'നിങ്ങളെല്ലാരും കൂടിയാണ് കൊന്നത്' നെഞ്ചില്‍ തറയ്ക്കുന്ന ചോദ്യവുമായി ഈ മക്കള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ''നിങ്ങളെല്ലാവരും കൂടിയാണ് ഞങ്ങളുടെ അച്ഛനെ കാന്നത്. അടക്കാനും നിങ്ങള്‍ സമ്മതിക്കില്ല''- ആദ്യം മരിച്ച പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാന്‍ പൊലിസ് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മണ്‍വെട്ടിയുമായി ഒറ്റയ്ക്കു കുഴിയെടുത്ത മകനെ തടഞ്ഞ പൊലിസിനു നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന പതിനേഴുകാരന്റെ ചിത്രം മലയാളിയുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
മൂന്നു സെന്റ് പുറമ്പോക്ക് ഭൂമിയില്‍ ഒറ്റമുറി വീടുകെട്ടി താമസിച്ച ആ കുടുംബത്തിന് താങ്ങാവേണ്ട പൊലിസ് നിയമം നടപ്പിലാക്കാനിറങ്ങിയപ്പോള്‍ അനാഥമാക്കിയത് രണ്ടു കൗമാരക്കാരെയാണ്. അച്ഛന് അന്ത്യവിശ്രമമത്തിനു കുഴിയെടുക്കുന്നതിനിടയിലാണ് അമ്മയും വിട്ടുപിരിഞ്ഞു എന്ന വാര്‍ത്തയെത്തുന്നത്. എന്നിട്ടും തളര്‍ന്നില്ല ആ കൊച്ചു കൈകളും മനസും. അച്ഛനു വേണ്ടി കുഴിയെടുത്തു മകന്‍ രജ്ഞിത്. മറ്റാരെയും കുഴിയെടുക്കാന്‍ പൊലിസ് സമ്മതിച്ചില്ലെന്ന് വേദനയ്ക്കിടയിലും രാജന്റെ മൂത്ത മകന്‍ രാഹുല്‍ പറഞ്ഞു.രാജനും ഭാര്യയും മക്കളായ രജ്ഞിത്തും രാഹുലും മൂന്നു സെന്റിലെ ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. ഒരുവര്‍ഷം മുന്‍പ് അയല്‍വാസി വസന്ത തന്റെ മൂന്നു സെന്റ് പുരയിടം രാജന്‍ കൈയേറിയതായി കാണിച്ച് നെയ്യാറ്റിന്‍കര മുനിസിഫ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. രണ്ടു മാസം മുന്‍പ് ഒഴിപ്പിക്കാന്‍ അധികൃതരെത്തിയെങ്കിലും പുരയിടത്തില്‍ വീടു നിര്‍മിച്ചതിനാല്‍ രാജന്‍ ഒഴിയാന്‍ വിസമ്മതിച്ചു. പിന്നീട് കോടതി ഒരു അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസിന്റെ സഹായത്തോടെ വീടൊഴിപ്പിക്കാന്‍ കോടതി വീണ്ടും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 22ന് പൊലിസും കോടതി അധികൃതരുമെത്തിയത്.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാജനെ അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പുറത്താക്കാന്‍ അവര്‍ ശ്രമിച്ചു. ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കുമെന്നും അര മണിക്കൂറിനുള്ളില്‍ വിവരം ലഭിക്കുമെന്നും അതുവരെ ക്ഷമിക്കണമെന്നും പൊലിസിനോട് കേണുപറഞ്ഞിട്ടും അവര്‍ കേട്ടില്ല. ഉടന്‍ വീടുവിട്ടറങ്ങണമെന്നും അല്ലെങ്കില്‍ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും പൊലിസ് പറഞ്ഞു. തുടര്‍ന്ന് രാജന്‍ പൊലിസിനു മുന്നില്‍ ഭാര്യയെ ഒപ്പം കൂട്ടി പെട്രോള്‍ തലയിലൂടെ ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. ഇതിനിടയില്‍ രാജന്റെ കൈവശമുണ്ടായിരുന്ന ലൈറ്റര്‍ ഒരു പൊലിസുദ്യോഗസ്ഥന്‍ തൊപ്പികൊസ്റ്റ് തട്ടിമാറ്റുന്നതിനിടയിലാണ് ലൈറ്റര്‍ ശരീരത്തിലേക്ക് തെറിച്ചുവീണ് തീ ആളിപ്പടര്‍ന്നത്. വയറിന്റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജന്‍ തിങ്കളാഴ്ച രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഗ്രേഡ് എസ്.ഐ അനില്‍കുമാറിനും പൊള്ളലേറ്റു. സംഭവം നടന്ന് 20 മിനിട്ടിനു ശേഷം ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ക്ക് അനുകൂലമായി സ്റ്റേ ലഭിക്കുകയുമുണ്ടായി. ഭൂമിയുടെ ഉടമസ്ഥതാ തര്‍ക്ക കേസില്‍ നെയ്യാറ്റിന്‍കര കോടതിയുടെ ഉത്തരവിനെതിരേ ഡിസംബര്‍ 21നാണ് രാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. 22ന് ഉച്ചയ്ക്ക് ഹൈക്കോടതി കേസ് പരിഗണിച്ചു. എന്നാല്‍ ഇതിനു മുന്‍പു തന്നെ പൊലിസ് കീഴ്‌ക്കോടതിയുടെ വിധി നടപ്പാക്കാന്‍ ശ്രമിക്കുകയും ആത്മഹത്യാഭീഷണി മുഴക്കിയ ദമ്പതികള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. രാജന്റെ ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ജനുവരി 15 വരെയാണ് നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സ്റ്റേ ചെയ്തത്. തിങ്കളാഴ്ച രാത്രിയോടെ മരിച്ച അമ്മയെയും അച്ഛനെ അടക്കിയ കുഴിയില്‍ തന്നെ അടക്കംചെയ്യണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തു തന്നെ ഇന്നലെ രാത്രിയോടെ അമ്പിളിയെയും അടക്കം ചെയ്തു. അമ്മയും അച്ഛനും അന്തിയുറങ്ങുന്ന ഈ ഭൂമിയില്‍ നിന്ന് തങ്ങളിറങ്ങില്ലെന്ന് പിന്നീട് രാഹുലും രജ്ഞിത്തും പറഞ്ഞു. രാഹുല്‍ പഠനം നിര്‍ത്തി വര്‍ക്ക്‌ഷോപ്പില്‍ ജോലിക്കു പോകുകയാണ്. രഞ്ജിത് പ്ലസ് ടു വിദ്യാര്‍ഥിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."