റമദാന്റെ ആത്മാവ്
കൊടും വേനലില്‍ വരണ്ടുണങ്ങിയ ഭൂമിയില്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന മഴയെ റമദ് എന്നാണ് അറബികള്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ അന്വര്‍ഥമാക്കുന്ന പദമാണ് റമദാന്‍. ജീവിതലക്ഷ്യം എന്താണെന്ന് ആലോചിക്കാതെ ആത്മാവില്ലാത്ത ആസ്വാദനങ്ങളാണ് തന്റെ കര്‍മ്മസരണി എന്ന തെറ്റിദ്ധാരണയില്‍ ഉഴലുന്ന മനുഷ്യനു ലഭിക്കുന്ന ആശ്വാസത്തിന്റെ മേഘവര്‍ഷമാണ് റമദാന്‍ കാലം. അതു വരണ്ടുണങ്ങിയ ഹൃദയങ്ങളെ ജീവസ്സുറ്റതാക്കുന്നു. പുതിയ കരുത്തും ആവേശവും അവനിലേക്കു സന്നിവേശിപ്പിക്കുന്നതോടൊപ്പം പാപത്തില്‍ നിന്നും അവനെ കഴുകി ശുദ്ധിയാക്കുകയും ചെയ്യുന്നു.
കഴിഞ്ഞ 11 മാസത്തെ നമ്മുടെ ജീവിതക്രമത്തിന് ഒരു അര്‍ധവിരാമം നല്‍കിക്കൊണ്ട് പുതിയൊരു പരിശീലന പ്രക്രിയയിലേക്കു മനസ്സിനെയും ശരീരത്തെയും അടുപ്പിക്കുകയാണ് റമദാന്‍. അലസതയും നിസ്സംഗതയും മാറ്റിവച്ചുകൊണ്ട് ഹജ്ജിന് ഇഹ്‌റാം കെട്ടുന്നപോലെ ഒരു തയാറെടുപ്പ്.
വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും വ്രതാനുഷ്ഠാനം ചെയ്യുന്നവന് മുന്‍ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ് എന്ന നബിവചനം ഏറെ പ്രശസ്തമാണ്. നോമ്പിന്റെ സുപ്രധാന ലക്ഷ്യമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നത് തഖ്‌വയാണ്. അഥവാ തഖ്‌വയുടെ പരിശീലനക്കളരിയാണ് റമദാന്‍. തഖ്‌വ എന്നത് സൂക്ഷ്മത എന്ന കേവല പദംകൊണ്ട് വിശദീകരിക്കാവുന്ന ഒരു സംജ്ഞയല്ല. അതു സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍വ്വചനമാണ്. ഇസ്‌ലാമിക ജീവിതശൈലിയുടെ ചുരുക്കെഴുത്താണ് തഖ്‌വ എന്ന പദം. അത് ആരാധനകളുടെ ജീവല്‍പ്രവാഹമാണ്. ജീവിതവിശുദ്ധിയും സൂക്ഷ്മതയും എന്തെന്നു മനുഷ്യനെ അഭ്യസിപ്പിക്കുന്നതിനുള്ള പാഠ്യപദ്ധതിയാണ് വിശുദ്ധറമദാന്‍.
തഖ്‌വയുടെ സിലബസാണ് റമദാന്‍ നമുക്ക് മുന്നില്‍ തുറന്നിടുന്നത്.
