ഫിഫ റാങ്കിങ്: ഇന്ത്യ പിന്നോട്ട്, ബ്രസീല്‍ മുന്നോട്ട്
സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വീണ്ടും അടിതെറ്റി. 101-ാം സ്ഥാനത്തുനിന്ന് 103 -ാം സ്ഥാനത്തേക്കാണ് ഇന്ത്യ പതിച്ചത്. അടുത്തിടെയായി ജയം കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
കഴിഞ്ഞ മാസം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. അര്‍ജന്റീന ഒരു സ്ഥാനം മെച്ചപ്പെടുത്തി പത്താം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച സമാപിച്ച ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലെ തോല്‍വികളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കൂടാതെ മൂന്ന് മത്സരങ്ങളില്‍ നിന്നായി പത്ത് ഗോളുകളായിരുന്നു ഇന്ത്യ വഴങ്ങിയത്.
ഫെബ്രുവരിയില്‍ ഉണ്ടായിരുന്ന 97-ാം സ്ഥാനം മോശം പ്രകടനത്തെ തുടര്‍ന്ന് 101-ാം സ്ഥാനമാകുകയായിരുന്നു. പ്രകടനം വീണ്ടും മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യ വീണ്ടും പിറകോട്ട് പോയത്. പുതിയ പരിശീലകന്‍ സ്റ്റിമാച്ചിന് കീഴില്‍ ലോകകപ്പ് യോഗ്യതക്ക് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കുകയല്ലാതെ മറ്റുവഴികളില്ല. ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉള്ളത്. ഈ രാജ്യങ്ങള്‍ക്കിടയില്‍നിന്ന് മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് യോഗ്യതയെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു.
സെപ്റ്റംബര്‍ അഞ്ചിന് ഒമാനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് യോഗ്യതാ മത്സരം. സ്റ്റിമാച്ചിന് കീഴില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് ഇന്ത്യ. റാങ്കിങ്ങില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു.
ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തും ഉറുഗ്വെ അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. ക്രിസ്റ്റ്യാനോക്ക് കീഴില്‍ മികച്ച പ്രകടനം നടത്തിയ പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്താണുള്ളത്. ക്രൊയേഷ്യ, കൊളംബിയ, സ്‌പെയിന്‍ എന്നിവര്‍ യഥാക്രമം ഏഴ് മുതല്‍ ഒന്‍പത് വരെ സ്ഥാനത്തും നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."