HOME
DETAILS
MAL
ഇടതു പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന്‍ പ്രസിഡന്റ്
backup
December 31 2020 | 03:12 AM
ആലക്കോട് (കണ്ണൂര്‍): നടുവില്‍ പഞ്ചായത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബേബി ഓടംപള്ളി ഇടതുപിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി അലക്‌സ് ചുനയംമാക്കലിനെതിരേ 11 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. സീനിയര്‍ നേതാവായ തന്നെ ഗ്രൂപ്പടിസ്ഥാനത്തില്‍ തഴഞ്ഞുവെന്നാരോപിച്ചാണ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് ഇടതുപിന്തുണയോടെ ബേബി മത്സരിച്ചത്. അതേസമയം പാര്‍ട്ടി വിപ്പ് ലംഘിച്ച ബേബി ഓടംപള്ളി, കോണ്‍ഗ്രസ് നിര്‍ദേശിച്ച നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യന്‍ വിലങ്ങോലി, ലിസി ജോസഫ് എന്നിവരെ കോണ്‍ഗ്രസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
ചൊവ്വാഴ്ച രാത്രി ഡി.സി.സി ഓഫിസില്‍ നടന്ന ചര്‍ച്ചയിലും സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. ഇതോടെ വര്‍ഷങ്ങളായി കൈയടക്കി വച്ചിരുന്ന നടുവില്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫിനു നഷ്ടമായി.
കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച രണ്ടുപേരും കോണ്‍ഗ്രസ് റിബലായി മത്സരിച്ച രേഖ രഞ്ജിത്തും ഏഴ് ഇടത് അംഗങ്ങളും ബേബിയെ പിന്തുണച്ചു.
രേഖ രഞ്ജിത്താണു വൈസ് പ്രസിഡന്റ്. പാര്‍ട്ടിയെ ചതിച്ച് കൂറുമാറിയ ബേബിയെ അയോഗ്യനാക്കാനുള്ള നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."