വിഴിഞ്ഞം വഴിമാറുമോ
വിഴിഞ്ഞം കരാറില്‍ അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായം നല്‍കിയെന്ന കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ അതിനിശിതമായ പരിശോധനക്ക് വിധേയമാക്കേണ്ടതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകളില്‍ അന്വേഷണസംഘം ശരികണ്ടാല്‍ അതായത് അദാനി ഗ്രൂപ്പിന് വഴിവിട്ട് സഹായം നല്‍കിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ കരാറില്‍നിന്ന് പിന്മാറുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. വിഴിഞ്ഞം പദ്ധതിയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി നേരത്തെ തന്നെ ഇടഞ്ഞുനില്‍പ്പാണ്. എന്നാല്‍, മാറിവരുന്ന സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയായതിനാല്‍ മുന്‍സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുമായി ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിനിടയിലാണ് ഓഡിറ്റര്‍ ജനറലിന്റെ അതിനിശിതമായ വിമര്‍ശനങ്ങള്‍ പുറത്തുവന്നത്. ഈയൊരു പശ്ചാതലത്തില്‍ വിഴിഞ്ഞം പദ്ധതി ത്രിശങ്കുവിലായിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിഴിഞ്ഞം തുറമുഖത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന സാമ്പത്തിക നേട്ടം സംസ്ഥാനം നടത്തിയ നിക്ഷേപത്തിന് ആനുപാതികമല്ലെന്നാണ് സി.എ.ജി പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയില്‍ സര്‍ക്കാര്‍ 67 ശതമാനം മുതല്‍മുടക്ക് നടത്തുമ്പോള്‍ 40 വര്‍ഷം കഴിഞ്ഞുകിട്ടുന്ന ലാഭവിഹിതം തീരെ കുറവാണ്. വിഴിഞ്ഞത്തിന് തൊട്ടടുത്ത് സ്ഥാപിക്കുന്ന കുളച്ചല്‍ തുറമുഖത്തിന് 2308 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളതെങ്കില്‍ വിഴിഞ്ഞം 3271 കോടിയാണ് പ്രതീക്ഷിക്കുന്നത്. മത്സ്യബന്ധന തുറമുഖവും ബ്രേക്ക് വാട്ടറും നിര്‍മിക്കാന്‍ ആദ്യം കണക്കാക്കിയ 767 കോടി വിദേശ വിനിമയത്തിലെ വ്യതിയാനം മൂലം 1463 കോടിയായി ഉയര്‍ത്തി.
40 കൊല്ലത്തെ പദ്ധതി കാലയളവില്‍ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം 13,947 കോടി രൂപയാണ്. കരാര്‍ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത് 19,555 കോടിയും. ഇതുവഴി സര്‍ക്കാരിന് 5,608 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാവുക എന്നും തുറമുഖത്തെത്തുന്ന കപ്പലുകളുടെ എണ്ണം കുറഞ്ഞാല്‍ നടത്തിപ്പ് കാലാവധി 10 വര്‍ഷം കൂടി നീട്ടിക്കൊടുക്കണമെന്ന നിബന്ധനയും അദാനി ഗ്രൂപ്പിന് അധികവരുമാനം ലഭിക്കാന്‍ ഇടയാക്കുമെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. 2005ല്‍ നടപ്പാക്കേണ്ടതായിരുന്നു വിഴിഞ്ഞം തുറമുഖ പദ്ധതി. കേന്ദ്രത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതെ വന്നതിനാല്‍ നടന്നില്ല. വി.എസ് അച്യുതാനന്ദന്‍ ഭരണത്തിലെത്തിയപ്പോള്‍ പദ്ധതിക്കായി കരാറുണ്ടാക്കിയെങ്കിലും അതും നടന്നില്ല. വീണ്ടും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിളിച്ച ടെന്‍ഡറില്‍ മൂന്ന് കമ്പനികള്‍ യോഗ്യരായിരുന്നുവെങ്കിലും ഒരു കമ്പനി മാത്രമേ മുന്നോട്ടു വന്നുള്ളൂ. മൂന്നാം ടെന്‍ഡറില്‍ ഒരാള്‍ മാത്രമായി വന്നാലും കരാര്‍ നല്‍കാമെന്ന വ്യവസ്ഥയനുസരിച്ചാണ് അദാനി ഗ്രൂപ്പിന് യു.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്.
എന്നാല്‍, സി.എ.ജി റിപ്പോര്‍ട്ടിലും ദുരൂഹത ആരോപിക്കപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിലെ നടപടിക്രമങ്ങളില്‍ വീഴ്ചകളേറെയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓഡിറ്റ് ഉദ്യോഗസ്ഥരുമായുള്ള തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടിയ പ്രധാന വസ്തുതകളൊന്നും അന്തിമറിപ്പോര്‍ട്ടില്‍ പരിഗണിച്ചില്ലെന്നും സി.എ.ജി കൂടിയുള്ള യോഗം വിളിക്കണമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ആവശ്യം തള്ളിക്കളഞ്ഞെന്നും ആരോപണം ഉയര്‍ന്ന സ്ഥിതിക്ക് സി.എ.ജി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ സത്യസന്ധതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സി.എ.ജിക്ക് നോട്ടപ്പിശക് സംഭവിച്ചിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിനകം ആരോപിച്ചുകഴിഞ്ഞു. പദ്ധതിക്കെതിരെ മാധ്യമങ്ങളില്‍ ലേഖനമെഴുതിയ ആളെ ഓഡിറ്റ് സംഘത്തില്‍ കണ്‍സള്‍ട്ടന്റായി ഉള്‍പ്പെടുത്തിയതിനെയും തുറമുഖ വകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം ദുരൂഹത വര്‍ധിപ്പിക്കുകയാണ്. മത്സ്യതൊഴിലാളികളില്‍നിന്നു യൂസര്‍ഫീ വാങ്ങുന്നത് കരാറില്‍ ഇല്ലാത്ത കാര്യമാണ്. ഇല്ലാത്ത കാര്യം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കയറിക്കൂടിയതും സംശയമുയര്‍ത്തുന്നു. ഓഡിറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങള്‍ വിഴിഞ്ഞം കരാര്‍ പരിശോധനയുടെ കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നതും ഗുരുതരമായ ആരോപണമാണ്. ഈയൊരു ഘട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത് സത്യമറിയാന്‍ ഉപകരിക്കും. അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പും വിചാരണയും കഴിഞ്ഞ് സര്‍ക്കാരിന് കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോഴേക്കും സമീപത്തെ കുളച്ചല്‍ പദ്ധതി തമിഴ്‌നാട് തുടങ്ങുകയും വിഴിഞ്ഞം വഴിമാറിപ്പോവുകയും ചെയ്യുമോ എന്നാണ് പേടിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."