ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം
തിരുവനന്തപുരം: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി ന്യൂനമര്‍ദം ശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വകുപ്പ് ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് ഒമാന്‍, യമന്‍ തീരത്തേക്കു നീങ്ങുമെന്നാണ് നിഗമനം.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് സെല്ലിന്റെ പ്രവര്‍ത്തനം. ദുരന്തനിവാരണ അതോറിറ്റി, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എന്നിവരും ഇതില്‍ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ന്യൂനമര്‍ദം പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങിയ സാഹചര്യത്തില്‍ ഇടുക്കിയിലും മലപ്പുറത്തും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പകരം ഈ രണ്ടു ജില്ലകളിലും പാലക്കാട്ടും ഇന്നും നാളെയും അതീവ ജാഗ്രത (ഓറഞ്ച് അലര്‍ട്ട്) യാണ്.
പത്തനംതിട്ടയിലും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ചവരേയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."