മഹാശ്വേതാദേവി: ഭൂമിയുടെ മകള്‍
മഹാശ്വേതാദേവിയുടെ വിയോഗത്തിലൂടെ ചരിത്രത്തിന്റെ ഒരു ജാലകം അടയ്ക്കപ്പെടുകയാണ്. നൂറ്റാണ്ടുകള്‍ക്കിടയിലെപ്പോഴോ തുറക്കപ്പെടുന്ന ഈ ജാലകത്തിലൂടെ മനുഷ്യനെ നോക്കാന്‍ അപൂര്‍വമായേ എഴുത്തുകാര്‍ക്കും ബുദ്ധീജിവികള്‍ക്കും കഴിയാറുള്ളു. ബംഗ്ലാസമുദ്രംപോലെ വിശാലവും ആഴമേറിയതുമായ വംഗസാഹിത്യഭൂമികയില്‍ ടാഗോറിനെപ്പോലെ ചിലര്‍ക്കു മാത്രമേ അതിനു കഴിഞ്ഞിട്ടുള്ളു.
എഴുത്ത് അഥവാ സാഹിത്യത്തെ മനുഷ്യനില്‍നിന്നു മാറ്റിനിര്‍ത്തുക അസാധ്യമാണെന്നും അവന്റെ വിഹ്വലതകളും ദുരന്തങ്ങളും ആഹ്ലാദങ്ങളും വിലാപങ്ങളും മാറ്റിനിര്‍ത്തിയാല്‍ പിന്നെ സാഹിത്യമെന്നൊന്നില്ലെന്നും അവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍, ഇങ്ങനെ വിശ്വസിക്കുന്ന മറ്റനേകം സാഹിത്യകാരന്മാരില്‍നിന്ന് അവരെ മാറ്റി നിര്‍ത്തിയതെന്തായിരുന്നു.
കിഴക്കന്‍ ബംഗാളില്‍നിന്ന് അഭയാര്‍ഥിയായി കൊല്‍ക്കത്തയിലെത്തിയ അനേകായിരം സ്ത്രീകളെപ്പോലെ സ്വന്തംജീവിതത്ത വിധിയാംവണ്ണം വിടുവാന്‍ അവര്‍ തയാറായില്ല. എഴുത്തു മുന്‍പിലും വിധി പിന്നിലും നടക്കണമെന്ന് അവര്‍ ശഠിച്ചപ്പോള്‍ അതു സംഭവിക്കുകതന്നെ ചെയ്തു.
വിഭജനത്തിന്റെ ദുരന്തപര്‍വങ്ങളിലൂടെയാണു മഹാശ്വേതാദേവിയെന്ന എഴുത്തുകാരി രൂപപ്പെട്ടത്. പിന്നീട് ശാന്തിനികേതനിലെ പഠനവും അതുകഴിഞ്ഞ് അവിടെത്തന്നെയുള്ള അധ്യാപനവും അവരെ എഴുത്തിന്റെ മേഖലകളില്‍ വര്‍ധിതവീര്യത്തോടെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു. ഒരുപക്ഷേ, ടാഗോറിനുശേഷം ബംഗാളിഭാഷയിലേയ്ക്കു നോബല്‍ സമ്മാനമെത്തിക്കാന്‍ കഴിവുള്ള എഴുത്തുകാരിയായിരുന്നു മഹാശ്വേതാ ദേവി. നോബല്‍ സമ്മാനത്തിന് അതിനുള്ള ഭാഗ്യമുണ്ടായിരുന്നില്ലന്നാണു ഞാന്‍ കരുതുന്നത്.
ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ട എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ ഭാഗമായിനിന്നു പൊരുതുമ്പോള്‍ മാത്രമേ താനൊരു എഴുത്തുകാരിയായി മാറുകയുള്ളുവെന്ന് അവര്‍ വിശ്വസിച്ചു. പൊതുപ്രവര്‍ത്തകന്റേതുപോലെത്തന്നെ എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ ജീവിതവും അവസാനിക്കാത്ത പോരാട്ടണമാണെന്ന് അവര്‍ കരുതി. ബംഗാളിലെ മനുഷ്യര്‍ നേരിടുന്ന ഏതുപ്രശ്‌നവും പരിഹരിക്കാന്‍ അവര്‍ ആശ്രയിച്ചിരുന്നതും ദീദിയെന്നു വിളിച്ചിരുന്ന മനുഷ്യത്വത്തിന്റെ ഈ മഹാസാഗരത്തെയായിരുന്നു.
