ഇന്ന് തെരഞ്ഞെടുപ്പ് നീക്കുപോക്കുകള്‍ക്കിടയില്‍ അധ്യക്ഷ സ്ഥാനാര്‍ഥികളായി
തിരുവനന്തപുരം: ഇന്ന് അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പ് നടക്കവെ ഇന്നലെയും കോര്‍പറേഷനുകളിലേക്കുള്ള മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികള്‍ക്കും മുനിസിപ്പാലിറ്റി അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനാര്‍ഥികള്‍ക്കുമായുള്ള ചര്‍ച്ചകളും നീക്കുപോക്കുകളും സജീവമായിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ 21 വയസുകാരി ആര്യാ രാജേന്ദ്രനാണ് എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. നേരത്തേ മേയര്‍ സ്ഥാനാര്‍ഥികളായി ഇടതുമുന്നണി പരിഗണിച്ചിരുന്നവരൊക്കെ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആര്യാ രാജേന്ദ്രന് വഴിയൊരുങ്ങിയത്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറെന്ന ഖ്യാതിയും ആര്യക്ക് ലഭിക്കും. സി.പി.ഐയിലെ പി.കെ രാജുവാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ളത്. മേരീ പുഷ്പമാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി സുരേഷ് ആണ്. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനുള്ള എന്‍.ഡി.എയുടെ യോഗം ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍.ഡി.എഫ് (52), എന്‍.ഡി.എ (34), യു.ഡി.എഫ് (10), നാല് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷിനില. ഒരു സ്വതന്ത്രന്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നുണ്ട്.
കൊല്ലം കോര്‍പറേഷനില്‍ സി.പി.എം ജില്ലാ കമ്മിറ്റിയംഗം പ്രസന്ന ഏണസ്റ്റ് ആണ് ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ഥി. നേരത്തേ 2010 മുതല്‍ 14 വരെ ഇവര്‍ മേയര്‍ പദവി വഹിച്ചിരുന്നു. കോണ്‍ഗ്രസിലെ ശ്രീദേവിയമ്മയാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. ബി.ജെ.പിയും മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫ് (39), യു.ഡി.എഫ് (9), എന്‍.ഡി.എ (6), സ്വതന്ത്രന്‍ (1) എന്ന നിലയിലാണ് കക്ഷിനില.
കൊച്ചി കോര്‍പറേഷനില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. അനില്‍കുമാറാണ് എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. സി.പി.ഐയുടെ കെ.എ അന്‍സിയയാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇവിടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള സി.പി.എം സി.പി.ഐ തര്‍ക്കം കഴിഞ്ഞ ദിവസമാണ് പരിഹരിക്കപ്പെട്ടത്. ആകെ 74 അംഗങ്ങളുള്ള ഇവിടെ 36 പേരുടെ പിന്തുണയാണ് എല്‍.ഡി.എഫിന് ലഭിക്കുക. രണ്ട് യു.ഡി.എഫ് വിമതര്‍ എല്‍.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചതോടെയാണ് ഭരണം എല്‍.ഡി.എഫിലേക്കെത്തിയത്.
തൃശൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതനായ എം.കെ വര്‍ഗീസിനെ മേയറാക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. ആദ്യ രണ്ടു വര്‍ഷം കോണ്‍ഗ്രസ് വിമതന് മേയര്‍ സ്ഥാനം നല്‍കാനും പിന്നീടുള്ള മൂന്നു വര്‍ഷം സി.പി.എമ്മും സി.പി.ഐയും പങ്കിടാനുമാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് 24, യു.ഡി.എഫ് 23, എന്‍.ഡി.എ ആറ്, കോണ്‍ഗ്രസ് വിമതന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കോഴിക്കോട് കോര്‍പറേഷനില്‍ ഡോ.ബീനാ ഫിലിപ്പിനെയാണ് മേയര്‍ സ്ഥാനത്തേക്ക് ഇടതുമുന്നണി പരിഗണിച്ചത്. മുസാഫിര്‍ അഹമ്മദാകും ഡെപ്യൂട്ടി മേയര്‍. എല്‍.ഡി.എഫ് (49), യു.ഡി.എഫ് (14), എന്‍.ഡി.എ (7), സ്വതന്ത്രര്‍ (5) എന്ന നിലയിലാണ് കക്ഷിനില. മുസ്‌ലിം ലീഗിലെ കെ.മൊയ്തീന്‍ കോയയാണ് യു.ഡി.എഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി.
കണ്ണൂര്‍ കോര്‍പറേഷനില്‍ ടി.ഒ മോഹനനെയാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി. യു.ഡി.എഫിന് ഭരണം കിട്ടിയ ഓരേയൊരു കോര്‍പറേഷനായ കണ്ണൂരില്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് വോട്ടെടുപ്പ് നടത്തിയാണ് മേയര്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തത്. യു.ഡി.എഫ് (34), എല്‍.ഡി.എഫ് (19), എന്‍.ഡി.എ (1), സ്വതന്ത്രന്‍ (ഒന്ന്) എന്ന നിലയിലാണ് കക്ഷിനില. എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ എന്‍. സുകന്യയും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി സി.പി.ഐയിലെ എന്‍. ഉഷയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."