ഒരു കണക്ഷനുണ്ടാക്കിയ കഥ
പതിവുപോലെ രാവിലെ നടക്കാനിറങ്ങിയതാണു രാമേട്ടന്‍. വെളുപ്പിനേയുള്ള നടത്തം നല്ലതാണെന്ന് ആധുനിക ഭിഷഗ്വരന്മാര്‍ വിധിക്കുന്നതിനും എത്രയോ മുമ്പു തുടങ്ങിയതാണ് ഈ ശീലം. പ്രഭാതനടത്തം ആരോഗ്യത്തിന് ഏറ്റവും നല്ലതാണതെന്നതിലും സംശയമൊന്നുമില്ല, പിറകെ പട്ടികളും ചീറിപ്പാഞ്ഞു വരുന്ന വണ്ടികളുമൊന്നുമില്ലെങ്കില്‍.
അങ്ങനെയെങ്കില്‍ ചിലപ്പോള്‍ ജീവിതവും ബാക്കിയുണ്ടാവില്ല. ചിന്തയൊന്നു മാറിയതേയുള്ളു.ഒരു മിനി ലോറി അടുത്തുകൂടി ചീറിപ്പാഞ്ഞു പോയി, ചാടി മാറിയിരുന്നില്ലെങ്കില്‍ തീര്‍ന്നേനെ. ചാടുന്നതിനിടയില്‍ തല ഒരു ഫ്‌ളെക്‌സ് ബോര്‍ഡില്‍ ഇടിച്ചു. ഭാഗ്യത്തിനു ചെറുതായൊന്ന് ഇടിച്ചതേയുള്ളു.
ഇപ്പോള്‍ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍കൊണ്ടു വഴിനടക്കാന്‍ പറ്റുന്നില്ല. എവിടെയും ഫ്‌ളെക്‌സിന്റെ ബഹളം. ആര്‍ക്കെങ്കിലും അവാര്‍ഡെങ്ങാനും കിട്ടിയാല്‍ പറയാനുമില്ല. അതുവരെ പേരു പോലും കേട്ടിട്ടില്ലാത്ത കടലാസ് സംഘടനകളുടെ അവാര്‍ഡാണെങ്കിലും കുറഞ്ഞതു പതിനഞ്ചു ബോര്‍ഡ് നിര്‍ബന്ധം.
കഴിഞ്ഞദിവസം കണ്ട ഒരു ബോര്‍ഡിന്റെ കാര്യം ഇതിനിടയില്‍ രാമേട്ടനോര്‍ത്തു. 'സാഹിത്യ കുലപതി അവാര്‍ഡിന് അര്‍ഹനായ നാടിന്റെ അഭിമാനതാരത്തിന് ആയിരം അഭിവാദ്യങ്ങള്‍.' എന്നായിരുന്നു ബോര്‍ഡ്.
അവാര്‍ഡു കിട്ടിയ ദേഹം തന്നെ രാവിന്റെ മറവില്‍ പലയിടത്തായി സ്ഥാപിച്ചതാകണം. നാടിന്റെ അഭിമാന സ്തംഭമോ സ്തംഭനമോ ഒക്കെയായ അദ്ദേഹം കൈയിലിരുപ്പിന്റെ ഗുണംകൊണ്ടു ചെറുപ്പത്തിലേ നാടുവിട്ടുപോയിട്ട് ആയിടെ എങ്ങാനുമായിരിക്കും തിരികെ വന്നിരിക്കുക.
അവാര്‍ഡിന്റെ കാര്യം പറയാതിരിക്കുന്നതാണു നല്ലത്. കഴിഞ്ഞദിവസം പ്രഭാതത്തില്‍ അപ്രതീക്ഷിതമായി രണ്ടുപേര്‍ വീട്ടിലേയ്ക്കു കടന്നുവന്നു രാമേട്ടനെ ഞെട്ടിച്ചു കളഞ്ഞു. രാമേട്ടനും കൊടുക്കാം ഒരവാര്‍ഡെന്നു പറഞ്ഞാല്‍ എങ്ങനെ ഞെട്ടാതിരിക്കും. എന്തിന്റെ പേരിലാണു തനിക്ക് അവാര്‍ഡു തരുന്നതെന്നു ചോദിച്ചപ്പോള്‍ ഉത്തരവും റെഡി. ഒന്നുമില്ലെങ്കില്‍ ഗ്രാമസേവാ പുരസ്‌കാരം തരാമെന്നായി അവര്‍. ഗ്രാമത്തെ അത്രയ്ക്കങ്ങോട്ടു സേവിച്ചതായി ഓര്‍മ വരാത്തതുകൊണ്ടു രാമേട്ടന്‍ സമ്മതിച്ചില്ല.
പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ഫലകവും പ്രഖ്യാപിക്കും. പത്രം മാത്രമേ കൈയില്‍ തരൂ. ഒരു കവറു തരും, അതു സ്റ്റേജില്‍ വച്ചു തുറന്നു നോക്കരുത്. പ്രചാരണവും പത്രവാര്‍ത്തയും ഫ്‌ളെക്‌സുമെല്ലാം അവര്‍ ചെയ്തു കൊള്ളും, അതിന്റെ ചെലവിലേയ്ക്കായി ഉദാരമായി ഒരു തുക സംഭാവന കൊടുത്താല്‍ മതി.
അത്ര ഉദാരനല്ലാത്തതു കൊണ്ടും ഇത്ര ബുദ്ധിമുട്ടി അവാര്‍ഡു വാങ്ങിക്കാന്‍ നിര്‍ബന്ധമില്ലാത്തതു കൊണ്ടും അവരുടെ വലയില്‍ രാമേട്ടന്‍ കുടുങ്ങിയില്ല. പലവിധ ചിന്തകളില്‍ മുഴുകി രാമേട്ടന്‍ വീടിനു മുന്നിലെത്തിയപ്പോള്‍ വാതില്‍ക്കല്‍ പൊലിസ് ജീപ്പ്. അകത്തു നിറയെ പൊലിസുകാര്‍ പല സ്ഥലത്തായി നിലയുറപ്പിച്ചിരിക്കുന്നു. എന്താ സംഭവമെന്നു രാമേട്ടനു പിടികിട്ടിയില്ല. ഇനി വീടെങ്ങാനും മാറിപ്പോയതാണോ
അങ്ങനെ വരാന്‍ വഴിയില്ല. കാരണം താന്‍ താമസിക്കുന്ന സ്ഥലത്തു വീടുകള്‍ വളരെ കുറവാണ്. അതില്‍ത്തന്നെ അത്ര വലുതല്ലാത്ത വീടു തന്റേതു മാത്രമേ കാണൂ. ബാക്കിയെല്ലാം ഫ്‌ളാറ്റുകളാണ്. വന്നുവന്നു മലയാളിക്കു വീടുകളും നഷ്ടപ്പെട്ടു. കാണുന്ന ഫ്‌ളാറ്റ് പദ്ധതികളിലെല്ലാം കൊണ്ടുചെന്നു നിക്ഷേപിച്ച് ഒടുവില്‍ കിടപ്പാടം നഷ്ടപ്പെട്ടാലും വീണ്ടും അടുത്തുകാണുന്ന തട്ടിപ്പിലും പെട്ടു നട്ടം തിരിഞ്ഞു തെക്കു വടക്കു നടന്നാലേ നമുക്കൊരു സമാധാനമാകൂ. തട്ടിപ്പു നടത്താത്തവനും തട്ടിപ്പില്‍ പെടാത്തവനും യഥാര്‍ഥ മലയാളികളല്ലെന്ന മട്ടിലാണ് ഇക്കാലത്തെ വാര്‍ത്തകളുടെയും പരസ്യങ്ങളുടെയും പോക്ക്.
കൂടുതല്‍ ആലോചിക്കാന്‍ പൊലിസുകാര്‍ രാമേട്ടന് അവസരം കൊടുത്തില്ല, ''സാറല്ലേ രാമനാഥന്‍.''
ഭാര്യയും മക്കളും അയല്‍ക്കാരുമൊന്നും അവിടെയില്ലായിരുന്നില്ലെങ്കില്‍ താനല്ലെന്നു പറഞ്ഞു രക്ഷപ്പെടാമായിരുന്നു. വീട്ടില്‍ നില്‍ക്കുന്നവരെ കൂടാതെ അപ്പുറത്തുനിന്നും ഇപ്പുറത്തു നിന്നും പലരും എത്തി നോക്കുന്നുമുണ്ട്. നേരിട്ടു വിശേഷം തിരക്കാന്‍ സമയമില്ലെങ്കിലുംഎത്തി നോക്കി കാര്യങ്ങളറിയുമ്പോഴാണല്ലോ ആത്മസംതൃപ്തി ലഭിക്കുന്നത്.
''സാറ് അത്യാവശ്യമായി ഒന്നു സ്റ്റേഷന്‍ വരെ വരണം.' എസ്.ഐ.പറഞ്ഞതു കേട്ടപ്പൊള്‍ ജനമൈത്രി പൊലിസ് സ്റ്റേഷനില്‍ പോലും ഇതുവരെ പോയിട്ടില്ലാത്ത രാമേട്ടനൊന്നു ഞെട്ടി.
''എന്താ സാര്‍ കാര്യം..'' തിരക്കാനുള്ള അവകാശം രാമേട്ടനുമുണ്ടല്ലോ.
''അതൊക്കെ അവിടെ ചെന്നിട്ടു വിശദമായി പറഞ്ഞു തരാം,സാറു വണ്ടിയിലോട്ടു കേറിയാട്ടെ.''
