സാമ്പത്തിക സര്‍വേയ്‌ക്കെന്ന പേരിലെത്തിയ സ്വകാര്യ ഏജന്‍സിയെ നാട്ടുകാര്‍ തടഞ്ഞു
കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേയ്‌ക്കെന്നു പറഞ്ഞ് രേഖകളില്ലാതെ എത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരെ നാട്ടുകാര്‍ തിരിച്ചയച്ചു. താഴത്തങ്ങാടി അറുപുഴയിലാണ് സ്വകാര്യ ഏജന്‍സിയുടെ സാമ്പത്തിക സര്‍വേ നാട്ടുകാര്‍ തടഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് സര്‍വേ നടത്തുന്നതെന്നാണ് സ്വകാര്യ ഏജന്‍സി ജീവനക്കാര്‍ പറയുന്നത്. രണ്ടു ജീവനക്കാരാണ് ഇന്നലെ രാവിലെ അറുപുഴയിലെത്തിയത്. ഇവരുടെ പക്കല്‍ സാമ്പത്തിക സര്‍വേ നടത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചുമതലപ്പെടുത്തിയ രേഖകളുണ്ടായിരുന്നില്ല. നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ ഇവര്‍ കോട്ടയം വെസ്റ്റ് പൊലിസിനെ വിളിച്ചുവരുത്തി. പൊലിസെത്തിയെങ്കിലും വ്യക്തതയില്ലാതെ സാമ്പത്തിക സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ സാമ്പത്തിക സര്‍വേയെക്കുറിച്ചറിയാന്‍ നാട്ടുകാര്‍ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടു. ഇത്തരമൊരു സര്‍വേ സംബന്ധിച്ച് അറിയില്ലെന്നും അന്വേഷിക്കാമെന്നുമാണ് കലക്ടര്‍ മറുപടി നല്‍കിയത്. പ്രദേശത്തെ ജനപ്രതിനിധികളടക്കം ആര്‍ക്കും ഇത്തരമൊരു സര്‍വേ സംബന്ധിച്ചു വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. മുന്‍പും സാമ്പത്തിക സര്‍വേ നടത്താനെത്തിയവരെ അറുപുഴയില്‍ നിന്ന് നാട്ടുകാര്‍ തിരിച്ചയച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും സര്‍വേയുമായി സ്വകാര്യ ഏജന്‍സി ജീവനക്കാരെത്തിയത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ഇവര്‍ മടങ്ങി.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വ്യാജസര്‍വേ നടത്താനെത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിയില്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക അകറ്റിയേ സര്‍വേകള്‍ നടത്തൂ എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. ഇതു ലംഘിക്കുന്ന നടപടിയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."