നദികളും നഗരങ്ങളും
ഡാന്യൂബും വിയന്നയും
ലോകത്തില്‍ ഏറ്റവും നീളമുള്ള രണ്ടാമത്തെ നദിയാണ് ഡാന്യൂബ്. മധ്യ-കിഴക്കന്‍ യൂറോപ്പിലായി ഒഴുകുന്ന നദിയായ ഡാന്യൂബ് ജര്‍മനിയില്‍ ഡോനൗ എന്ന പേരില്‍ ഉല്‍ഭവിക്കുന്നു. 2850 കിലോമീറ്ററോളം വിവിധ രാജ്യങ്ങളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്നു. ഡാന്യൂബ് നദിക്കരയില്‍ പ്രസിദ്ധമായ നിരവധി നഗരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വിയന്ന നഗരം അതിലൊന്നാണ്. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഓസ്ട്രിയന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരി എന്ന പേരില്‍ വിയന്ന അറിയപ്പെടുന്നത്. ലോകപ്രശസ്ത സംഗീതജ്ഞരായ ബീഥോവനും മൊസാര്‍ട്ടും ഈ നഗരത്തിലാണ് വളര്‍ന്നത്. ഐക്യരാഷ്ട്ര സഭയുടേയും ഒപെകിന്റേയും കാര്യാലയങ്ങള്‍ ഈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരമായ വിയന്നയെ ലോകത്തിലെ ഏറ്റവും നല്ല നഗരമായി പല സര്‍വേകളും പലതവണ തിരഞ്ഞെടുത്തിട്ടുണ്ട്.
ലണ്ടന്റെ തേംസ്
സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന വിശേഷണത്തിനര്‍ഹമായിരുന്ന ബ്രിട്ടന്റെ തലസ്ഥാന നഗരമാണ് ലണ്ടന്‍. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടന് രണ്ടായിരത്തിലേറെ വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്. റോമന്‍ സാമ്രാജ്യത്തിന്റെ കാലത്താണ് ലണ്ടന്റെ പിറവി. ലണ്ടനീയം എന്നായിരുന്നു ആകാലത്ത് പേര്. ലോകപ്രസിദ്ധമായ ലണ്ടന്‍ ടവറും ബക്കിങ് ഹാം കൊട്ടാരവും ഇവിടെയാണ്. ലണ്ടന്‍ നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന തെംസ് നദിയാണ് ഈ നഗരത്തിന്റെ ഉദയ,വികാസങ്ങള്‍ക്കു കാരണം. ഇംഗ്ലണ്ടിലെ കോട്‌സ് വോള്‍ഡ് കുന്നുകളില്‍ നിന്നാണ് തേംസ് നദിയുടെ ഉല്‍ഭവം. ഓക്‌സ്ഫഡ്, കിങ്ടണ്‍ എന്നീ നഗരങ്ങളും തേംസ് നദിക്കരയിലാണ്.
യമുനയും ഡല്‍ഹിയും
നമ്മുടെ തലസ്ഥാന നഗരിയായ ന്യൂഡല്‍ഹി യമുനാ നദിക്കരയിലാണ്. ഗംഗാനദിയുടെ പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്ററാണ് യമുനയുടെ നീളം. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഉത്തര്‍പ്രദേശിലെ നരേന്ദ്രനഗറിലെ യമുനോത്രിയാണ് ഉത്ഭവകേന്ദ്രം. ഏഴു നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്ന വിശേഷണവും ഡല്‍ഹിക്കുണ്ട്. സുല്‍ത്തനേറ്റ് രാജവംശങ്ങളും മുഗള്‍വംശവും ഡല്‍ഹിയുടെ ആധിപത്യം വര്‍ഷങ്ങളോളം ഏറ്റെടുക്കുകയുണ്ടായി. തുടര്‍ന്ന് ഭരണം പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ ഭരണതലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കു മാറ്റി. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനു ശേഷവും ഡല്‍ഹി തലസ്ഥാന പദവി നിലനിര്‍ത്തി.