പിടികിട്ടാപ്പുള്ളിയെയും കൊണ്ടുപോകുന്ന മട്ടില്‍ രാമേട്ടനെയും കൊണ്ട് ജീപ്പ് പാഞ്ഞു പോയി.
''ജാമ്യം കിട്ടുന്ന കാര്യം സംശയമാണ്..'' പൗരജനങ്ങളില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
''ഇടയ്ക്കു പരോളില്‍ വിട്ടാലെങ്കിലും മതിയായിരുന്നു.'' മറ്റൊരു പൗരന്റെ അഭിപ്രായം.
ഇങ്ങനെ പൗരജനങ്ങള്‍ പലവിധ അഭിപ്രായങ്ങള്‍ പങ്കുവച്ചു കൊണ്ടിരിക്കുമ്പോള്‍ രാമേട്ടനെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
''മിസ്റ്റര്‍ രാമനാഥന്‍, ഞങ്ങള്‍ക്കു പ്രധാനമായും അറിയേണ്ടതു താങ്കള്‍ക്ക് എന്തിനാണ് ഈ ഇരുപത്തഞ്ച് മൊബൈല്‍ കണക്ഷന്‍ എന്നതാണ്.''
എസ്.ഐ ചോദിച്ചപ്പോള്‍ ഇതുവരെ സ്വന്തമായി ഒരു മൊബൈല്‍ കണക്ഷന്‍ പോലുമില്ലാത്ത രാമേട്ടന്‍ അന്തം വിട്ടു. ഭാര്യയും മക്കളും എത്രയോ നാളായി നിര്‍ബന്ധിക്കുന്നു. എന്നിട്ടും ഇതുവരെ മൊബൈല്‍ വാങ്ങിയിട്ടില്ല.
എന്നാല്‍ രാമേട്ടന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇരുപ്പത്തിയഞ്ച് കണക്ഷനുകളാണ് എടുത്തിരിക്കുന്നതെന്നു പൊലിസ് രേഖകള്‍ കാട്ടി പറഞ്ഞു.
ആനന്ദലബ്ധിയ്ക്കു വേറെന്തു വേണം.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയിലാണ് ഒരാളുടെ പേരില്‍ ഇത്രയും കണക്ഷനുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടതെന്നു പൊലിസ് പറഞ്ഞു. ആളെ കൈയോടെ പൊക്കി ഒരു പ്രമോഷന്‍ തരപ്പെടുത്താമെന്ന ആഗ്രഹത്തോടെയാണ് എസ്.ഐയും സംഘവും രാമേട്ടന്റെ വീട്ടിലേയ്ക്കു തിരിച്ചത്.
കാര്യങ്ങള്‍ തിരക്കിയപ്പോഴാണു സമൂഹത്തില്‍ നിലയും വിലയുമുള്ളയാളും ഒരു മൊബൈല്‍ കണക്ഷന്‍ പോലും സ്വന്തമായി ഇല്ലാത്തയാളുമാണു കക്ഷിയെന്നു മനസ്സിലായത്.
തന്നെ ഇത്രയധികം സഹായിക്കാന്‍ താന്‍ ആര്‍ക്കാണിത്ര ഉപകാരം ചെയ്തതെന്നോ എങ്ങനെ ഇത്രയും കണക്ഷന്‍ തന്റെ പേരില്‍ വന്നുവെന്നോ എത്രയാലോചിച്ചിട്ടും രാമേട്ടനു പിടികിട്ടിയില്ല. അതും എസ്.ഐ.വിശദീകരിച്ചു കൊടുത്തു. തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയെടുത്തപ്പോള്‍ അതില്‍നിന്നു വേറെ കോപ്പികള്‍ എടുത്താണു കണക്ഷനുകളെടുത്തിട്ടുള്ളത്.
അതുകൊണ്ടു കോപ്പിയെടുക്കുമ്പോഴും ഇനി ശ്രദ്ധിക്കണം. ഈശ്വരാ, മനുഷ്യനെ മര്യാദയ്ക്കു ജീവിക്കാന്‍ പോലും സമ്മതിക്കില്ലെന്നു വച്ചാല്‍ എന്താ ചെയ്യുക. വലിയ ഊരാക്കുടുക്കില്‍ നിന്നു രക്ഷപെട്ട ആശ്വാസത്തോടെ രാമേട്ടന്‍ ബസ്റ്റോപ്പിലേയ്ക്കു സാവധാനം നടക്കുമ്പോള്‍ ഓര്‍ത്തു, ഇനി കുടിക്കുന്ന വെള്ളത്തില്‍ മാത്രമല്ല എടുക്കുന്ന കോപ്പിയിലും ആരെയും വിശ്വസിക്കരുത്!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."