മതവിഷയങ്ങളിലെ വിധി: സര്‍ക്കാരുകളുടെ നിസംഗതയെന്ന് കുഞ്ഞാലിക്കുട്ടി
കാഞ്ഞങ്ങാട്: ശബരിമലയിലെ സ്ത്രീ പ്രവേശനം, വിവാഹേതര ലൈംഗികബന്ധം, ഇസ്‌ലാമിന് മസ്ജിദ് അനിവാര്യമല്ല തുടങ്ങിയ വിധികളിലേക്ക് സുപ്രിംകോടതിയെ നയിച്ചതില്‍ കേന്ദ്ര, കേരള സര്‍ക്കാരുകളുടെ നിസംഗതക്ക് വലിയ പങ്കുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കാഞ്ഞങ്ങാട്ട് നടന്ന സി.എച്ച് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈതികതയ്‌ക്കെതിരേ ഇത്തരം വിധികള്‍ വരാതിരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ഇത്തരം വിധികളെ തങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗപ്പെടുത്താമെന്ന് പരീക്ഷിക്കുകയാണ് ഭരണകൂടങ്ങള്‍. റാഫേല്‍ യുദ്ധവിമാന അഴിമതിയും പെട്രോള്‍ വില വര്‍ധനയും, നോട്ട് നിരോധനത്തിന്റെ പിറകിലെ കള്ളക്കളികളും മറച്ചുവയ്ക്കാന്‍ കേന്ദ്രം വര്‍ഗീയത ആയുധമാക്കുകയാണ്. ആരാധനാകേന്ദ്രമായ ശബരിമലയില്‍ എന്തുവേണമെന്ന് തീരുമാനിക്കുന്നത് മതവിരുദ്ധരാകുന്ന വൈരുധ്യമാണ് നാം കാണുന്നത്. മുത്വലാഖ് വിധി ബന്ധപ്പെട്ട സമുദായത്തെ കേള്‍ക്കാതെ പുറപ്പെടുവിച്ചപ്പോഴുള്ള അപകടവും ഇതുതന്നെയാണ്.
വീണത് വിദ്യയാക്കുകയാണ് ഇരുസര്‍ക്കാരുകളും. മതവും വിശ്വാസവും ആചാരങ്ങളും നിയമത്തിന്റെ തലനാരിഴ കീറി പരിശോധിക്കുന്നതില്‍ അര്‍ഥമില്ല. ശരീഅത്ത് വിഷയത്തിലെടുത്ത മതവിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണ് ശബരിമലയിലുള്‍പ്പെടെ സി.പി.എം സ്വീകരിക്കുന്നത്.
രാഷ്ട്രവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും, പിന്നാക്ക വിരുദ്ധവുമായ ഏതുനീക്കങ്ങളും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായപ്പോഴും ചെറുത്തുതോല്‍പ്പിച്ച പരമ്പര്യം ലീഗിനുണ്ട്. അത് എപ്പോഴും മുറുകെ പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയബാധിതര്‍ക്കുള്ള മുഴുവന്‍ നഷ്ടപരിഹാരവും നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷം സമരം ചെയ്യും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് പ്രളയമുണ്ടായത്. മുഴുവന്‍ പുഴകളുടെയും ഷട്ടറുകള്‍ തുറന്നുവിട്ടത് അന്ന് വലിയ ദുരന്തത്തിനിടയാക്കി.
ഇപ്പോള്‍ അത്തരത്തിലുള്ള ഭയത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ന്യൂനമര്‍ദം ഉണ്ടെന്ന് അറിയുമ്പോള്‍തന്നെ ഷട്ടറുകള്‍ തുറന്നിടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ സര്‍ക്കാരെന്ന് കുഞ്ഞാലിക്കുട്ടി കളിയാക്കി.
കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിക്കുന്ന കക്ഷികള്‍ ഫലപ്രദമായിട്ടുള്ള രൂപത്തിലുള്ള ഭരണമല്ല നടത്തുന്നത്. അതിന്റെ ദുരിതമാണ് ജനം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."