കായക്കൊടിയില്‍ നറുക്കില്‍ ഭാഗ്യം ഇടത്തോട്ടും വലത്തോട്ടും, പ്രസിഡന്റ് സ്ഥാനം എല്‍.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും
കുറ്റ്യാടി: ലീഗ് വിമതന് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പിന് വഴിയൊരുങ്ങിയ കായക്കൊടിയില്‍ സ്ഥാനങ്ങള്‍ പങ്കിട്ട് ഇരുമുന്നണികളും. നറുക്കെടുപ്പില്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍.ഡി.എഫില്‍ നിന്നും സി.പി.എമ്മിലെ ഒ.പി ഷിജില്‍ തെരഞ്ഞെടുക്കപ്പെട്ടു. രാവിലെ പതിനൊന്നോടെ പഞ്ചായത്ത് ഹാളില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണിക്കും തുല്യ വോട്ട് ലഭിച്ചതോടെ നറുക്കിനിടുകയായിരുന്നു. യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസിലെ ഒ.പി മനോജായിരുന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്നും കോണ്‍ഗ്രസിലെ സജിഷ എടക്കുടി തെരഞ്ഞെടുക്കപ്പെട്ടു. പൊതു സ്വതന്ത്രയായ സരിത മുരളിയായിരുന്നു എല്‍.ഡി.എഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 28കാരനായ ഷിജില്‍ സംവരണ വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. കഴിഞ്ഞ ഭരണസമിതിയില്‍ അംഗവുമായിരുന്നു. സി.പി.എം പാലയാട് ബ്രാഞ്ച് കമ്മിറ്റി അംഗമായ ഷിജിലിന് പ്ലസ്ടുവാണ് വിദ്യാഭ്യസ യോഗ്യത. വൈസ് പ്രസിഡന്റായ സജിഷ എടുക്കുടി (29) ബി.കോം ബിരുദധാരിയാണ്. എല്‍.ഡി.എഫിന്റെ സിറ്റിങ് വാര്‍ഡായ കരണ്ടോടില് നിന്നാണ് വിജയിച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് ഭരണസാരഥികളെ തെരഞ്ഞെടുക്കുന്നതു വരെ കായക്കൊടിയില്‍ ഇരുമുന്നണികളും കടുത്ത പോരാട്ടത്തിലായിരുന്നു. ആകെയുള്ള പതിനാറ് സീറ്റില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് എഴും മുസ്ലിം ലീഗ് വിമതന് ഒരു സീറ്റുമാണുണ്ടായിരുന്നത്. ലീഗ് വിമതന് ഒടുവില്‍ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ സീറ്റുകള്‍ തുല്യമായതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ഇരു മുന്നണികളും തളീക്കരയില്‍ ആഹ്ലാദ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."