മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണം നീതീകരിക്കാനാകില്ല: ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്
വിയന്ന: കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിങിനുള്ള വിലക്കിനെതിരേ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സംഘടനയായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിട്ട്യൂട്ട് (ഐ.പി.ഐ) രംഗത്ത്. പത്രാധിപന്മാരുടെയും പ്രസാധകരുടെയും മാധ്യമ എക്‌സിക്യൂട്ടീവുകളുടേയും അന്താരാഷ്ട്ര സംഘടനയാണ് ഐ.പി.ഐ. ഹൈക്കോടതികളില്‍ ഉള്‍പ്പെടെയുള്ള കോടതികളില്‍ റിപ്പോര്‍ട്ടിങിനുള്ള വിലക്കില്‍ ഐ.പി.ഐ ആശങ്ക രേഖപ്പെടുത്തി.
അഭിഭാഷകര്‍ നിരന്തരമായി മാധ്യമസ്വാതന്ത്ര്യത്തിനു ഭീഷണി സൃഷ്ടിക്കുകയാണെന്നും ഹൈക്കോടതിയിലും തിരുവനന്തപുരത്ത് കോടതിയിലും പ്രവേശനം നിഷേധിക്കപ്പെട്ടത് ആശങ്കക്കിടയാക്കുന്നുണ്ടെന്ന് ഐ.പി.ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണം നീതീകരിക്കാനാകില്ല. കോടതി വളപ്പിലാണ് ഇത്തരം കൈയേറ്റങ്ങളെന്നതാണ് ഏറെ ദുഃഖകരമെന്നും ഐ.പി.ഐ അഡ്വക്കസി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ എം. എല്ലിസ് പറഞ്ഞു. മാധ്യമങ്ങളും അഭിഭാഷകരും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ്. കോടതികളില്‍ നിര്‍ഭയം കടന്നുചെന്ന് റിപ്പോര്‍ട്ടിങ് നടത്താനുള്ള സാഹചര്യം കേരളത്തിലെ ന്യായാധിപര്‍ ഉണ്ടാക്കണമെന്നും ഐ.പി.ഐ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുരണ്ടാംതവണയാണ് മാധ്യമങ്ങളും അഭിഭാഷകരും ഇന്ത്യയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജെ.എന്‍.യുവിലായിരുന്നു ആദ്യസംഭവമെന്നും ഐ.പി.ഐ പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."