വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം അദാനിക്കുവേണ്ടിയെന്ന് പി.സി ജോര്‍ജ്
കോട്ടയം: വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.സി ജോര്‍ജ്. സി.എ.ജി റിപ്പോര്‍ട്ടിനെ മറികടക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും സി.എ.ജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞം കരാര്‍ കൊള്ളയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ രക്ഷിക്കാനാണ് പിണറായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് അദാനിയുടെ തീരുമാനമാണ്.
ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദവും അദാനിയുടെ സ്വാധീനവുമാണ് ഇത്തരത്തിലൊരു പ്രഖ്യാപനത്തിന് പിന്നില്‍. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നത്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം. ആത്മാര്‍ഥതയുണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് എതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സി.എ.ജിക്ക് നോട്ടപ്പിശക് പറ്റിയെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ദുരൂഹത നിറഞ്ഞതാണ്. ഉമ്മന്‍ചാണ്ടിയല്ലാതെ ഒരു കോണ്‍ഗ്രസ് നേതാവും സി.എ.ജി റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."