HOME
DETAILS
MAL
യു.പിയിലെ മതംമാറ്റ നിരോധന ഓര്‍ഡിനന്‍സ് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍
backup
December 31 2020 | 03:12 AM
ഉത്തര്‍പ്രദേശിനെ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും പ്രഭവകേന്ദ്രമാക്കി
സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടന പഠിക്കണം, അതിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കണം
ന്യൂഡല്‍ഹി: 'ലൗ ജിഹാദ് ' തടയാനെന്ന പേരില്‍ കൊണ്ടുവന്ന വിവാദ മതംമാറ്റ നിരോധന ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശിനെ വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും പ്രഭവകേന്ദ്രമാക്കിയെന്ന് പ്രമുഖരായ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ നായര്‍ ഉള്‍പ്പെടെയുള്ള 104 മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കടുത്ത വാക്കുകളുപയോഗിച്ച് കത്തെഴുതിയത്.
സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭരണഘടന പഠിക്കണമെന്നും അതിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കണമെന്നും ഉപദേശിക്കുന്ന കത്തില്‍, ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്നും അതു പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഗംഗ-യമുന സംസ്‌കാരങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന പ്രദേശമാണ് ഉത്തര്‍പ്രദേശ്. എന്നാല്‍, ഇപ്പോള്‍ അതു വിദ്വേഷ രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നു. ഭരണസംവിധാനങ്ങളൊന്നാകെ വര്‍ഗീയവിഷത്തില്‍ ആണ്ടുപോയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ യുവജനങ്ങള്‍ക്കെതിരേ ഭരണകൂടം ഹീനമായ അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്ര രാജ്യത്തെ സ്വാതന്ത്ര്യമുള്ള പൗരന്‍മാരായി ഇന്ത്യക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുസ്‌ലിം യുവാക്കള്‍ക്കെതിരേയും സ്വയം തെരഞ്ഞെടുപ്പുകള്‍ക്കു ധൈര്യപൂര്‍വം മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്കെതിരേയും പ്രയോഗിക്കുന്നതിനുള്ള വടിയായാണ് പുതിയ ഓര്‍ഡിനന്‍സ് ഉപയോഗിക്കപ്പെടുന്നത്. വിവാദ നിയമത്തിന്റെ മറവില്‍ 16കാരനായ മുസ്‌ലിം വിദ്യാര്‍ഥിക്കും സുഹൃത്തായ ദലിത് പെണ്‍കുട്ടിക്കും നേരെയുണ്ടായ ആക്രമണവും മൂന്നു ദിവസത്തോളം 16കാരനെ ജയിലിലടച്ച സംഭവവും ഉള്‍പ്പെടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളുടെ കേസ് പരിഗണിക്കുമ്പോള്‍, പ്രായപൂര്‍ത്തിയായ സ്ത്രീക്കും പുരുഷനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിനും ജീവിക്കുന്നതിനുമുള്ള അവകാശമുണ്ടെന്ന് അലഹബാദ് ഹൈക്കോടതി അടുത്തിടെ നടത്തിയ നിരീക്ഷണവും കത്തില്‍ ഉദ്ധരിക്കുന്നുണ്ട്. വിവാഹം പോലുള്ള വ്യക്തിയുടെ സ്വകാര്യ വിഷയങ്ങളില്‍ ഇടപെടുന്നത് പൗരന്റെ മൗലികാവകാശങ്ങള്‍ക്കു മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്നു വിവിധ ഹൈക്കോടതികള്‍ പലതവണ വ്യക്തമാക്കിയ കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടി.എ.ബി വാജ്‌പേയിയുടെ കാലത്ത് റോ മേധാവിയായിരുന്ന എ.എസ് ദുലത്ത്, ഇറ്റാലിയന്‍ മുന്‍ അംബാസഡര്‍ കെ.പി ഫാബിയന്‍, വിവാരാവകാശ മുന്‍ കമ്മിഷണര്‍ വജാഹത്ത് ഹബീബുല്ല, ഹര്‍ഷ് മന്ദര്‍, അരുണാറോയ് തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."