അവിടെ ആരാധനാക്രമങ്ങളുടെ പരസ്യപ്രകടനത്തിന് യാതൊരു സ്ഥാനവുമില്ല. നമസ്‌കാരവും ഹജ്ജും സക്കാത്തുമെല്ലാം സമൂഹത്തിനു മുന്നില്‍ നാം പ്രകടമായി ചെയ്യുമ്പോള്‍ നോമ്പ് സ്വീകാര്യമായ ഒരു അനുഷ്ഠാനമാണ്. നോമ്പുകാരന്‍ യഥാര്‍ഥത്തില്‍ അത് അനുഷ്ഠിക്കുന്നുണ്ടോയെന്നത് അല്ലാഹുവും ആ വ്യക്തിയും മാത്രം അറിയുന്ന കാര്യമാണ്. അവിടെയാണ് ബാഹ്യ ഇടപെടലുകളില്ലാത്ത അഥവാ കലര്‍പ്പില്ലാത്ത തഖ്‌വയുടെ പാഠം വിശ്വാസി അഭ്യസിക്കുന്നത്. അതുകൊണ്ടാകാം അല്ലാഹു പറഞ്ഞ് ' മനുഷ്യന്റെ കര്‍മ്മങ്ങളെല്ലാം അവന്, സ്വന്തം നോമ്പൊഴികെ, അത് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ് 'ഇത് ഒരു ഖുദ്‌സീയായ ഹദീസാണ്. ഉപവാസത്തിന്റെ ഭൗതിക നേട്ടങ്ങള്‍ ആരോഗ്യശാസ്ത്രത്തിന്‍െ ്രഎല്ലാ ശാഖകളും അംഗീകരിച്ച കാര്യമാണ്. അലോപ്പതിയും ആയുര്‍വേദവും യൂനാനിയും പ്രകൃതി ചികിത്സകരുമെല്ലാം ഇത് ഒരു ചികിത്സാ രീതിയായിത്തന്നെ സ്വീകരിച്ചിരിക്കുന്നു.
പ്രമേഹവും ദുര്‍മേദസുമെല്ലാം നിയന്ത്രണവിധേയമായിരിക്കാന്‍ ഭക്ഷണനിയന്ത്രണമാണ് ഒരു ഉപാധിയായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് ഏറെ പ്രചാരം നേടിയിട്ടുള്ള യോഗയും ശരീരത്തെയും മനസ്സിനെയും മെരുക്കുന്നതിന് ഉപവാസം ഒരു മാര്‍ഗമായി കാണുന്നു. പക്ഷേ, വിശ്വാസികള്‍ നോമ്പനുഷ്ഠിക്കുന്നത് ഇത്തരത്തിലുള്ള ഭൗതികലക്ഷ്യം മുന്നില്‍ കണ്ടാകരുത്. അങ്ങനെയായാല്‍ നോമ്പിന്റെ പ്രതിഫലം അല്ലാഹുവില്‍ നിന്ന് പ്രതീക്ഷിക്കാനുള്ള അര്‍ഹത നഷ്ടമാകും. എല്ലാ അനുഷ്ഠാനങ്ങളും സഫലമാകുന്നത് അതിന്റ നിയ്യത്തു കൊണ്ടാണ് എന്ന നബിവചനമാണ് ആരാധനകളുടെ ഫലസിദ്ധി നിര്‍ണ്ണയിക്കുന്നത്. അതിനാല്‍ ദൈവേച്ഛയെ മാത്രം മുന്നില്‍ക്കണ്ടുള്ള ആരാധനകള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ.
ഇസ്‌ലാമിലെ അനുഷ്ഠാനമായ നമസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങി എല്ലാ ആരാധനകള്‍ക്കും ഭൗതികമായ ഒരു തലമുണ്ട്. അത് മനുഷ്യന്റെ വ്യക്തിപരമായ ഉന്നതിയെ സാധ്യമാക്കുന്നതാണ് എന്നപോലെ തന്നെ ഒരു മാതൃസമൂഹ സൃഷ്ടി സാധ്യമാകുന്ന തരത്തില്‍ വിഭാവനം ചെയ്യപ്പെട്ടതാണ്. പക്ഷേ അതിന്റെ ആത്യന്തികലക്ഷ്യം ദൈവപ്രീതിയും പരലോക വിജയവുമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേ നമ്മുടെ വിശ്വാസം ദൃഢതയുള്ളതാകുകയുള്ളൂ.
(ലേഖകന്‍ കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍
സംസ്ഥാന പ്രസിഡന്റാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."