മെല്‍ബണും യാറയും
1836ല്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഗവര്‍ണറായ റിച്ചാര്‍ഡ് ബ്രൂക്കും സംഘവുമാണ് മെല്‍ബണ്‍ എന്ന പേരു നല്‍കിയത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മെല്‍ബണ്‍ പ്രഭുവിന്റെ പേരാണ് നഗരത്തിനു നല്‍കിയത്. 1956ലെ വേനല്‍ക്കാല ഒളിംപിക്‌സും 2006 ലെ കോമണ്‍വെല്‍ത്ത് ഗെയിംസും മെല്‍ബണിലാണ് നടന്നത്. മെല്‍ബണിന്റെ തീരത്തുള്ള യാറ നദിയാണ് മെല്‍ബണ്‍ നഗരത്തിന്റെ മുഖ്യ ജലസ്രോതസ്.
പാരീസിന്റെ സീന്‍
ലോക പ്രസിദ്ധമായ ഈഫല്‍ ഗോപുരം നിലകൊള്ളുന്ന പാരീസ് നഗരം കലയുടെ നഗരം എന്ന ഖ്യാതി കൂടി പിന്‍പറ്റുന്നുണ്ട്. പാരീസ് നഗരത്തിലൂടെ പുളഞ്ഞൊഴുകുന്ന സീന്‍ നദിക്ക് പാരീസിന്റെ നിര്‍മിതിക്കു പിന്നില്‍ ശക്തമായ പങ്കാളിത്തമുണ്ട്. പൗരാണിക കാലത്തെ പാരീസി എന്ന കെല്‍റ്റിക് വര്‍ഗത്തിന്റെ പേരില്‍ നിന്നാണ് പാരീസ് എന്ന പേരിന്റെ ഉല്‍ഭവം. ലൂട്ടേഷ്യ എന്ന പേരിലും പാരീസ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നു.
പോ നദീതീരം
പോ എന്ന പേരിലുള്ള നദി ഇറ്റലിയിലാണ്. പോ നദിയിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ടൂറിന്‍ എന്ന ലോക പ്രസിദ്ധ നഗരം പോ നദിയുടെ തീരത്താണ്. ഇറ്റലിയുടെ പ്രഥമ തലസ്ഥാന നഗരം ടൂറിന്‍ ആണ്. ഇറ്റാലിയന്‍ മോട്ടോര്‍ വാഹന നിര്‍മാണ കേന്ദ്രമായ ടൂറിന്റെ പേരില്‍ ഒരു സര്‍വകലാശാലയുമുണ്ട്. ടൂറിനിലെ ചാപല്‍ ഓഫ് ദ് ഹോളിഷ്‌റഡ് ലോക പ്രസിദ്ധമാണ്. ക്രിസ്തുവിന്റേതെന്ന് വിശ്വസിക്കപ്പെടുന്ന വസ്ത്രം ഇവിടെ സൂക്ഷിക്കുന്നു. ഓഷ് വിറ്റസ് തടങ്കല്‍പ്പാളയിലെ അന്തേവാസിയും എഴുത്തുകാരനുമായ പ്രിമോ ലെവിയും ഇറ്റാലോ കാല്‍വിനോയും ഈ നഗരത്തിന്റെ സമ്മാനങ്ങളാണ്.
ബാഗ്ദാദും ടൈഗ്രിസും
പ്രാചീന ബാബിലോണിയയുടെ ഭാഗമായിരുന്ന ഈ നഗരം എണ്ണമറ്റ യുദ്ധങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒരു കാലത്ത് അറബ് സാമ്രാജ്യത്തിന്റെ ശക്തി കേന്ദ്രമായിരുന്നു ബാഗ്ദാദ്. 1258ല്‍ മംഗോളിയന്മാരുടെ ആക്രമണത്തില്‍ ബാഗ്ദാദ് നാമാവശേഷമായി.
പേര്‍ഷ്യന്‍, ഓട്ടോമന്‍, ബ്രിട്ടന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബാഗ്ദാദ് 1932ല്‍ ഇറാഖിന്റെ തലസ്ഥാന നഗരിയുമായി.
