വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ
ദുബൈ: മൂല്യവർധിത നികുതി (വാറ്റ്) നിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകിയതായി ധന മന്ത്രാലയം അറിയിച്ചു. നിക്ഷേപക ഫണ്ട് മാനേജ്‌മെന്റ് സേവനങ്ങൾ, വെർച്വൽ ആസ്തികളുമായി ബന്ധപ്പെട്ട സേവനങ്ങൾ, സർക്കാർ സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും തമ്മിലുള്ള ഫണ്ട് കൈമാറ്റം എന്നിവയെ വാറ്റിൽ നിന്ന് ഒഴിവാക്കി നിക്ഷേപ മാനേജ്മെന്റ് മേഖലയിലെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ ആകർഷണീയത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിക്ഷേപ ഫണ്ട് മാനേജ്‌മെന്റ് സേവനങ്ങളെ വാറ്റ് നികുതിയിൽ നിന്ന് ഒഴിവാക്കിയത്.
വെർച്വൽ ആസ്തി നിക്ഷേപത്തിനുള്ള മുൻനിര കേന്ദ്രമായി യു.എ.ഇയെ നിലനിർത്തിക്കൊണ്ട് നൂതന സാമ്പത്തിക സാങ്കേതിക വിദ്യയെയും നവീകരണത്തെയും പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വെർച്വൽ ആസ്തികളുമായി ബന്ധപ്പെട്ട ചില സേവനങ്ങളെ വാറ്റിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ധന മന്ത്രാലയം അറിയിച്ചു. ജീവകാരുണ്യ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും തമ്മിൽ 12 മാസക്കാലയളവിൽ 50 ലക്ഷം ദിർഹം വരെ വിലമതിക്കുന്ന സംഭാവനകൾ കൈമാറുന്നതിനും വാറ്റ് നികുതി ബാധകമാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."