കോര്‍പറേറ്റുകളെ ചേര്‍ത്തു പിടിച്ച് രാജ്യത്തിന്റെ പ്രശ്‌നങ്ങളെ തള്ളി മാറ്റുന്നവന്‍ മോദി- ട്രോള്‍ വീഡിയോയുമായി ദിവ്യ സ്പന്ദന
ന്യൂഡല്‍ഹി: തനിക്കെതിരായ നടപടികളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പുതിയ ട്രോള്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. കോര്‍പറേറ്റ് മുതലാളിമാരെ മാത്രം ചേര്‍ത്തുപിടിക്കുകയും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതിയെന്ന് കാണിക്കുന്ന വീഡിയോയുമായാണ് ദിവ്യ രംഗത്തെത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ അവഹേളിച്ചെന്ന പരാതിയില്‍ ഉത്തര്‍ പ്രദേശ് പൊലിസ് ദിവ്യ സ്പന്ദനക്കെതിരെ കഴിഞ്ഞ ആഴ്ച കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പൊലിസ് കേസെടുത്തത്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ആ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ദിവ്യ വ്യക്തമാക്കി.
കോര്‍പറേറ്റ് മുതലാളിമാരായ അംബാനി, അദാനി എന്നിവരെ നെഞ്ചോട് ചേര്‍ക്കുന്ന മോദി കര്‍ഷകരെയും സ്ത്രീ സുരക്ഷയെയും പൊതുജനങ്ങളെയും തള്ളിക്കളയുന്നതായാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. വിദേശ യാത്ര, ജി.എസ്.ടി, പെട്രോള്‍ വില, 15 ലക്ഷം ഡെപോസിറ്റ്, എന്നിവയെ ഒക്കെ കണക്കിന് വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്.ആള്‍കൂട്ട കൊല ആസ്വദിക്കുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. ഫേസ് ബുക്കിലാണ് പുതിയ ട്രോള്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
അതിനിടെ, കോണ്‍ഗ്രസ് വിട്ടെന്ന അഭ്യൂഹം ദിവ്യ തള്ളി. താന്‍ കോണ്‍ഗ്രസ് വിട്ടു എന്നത് വെറും ഗോസിപ്പാണെന്നായിരുന്നു ദിവ്യയുടെ പ്രതികരണം. ആളുകള്‍ക്ക് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എഴുതാനും വായിച്ചു രസിക്കാനും വലിയ താത്പര്യമായിരിക്കും. ഇതൊന്നും ശ്രദ്ധിക്കാന്‍ തനിക്ക് സമയമില്ല. തന്നെ പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ദിവ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."