സാന്ത്വനമേകി ഔഫിന്റെ വീട്ടില്‍ ജിഫ്‌രി തങ്ങളെത്തി
സ്വന്തം ലേഖകന്‍
കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട ഔഫ് അബ്ദുറഹ്മാന്റെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കു സാന്ത്വനമേകി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെത്തി. ഇന്നലെ രാവിലെ പത്തോടെയാണു കല്ലൂരാവി പഴയ കടപ്പുറത്തെ ഔഫിന്റെ വീട്ടില്‍ ജിഫ്‌രി തങ്ങളെത്തിയത്. ഔഫിന്റെ മാതൃസഹോദരന്മാരായ ഹുസൈന്‍ മൗലവി, അബ്ദുറഹ്മാന്‍ സഖാഫി, ഉമര്‍ സഅദി, അബ്ദുല്‍ഖാദര്‍ എന്നിവരില്‍ നിന്നു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ജിഫ്‌രി തങ്ങള്‍ ഔഫിനായി പ്രത്യേക പ്രാര്‍ഥന നടത്തിയ ശേഷമാണു വീട്ടില്‍ നിന്നു മടങ്ങിയത്.
ഡി.വൈ.എഫ്.ഐ, കാന്തപുരം സുന്നി വിഭാഗം എന്നിവയുടെ പ്രവര്‍ത്തകനായ ഔഫിന്റെ കൊലപാതകത്തിനു കാരണക്കാരായ കുറ്റവാളികള്‍ ഏതു പാര്‍ട്ടിക്കാരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നു ജിഫ്‌രി തങ്ങള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗൂഢാലോചന ഉണ്ടെങ്കില്‍ കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണം. ഒരു പാര്‍ട്ടിയും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുത്. കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങളുടെയും നാടിന്റെയും വിഷമം വിലമതിക്കാനാവാത്തതാണ്. അതു നേരിട്ടു വരുമ്പോഴാണു നാം ഓരോരുത്തര്‍ക്കും ബോധ്യപ്പെടുക. ഒരാളും അക്രമ മാര്‍ഗം സ്വീകരിക്കരുത്. പാര്‍ട്ടികള്‍ പ്രവര്‍ത്തകര്‍ക്കു ധാര്‍മിക ശിക്ഷണം നല്‍കണം. ക്രോധത്തെ നിയന്ത്രിക്കാനുള്ള കഴിവ് നേടണം. കാര്യങ്ങള്‍ ഒരു ഘട്ടത്തിലും അക്രമത്തിലേക്കോ കൊലപാതകത്തിലേക്കോ എത്തരുത്. വിഷയത്തില്‍ രാഷ്ട്രീയ വിവാദം നടത്താന്‍ താല്‍പര്യമില്ലെന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."