന്നെ കൗണ്‍സിലര്‍മാരില്‍ മേയര്‍ പരിഗണനയില്‍ വന്നത് പേരൂര്‍ക്കട വാര്‍ഡില്‍നിന്ന് വിജയിച്ച ജമീല ശ്രീധരന്റെ പേരായിരുന്നു. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ ജോയിന്റ് ഡയരക്ടറും പി.എസ്.സി അംഗവുമായിരുന്നു ജമീല. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരിക്കെ മരിച്ച എന്‍. ശ്രീധരന്റെ മകളുമാണ്. പക്ഷേ, പ്രായം വിനയായി. മുന്‍ കൗണ്‍സിലറും സി.പി.എം നേതാവുമായ വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ ഗായത്രി ബാബു, തുടര്‍ച്ചയായ നാലാം തവണയും കൗണ്‍സിലറായ ഷാജിതാ നാസര്‍ എന്നിവരായിരുന്നു പിന്നെ പട്ടികയില്‍. എന്നാല്‍ ഇവരെയും വെട്ടി ആര്യാ രാജേന്ദ്രനെ മേയറാക്കാന്‍ സി.പി.എം തീരുമാനമെടുത്തത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ചരിത്രത്തിലേക്കിടം പിടിക്കാനല്ല. 'പത്മനാഭന്റെ മണ്ണി'ലെ മേയര്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ സാമുദായികവും രാഷ്ട്രീയവുമായ എല്ലാ പക്ഷവും ചര്‍ച്ച ചെയ്തിട്ടാണ് ഒടുവില്‍ 'ആര്യന്‍ കാലഘട്ട'ത്തിലേക്ക് തിരുവനന്തപുരം കോര്‍പറേഷനെ എത്തിക്കാന്‍ തീരുമാനമെടുത്തത്. എന്നാല്‍ മിനുട്‌സില്‍ തീരുമാനമെഴുതി ഒപ്പിടുന്നതിനു മുന്‍പു തന്നെ ഇതിനെ എങ്ങനെ ചരിത്രവും നവോത്ഥാനവുമാക്കാമെന്ന കാര്യം സൈബര്‍ സഖാക്കള്‍ക്കും പാര്‍ട്ടിക്കും കൃത്യമായ ധാരണയും ആസൂത്രണവുമുണ്ടായിരുന്നു.
ഇനി ചരിത്രം പരിശോധിച്ചാല്‍ ഒരു 21 വയസുകാരിയെ പഞ്ചായത്ത് പ്രസിഡന്റാക്കിയ ചരിത്രം ലീഗിനുണ്ട്. മലപ്പുറം ജില്ലയിലെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് 25 വര്‍ഷം മുന്‍പ് 21കാരിയായ ഖദീജ മൂത്തേടത്തിനെ തദ്ദേശ സ്ഥാപന അധ്യക്ഷയാക്കിയത്. ഇനിയും രാഷ്ട്രീയ ചരിത്രത്തില്‍ പ്രായക്കുറവിന്റെ നവോത്ഥാനം ഏറെ അവകാശപ്പെടാന്‍ കഴിയുക കോണ്‍ഗ്രസിനാണ്. 37 വയസുള്ള എ.കെ ആന്റണിയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കി. 30ലെത്താത്ത രമേശ് ചെന്നിത്തലയെ മന്ത്രിയാക്കി, 26ാം വയസില്‍ എം.എല്‍.എയാക്കി. 31 വയസു മാത്രം പ്രായമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന പി.കെ ജയലക്ഷ്മിയെ മന്ത്രിയാക്കി. സ്ത്രീമുന്നേറ്റമെന്ന് സി.പി.എം ആവര്‍ത്തിക്കുമ്പോഴും കോണ്‍ഗ്രസിന്റെ തലപ്പത്താണ് ഒരു വനിതാ അധ്യക്ഷയുള്ളത്, സോണിയാ ഗാന്ധി. കേരളത്തില്‍ കൊല്ലം ഡി.സി.സി പ്രസിഡന്റ് വനിതയായ ബിന്ദു കൃഷ്ണയാണ്. നിയമസഭയിലെ ശരാശരി വയസ് കണക്കാക്കിയാല്‍ യുവത്വം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കാകും. ഇക്കുറി തദ്ദേശത്തിലേക്ക് മത്സരിച്ചതിന്റെയും വിജയിച്ചതിലും കണക്ക് പരിശോധിച്ചാല്‍ കൂടുതല്‍ യുവത്വം മുസ്‌ലിം ലീഗിന്റെ അക്കൗണ്ടിലാണ്. പക്ഷേ, ഇതിനെയൊക്കെ പുരോഗമനവും നവോത്ഥാനവുമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ കഴിഞ്ഞില്ല.
ആര്യയ്ക്ക് മികച്ച സംഘാടന കഴിവും നേതൃപാടവവും ഉള്ളതിനാല്‍ തലസ്ഥാനത്തെ മേയറാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കേണ്ടതു തന്നെയാണ്. സ്മാര്‍ട്ടായി വളരുന്ന തലസ്ഥാനത്തെ നയിക്കാന്‍ ആര്യയ്ക്ക് കൂടുതല്‍ നന്നായി കഴിയും. എന്നാല്‍ ഇതു തോറ്റിടത്തു നിന്നുള്ള പരീക്ഷണമായി മാത്രം മാറുമ്പോഴാണ് വിമര്‍ശനം ഉയരുന്നത്. സി.പി.എമ്മില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമാണിത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ ഏറ്റവും പ്രായം കുറവുള്ള വി.കെ സുമേഷായിരുന്നു. മികച്ച നിലയില്‍ അഞ്ചു വര്‍ഷം ജില്ലാ പഞ്ചായത്തിനെ നയിക്കാന്‍ സുമേഷിനായി. എന്നാല്‍ സുമേഷിനെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടുള്ള വിപ്ലവ തീരുമാനമെടുക്കാന്‍ സി.പി.എം തയാറായത് അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന കാരായി രാജനു കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കാനുള്ള അനുമതി സി.ബി.ഐ കോടതി എത്ര മുട്ടിയിട്ടും അനുവദിക്കാത്തതു കൊണ്ടാണെന്ന് മറന്നുപോകരുത്.
ഇക്കുറി അഞ്ച് കോര്‍പറേഷനുകളിലും 11 ജില്ലാ പഞ്ചായത്തുകളിലും ഭരണം ഇടതുപക്ഷത്തിനാണ്. ഇവിടെയെല്ലാം പാര്‍ട്ടി സ്ഥാനങ്ങള്‍ക്കപ്പുറം കഴിവും വിദ്യാഭ്യാസ യോഗ്യതയും യുവത്വവും പരിഗണിച്ച് അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ തീരുമാനമെടുത്ത് സി.പി.എമ്മിനു വേണമെങ്കില്‍ പുതിയ ഒരു നവോത്ഥാനത്തിന് ഇനിയും ശ്രമിക്കാവുന്നതേയുള്ളൂ. അപ്രഖ്യാപിത നവോത്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിന് ഏറെ ഗുണം ചെയ്യുക അതാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."