അവരുടെ മുറിയിലുണ്ടായിരുന്ന ലാന്‍ഡ് ഫോണില്‍ നിന്നൊരു വിളി മതിയായിരുന്നു വില്ലേജ് ഓഫീസര്‍ തൊട്ട് റൈറ്റേഴ്‌സ് ബില്‍ഡിംഗിലെ മഹാമേരുക്കളെവരെ ഇളക്കാന്‍. ബംഗാളിന്റെ മുക്കിലും മൂലയിലുമുള്ള ഏതു ഗ്രാമീണനും ആദിവാസിക്കും ഏതുസമയത്തും അവരെ വിളിക്കാം, പ്രശ്‌നങ്ങള്‍ പറയാം, മറുപടി ഉടനടി ലഭിക്കും: ''വിഷമിക്കേണ്ട ഭായ്, ഞാന്‍ നോക്കാം.'' അടുത്ത വിളിചെല്ലുന്നത് കളക്ടര്‍ക്കോ മുഖ്യമന്ത്രിക്കോ ആയിരിക്കും. അതോടെ ആ ഗ്രാമീണന്റെ, അദിവാസിയുടെ പ്രശ്‌നത്തിനു പരിഹാരമാകുന്നു.
എഴുത്തുകാരന്‍ ആക്ടിവിസ്റ്റാകണോ വേണ്ടയോ എന്നതിനെക്കുറിച്ചു വലിയതര്‍ക്കങ്ങള്‍ നടക്കുന്ന സാമൂഹ്യമണ്ഡലത്തില്‍ എഴുത്തുകാരനും ആക്റ്റിവിസ്റ്റും രാഷ്ട്രീയക്കാരനും സാധാരണക്കാരനുമൊക്കെ നിര്‍വഹിക്കാനുള്ള കര്‍ത്തവ്യങ്ങള്‍ക്കിടയില്‍ മതിലുകളില്ലെന്നാണു ദീദി വിശ്വസിച്ചിരുന്നത്. എന്തുപേരില്‍ വിളിച്ചാലും ഒരു മനുഷ്യനു നിങ്ങള്‍ മൂലം ആശ്വാസം ലഭിക്കുന്നുണ്ടെങ്കില്‍ അയാളുടെ ജീവിതത്തില്‍ നിങ്ങള്‍ മൂലം എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടെങ്കില്‍ അവിടെയാണു മാനവികത നിറഞ്ഞുനില്‍ക്കുന്നതെന്ന് അവര്‍ വിശ്വസിച്ചു.
സിംഗൂരിലും നന്ദിഗ്രാമിലും വടകരയിലെ ടി.പി ചന്ദ്രശേഖരന്റെവീട്ടിലും അവരെയെത്തിച്ചത് ആ മാനിവികതയിലുള്ള അടങ്ങാത്ത വിശ്വാസമായിരുന്നു. മുപ്പതുവര്‍ഷം നീണ്ട ബംഗാളിലെ ഇടതുഭരണം അവസാനിപ്പിക്കാന്‍ മമതാബാനര്‍ജിക്കു കഴിഞ്ഞതു ദീദിയുടെ നിര്‍ലോഭമായ പിന്തുണകൊണ്ടായിരുന്നു. എഴുത്തുകാരന്, എഴുത്തുകാരിക്ക് ഒരു വലിയസമൂഹത്തിനുമേല്‍ ഇത്രകണ്ടു സ്വാധീനം (രാഷ്ട്രീയമായുള്ള സ്വാധീനം) ചെലുത്താന്‍ കഴിയുമെന്ന് ഇന്ത്യ മനസിലാക്കിയതുപോലും മഹാശ്വേതാദേവിയിലൂടെയായിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലും വെടിയേറ്റുവീണവരുടെ രക്തം മഹാപ്രവാഹമായി ഇടതുഭരണത്തെ കടപുഴക്കിയെറിഞ്ഞപ്പോള്‍ പ്രവാഹത്തിന്റെ ചാലകശക്തിയായി മാറിയതു ദീദിയായിരുന്നു.
ദീദിയുടെ അമ്മയുടെ പേരു ധരിത്രിയെന്നായിരുന്നു. ധരിത്രിയെന്നാല്‍ ഭൂമി, അതേ, ഭൂമീദേവിയുടെ മകളാണു മഹാശ്വേതാദേവി. എന്നാല്‍, നിസഹായതയോടെ ആഴങ്ങളിലേയ്ക്കു മറഞ്ഞ രാമയണത്തിലെ ഭൂമി പുത്രിയയിരുന്നില്ല അവര്‍. മനുഷ്യത്വത്തിന്റെ എല്ലാ ചൈതന്യവും ഉള്‍ക്കൊണ്ടു പിന്‍വാങ്ങുംവരെ നിരാലംബര്‍ക്കുവേണ്ടി പൊരുതിനിന്നു.
എനിക്കു പറയാന്‍ ഇത്രമാതം,
അമ്മേ... പ്രണാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."