ജനകീയ പിന്തുണയോടെ പള്ളിക്കലാര്‍ സംരക്ഷണ യജ്ഞത്തിന് തുടക്കം
ശാസ്താംകോട്ട: തണ്ണീര്‍ത്തടങ്ങളും കുടിനീരുറവകളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പള്ളിക്കലാര്‍ സംരക്ഷണയജ്ഞത്തിന് ജനകീയ പിന്തുണയോടെ തുടക്കമായി. പള്ളിക്കലാറ്റിലെ മാലിന്യം പൂര്‍ണമായും നീക്കം ചെയ്ത് സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. ഓച്ചിറ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പോരുവഴി, തഴവ, തൊടിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
സംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ജില്ലാ കലക്ടര്‍ ഡോ.റ്റി മിത്ര ശൂരനാട് വടക്ക് മേഖലയില്‍ പള്ളിക്കലാര്‍ സന്ദര്‍ശിച്ചിരുന്നു. ജില്ലാതല സംരക്ഷണത്തിനാണ് നിലവില്‍ തുടക്കം കുറിച്ചിരിക്കുന്നത്. നുറുകണക്കിന് വരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ചാണ് ആറ്റിലെ മാലിന്യം നീക്കം ചെയ്യുന്നത്.
ആനയടിയില്‍ നടന്ന സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം അഡ്വ.കെ.സോമപ്രസാദ് നിര്‍വഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.കെ.ഹരിലാല്‍ പദ്ധതി വിശദീകരിച്ചു. എം.ശിവശങ്കരപ്പിള്ള, എ.സുമ, എസ്.ശിവന്‍പിള്ള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പള്ളിക്കലാര്‍ സംരക്ഷണത്തിന്റെ പത്തനംതിട്ട ജില്ലാതലയജ്ഞം ഒന്നാംഘട്ടം പൂര്‍ത്തീയായി. ഏഴംകുളം, ഏറം, പള്ളിക്കല്‍, കടമ്പനാട് ഗ്രാമപഞ്ചായത്തുകളുടെയും അടൂര്‍ മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലായിരുന്നു സംരക്ഷണം. പത്തനംതിട്ട ജില്ലാതല സംരക്ഷണയജ്ഞത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്നലെ നെല്ലിമുകളില്‍ നടന്നു. പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെയാണ് പള്ളിക്കലാര്‍ കടന്നു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."