തൊണ്ണൂറുകളില്‍ ഇറാഖിന്റെ കുവൈത്ത് ആക്രമണത്തോടുകൂടി ബാഗ്ദാദിന്റെ ചരിത്രം വീണ്ടും ചുവന്നുതുടങ്ങി. രണ്ടുതവണ സഖ്യസേനയുടെ ബോംബാക്രമണത്തില്‍ ബാഗ്ദാദ് തകര്‍ന്നു. അറേബ്യന്‍ രാത്രികളുടെ നഗരമായ ബാഗ്ദാദ് ടൈഗ്രിസ് നദിയുടെ ഇരുകരകളിലായാണ് സ്ഥിതി ചെയ്യുന്നത്. തുര്‍ക്കി, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന 1900 കിലോമീറ്റര്‍ നീളമുള്ള ടൈഗ്രിസ് നദി ഇറാഖില്‍വച്ച് യൂഫ്രട്ടീസ് നദിയുമായി കൂടിച്ചേരുന്നുണ്ട്. യുഫ്രട്ടീസ് നദിക്ക് സമാന്തരമായാണ് ടൈഗ്രിസ് നദി ഒഴുകുന്നത്. ഷാത്ത്അല്‍ അറബ് എന്ന പേരിലാണ് പിന്നീട് നദി അറിയപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ നാഗരികത ഉദയം ചെയ്തത് ഈ നദീ തീരത്താണ്.
നൈലും അസ്വാനും
ലോകപ്രസിദ്ധമായ നദിയാണ് നൈല്‍. നൈലിനെ വൈറ്റ് നൈല്‍, ബ്ലൂ നൈല്‍ എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രകാരം ലോകത്തിലെ ഏറ്റവും നീളമുള്ള നദി നൈലാണ്. നൈല്‍ നദിയുടെ കിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന നഗരമാണ് അസ്വാന്‍. അസ്വാന്‍ അണക്കെട്ട് നൈല്‍ നദിയിലെ പ്രധാന അണക്കെട്ടായി നിലകൊള്ളുന്നു. പൗരാണിക ഈജിപ്ത്യന്‍ സ്മാരകങ്ങളുടെ നിര്‍മിതിക്കായി അസ്വാനിലെ ഗ്രാനൈറ്റുകള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു.
പിസയും
ആര്‍നോ നദിയും
ചെരിഞ്ഞ ഗോപുരത്തിന് പ്രസിദ്ധമായ നഗരമാണ് പിസ. 1173 ലാണ് ഈ ഗോപുര നിര്‍മാണം ആരംഭിച്ചത്. നിര്‍മാണത്തിനുപയോഗിച്ച കളിമണ്ണിന്റേയും മണലിന്റേയും അളവിലുണ്ടായ ഏറ്റക്കുറച്ചിലാണ് ഗോപുരം ചെരിയാനുള്ള കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. 57 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം നേരെയാക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നുണ്ട്. ഇതേതുടര്‍ന്ന് 1990 മുതല്‍ പതിനൊന്ന് വര്‍ഷത്തേക്ക് സന്ദര്‍ശകര്‍ക്കു വിലക്കേര്‍പ്പെടുത്തി. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഏതാണ്ട് നാല് സെന്റീമീറ്ററോളം ഗോപുരത്തിന്റെ ചെരിവ് കുറയ്ക്കാനായി. ചെരിഞ്ഞ ഗോപുരം നിലനില്‍ക്കുന്ന ഈ നഗരത്തിലാണ് ലോകപ്രശസ്ത ശാസ്ത്രജ്ഞനായ ഗലീലിയോ ജനിച്ചത്. ഇറ്റലിയുടെ വടക്കു പടിഞ്ഞാറന്‍ മലനിരകളായ അപെനിന്‍നിന്നു ഉല്‍ഭവിക്കുന്ന ആര്‍നോ നദിക്കരയിലാണ് പിസ നഗരം സ്ഥിതി ചെയ്യുന്നത്. പിസ എന്ന പേരിലുള്ള ഭക്ഷ്യവിഭവവും ലോക പ്രസിദ്ധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."