തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാര്‍ പരിശോധിക്കുന്നു
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിലേക്ക് നയിച്ച വസ്തുവിന്റെ ഉടമസ്ഥാവകാശം പരിശോധിക്കാന്‍ തഹസില്‍ദാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്തയുടെ വാദം. പട്ടയമുണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ വാദം. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കലക്ടര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാറോട് റിപ്പോര്‍ട്ട് തേടിയത്.
അതേസമയം രാജന്റെ മക്കളുടെ പുനരധിവാസത്തില്‍ അടിയന്തിരമായി സര്‍ക്കാര്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ച് കലക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തുടര്‍നടപടി തീരുമാനിക്കും. രാജനെയും കുടുംബത്തെയും ഒഴിപ്പിക്കണമെന്ന മുന്‍സിഫ് കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ച ദിവസം തന്നെ പൊലിസ് തിടുക്കം കാട്ടിയെത്തിയതിനെതിരേ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
അതിനിടെ ആത്മഹത്യാ ശ്രമത്തിനും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും രാജനെതിരേ നെയ്യാറ്റിന്‍കര പൊലിസ് സ്വമേധയാ കേസെടുത്തു. അഭിഭാഷക കമ്മിഷന്റെ മൊഴിയിലാണ് ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തത്. രണ്ടിനും കൂടി ഒറ്റ എഫ്.ഐ.ആറാണ് രജിസ്റ്റര്‍ ചെയ്തത്.
പൊലിസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി റൂറല്‍ എസ്.പി അറിയിച്ചു. ഇതു സംബന്ധിച്ച് രാജന്റെയും അമ്പിളിയുടെയും മക്കളായ രജ്ഞിത്തും രാഹുലും പരാതി നല്‍കിയിട്ടുണ്ട്.
പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്നാണ് ആവശ്യം. സാമ്പത്തിക സഹായം വേണമെന്നും ജില്ലാ കലക്ടര്‍ക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."