ശബരിമല: നിലപാട് മയപ്പെടുത്തി സി.പി.എം
മലപ്പുറം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി വിവാദമായതോടെ നിലപാടു മയപ്പെടുത്തി സി.പി.എം. കോടതിവിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുമെങ്കിലും ശബരിമലയില്‍ സ്ത്രീകളെ എത്തിക്കാന്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ദേശാഭിമാനിയിലെ പ്രതിവാര പംക്തിയായ 'നേര്‍വഴി'യില്‍ 'ശബരിമല: പുലരേണ്ടതു നീതി' എന്ന തലക്കെട്ടില്‍ ഇന്നലെ പ്രസിദ്ധീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തില്‍ പറയുന്നു.
കലക്കവെള്ളത്തില്‍ മീന്‍പിടിച്ചു രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്, ബി.ജെ.പി നേതൃത്വങ്ങള്‍ കൈകോര്‍ക്കുകയാണ്.
ശബരിമലയുടെ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികള്‍ തള്ളുമെന്ന് ഉറപ്പാണ്. അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാന്‍ ക്ഷേത്രങ്ങളില്‍ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എല്‍.ഡി.എഫ് ഭരണകാലത്തു പരക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശ്രീകോവിലില്‍ പൂജ ചെയ്യാന്‍ ദേവസ്വം ക്ഷേത്രങ്ങളില്‍പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തിന്റേയും തീരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ അനുമതി ലഭിച്ചു.
അങ്ങനെയാണ് വേദമന്ത്രങ്ങള്‍ അഭ്യസിച്ച ദളിതര്‍ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്. ഇത്തരം സാമൂഹ്യ വിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ് പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു ലഭിക്കുന്ന ശബരിമല പ്രവേശനം.
വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരം കൊള്ളിച്ച് സമരത്തിനിറക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. 12 വര്‍ഷം കേസ് നടന്നപ്പോള്‍ അതിലിടപെടാന്‍ എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കില്‍ പുനഃപരിശോധനാ ഹരജി നല്‍കാമല്ലോ. ഇങ്ങനെയുള്ള നിയമവഴികള്‍ തേടാതെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ ഒരുവിഭാഗം അയ്യപ്പ ഭക്തരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകര്‍ക്കാനുമുള്ള നീക്കം വിപല്‍കരമാണ്.
ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സി.പി.എം ഇടപെടില്ല.
അയ്യപ്പ ഭക്തരായ പുരുഷന്മാരുടെ ആരാധനാ സ്വാതന്ത്ര്യത്തിലും സി.പി.എം ഇടപെട്ടിട്ടില്ല. ഇഷ്ടമുള്ളവര്‍ക്ക് പോകാം. ഇഷ്ടമില്ലാത്തവര്‍ പോകേണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്.
പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയില്‍ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താന്‍കൂടി ഉപകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരള സമൂഹത്തിനുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും ഒരേപോലെ അത് മറന്നുപോകുന്നുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."