കെ.എസ്.ആര്‍.ടി.സി എം.ഡിക്കെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. എം.ഡി ആന്റണി ചാക്കോയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ആരംഭിക്കുമ്പോള്‍ ആദ്യം പരിഗണിക്കപ്പെടുന്നത് കെ.എസ്.ആര്‍.ടി.സി. എം.ഡിയുമായി ബന്ധപ്പെട്ട പരാതിയായിരിക്കും. കോര്‍പറേഷനിലേക്ക് സ്‌കാനിയ അടക്കമുള്ള അത്യാധുനിക ബസ് വാങ്ങിയതിലെ ക്രമക്കേടു മുതല്‍ ഇ-ടിക്കറ്റിങ് സംവിധാനത്തിലെ അഴിമതി വരെ അന്വേഷണപരിധിയില്‍ വരും. കോര്‍പറേഷനിലെ ഇടതനുകൂല സംഘടനകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് നേരിട്ടു നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കെ.എസ്.ആര്‍.ടി.സി എം.ഡിക്കെതിരേയുള്ള അന്വേഷണം ആരംഭിക്കാമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്. കടക്കെണിയിലായ കെ.എസ്.ആര്‍.ടി.സിയുടെ ഡിപ്പോകളെ പണഇടപാടു സ്ഥാപനങ്ങളില്‍ ഈടുവയ്ക്കുന്നതിനു കാണിച്ച ഇടപെടല്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍ വാങ്ങുന്നതില്‍ നടത്തിയ തിരിമറികള്‍(ടയര്‍ അടക്കം), ജീവനക്കാര്‍ക്ക് രണ്ടുതരം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനെടുത്ത തീരുമാനം എന്നിവയും അന്വേഷണ പരിധിയില്‍ വരും.
എന്‍.സി.പി എം.എല്‍.എ തോമസ് ചാണ്ടിയുടെ നാട്ടുകാരനും, വേണ്ടപ്പെട്ടവനുമായതിനാലാണ് എം.ഡി കസേര ഇതുവരെ തെറിക്കാതിരുന്നത്. കൂടാതെ എന്‍.സി.പിക്കാണ് ഗതാഗതവകുപ്പും ലഭിച്ചത്.
എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ അവസ്ഥ മാറിയില്ലെങ്കില്‍ അതു പാര്‍ട്ടിക്കുതന്നെ ക്ഷീണമുണ്ടാക്കുമെന്ന നിലപാടിലാണു വകുപ്പുമന്ത്രിയായ എ.കെ.ശശീന്ദ്രന്‍. എല്‍.ഡി.എഫിന്റെ ഘടകകക്ഷി കൂടിയായ എന്‍.സി.പിക്കു ലഭിച്ച വകുപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ആരംഭിക്കാനിരിക്കേയാണു ഗതാഗത കമ്മിഷണര്‍ മന്ത്രിക്കെതിരേ തിരിഞ്ഞത്.
ഈ തിരിച്ചടിയോടൊപ്പം കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ വിജിലന്‍സ് അന്വേഷണം കൂടി വന്നാല്‍ വകുപ്പിനെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാകുമെന്ന ഭയം മന്ത്രിക്കുണ്ട്. അതിനാല്‍ എം.ഡിയെ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം കലക്ടര്‍ ബിജുപ്രഭാകറിനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ അവസാനകാലം മുതല്‍ തന്നെ ആന്റണി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് വകുപ്പിലെ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭത്തിലായിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വകുപ്പുമന്ത്രിക്കു നല്‍കിയ ആദ്യ പരാതിയും എം.ഡിയെ കുറിച്ചായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."