വഖഫ് ഭൂമി കൈയേറി ബസ് കാത്തിരിപ്പ് കേന്ദ്രം പണിതതായി പരാതി
കാഞ്ഞങ്ങാട്: വഖഫ് ഭൂമി കൈയേറി സി.പി.എം പ്രവര്‍ത്തകര്‍ ബസ് കാത്തിരുപ്പു കേന്ദ്രം പണിതതായി പരാതി. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കാന്തപുരം വിഭാഗം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലം പൊതുസ്ഥലമാണെന്ന് അവകാശപ്പെട്ടു സി.പി.എം പ്രവര്‍ത്തകര്‍ ബസ് കാത്തിരുപ്പു കേന്ദ്രം പണിതതായി കാണിച്ചു ഭാരവാഹികള്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്കു പരാതി നല്കി. വഖഫ് ഭൂമിയില്‍പ്പെട്ട പതിനേഴര സെന്റ് സ്ഥലത്തു നിന്നു പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം കഴിച്ചുബാക്കി വന്ന ഭൂമിയില്‍നിന്നു കെ.എസ്.ടി.പി പാത നവീകരണത്തിനായി അല്പം സ്ഥലം വിട്ടുകൊടുത്തിരുന്നു.
ഇതുകഴിച്ചു ബാക്കിയുള്ള സ്ഥലം ഇന്റര്‍ലോക്ക് പാകി വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതുപള്ളിയുടെ സ്ഥലത്തില്‍ ഉള്‍പ്പെടില്ലെന്നും പൊതുസ്ഥലമാണെന്നും പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതെന്ന് ഭാരവാഹികളായ ആലിക്കുട്ടി ഹാജി,അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ വ്യക്തമാക്കി. പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം അടുത്തിരിക്കെ ബസ് സ്റ്റാന്‍ഡിനു നേരെ മുന്‍വശമുള്ള ഈ സ്ഥലം വൃത്തിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്റര്‍ലോക്ക് പാകാന്‍ തീരുമാനിച്ചതെന്നും പള്ളി കമ്മിറ്റി പറയുന്നു. പ്രശ്നത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനും ഹൊസ്ദുര്‍ഗ് പൊലിസ് ഉദ്യോഗസ്ഥരും സി. പി.എം നേതാക്കളും കലക്ടറും ആര്.ഡി.ഒയും ഉള്‍പ്പെടെ ഇടപെട്ട് പള്ളി കമ്മിറ്റിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ സ്ഥലം വിട്ടുതരുന്നില്ലെന്നാണ് കാന്തപുരം വിഭാഗം സുന്നിയുടെ നേതാക്കള്‍ പറയുന്നത്.
പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം
കാഞ്ഞങ്ങാട്: അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനു മുന്‍വശമുള്ള ആരാധനാലയത്തിന്റെ സ്ഥലം പൊതുസ്ഥലമാണെന്ന് പറഞ്ഞു ചിലര്‍ തര്‍ക്ക വിഷയമാക്കുന്നതില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. രാജ്മോഹന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഇപ്പോള്‍ ചിലര്‍ സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പണിയാന്‍ പാര്‍ട്ടി ആരെയും ഏല്പിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ചില ആളുകളും പള്ളി ഭാരവാഹികളും തമ്മിലുള്ള ഈ പ്രശ്നം രമ്യമായി തീര്‍ക്കാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."