'എന്നോട് തന്നെ ഞാന്‍ പറഞ്ഞിട്ടില്ല, അത്ര സ്വകാര്യമാണ് അക്കാര്യം'
ആറ്റൂര്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കവികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ കവിതകളില്‍ ഏറ്റവും ഇഷ്ടം തോന്നിയത് ഈ വരിയാണ്. 'എന്നോട് തന്നെ ഞാന്‍ പറഞ്ഞിട്ടില്ല. അത്ര സ്വകാര്യമാണ് അക്കാര്യം.' ഈ വരികള്‍ എന്റെ വയലറ്റിലുള്ള കത്തുകള്‍ എന്ന പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നോട് എന്റെ കവിയമ്മാവന്‍ പറഞ്ഞത് പോലെ എന്ന് പറഞ്ഞാണ് ഇവ ഞാന്‍ എഴുതിയത്. ആറ്റൂര്‍ രവിവര്‍മയാണ് കവിയമ്മാവന്‍ എന്ന് അടിയില്‍ എഴുതിയിരുന്നു. നമുക്ക് എഴുതാന്‍ പറ്റാത്ത വരി അദ്ദേഹം എഴുതിയപ്പോള്‍ പകര്‍ത്തി എന്റെ കവിതയില്‍ എഴുതുകയായിരുന്നു.
മലയാളത്തിലെ ആധുനിക കവികളില്‍ സുപ്രധാന വ്യക്തികളില്‍ ഒരാളാണ് ആറ്റൂര്‍. എണ്‍പതുവരെ ഗ്രാമീണ അന്തരീക്ഷത്തിലുണ്ടായിരുന്ന കവിതയിലേക്ക് നഗരത്തെ കൊണ്ടുവന്ന വ്യക്തികളില്‍ ഒരാളുമായിരുന്നു അദ്ദേഹം. അക്കാലത്ത് നോവലുകള്‍, സിനിമകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നഗര ബിംബങ്ങളുണ്ടായെങ്കിലും കവിതയില്‍ അതില്ലായിരുന്നു. ആനുകാലികങ്ങളെ കൊണ്ടുവരുന്നതിന് തുടക്കമിടുകയും അത് ജനകീയമാക്കുകയും ചെയ്തതില്‍ ആറ്റൂരിന് നിര്‍ണായക പങ്കുണ്ട്.
ആറ്റൂര്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്ന കാലത്ത് എഴുതിയ കവിതകള്‍ ഒരുപക്ഷെ, നഗര കവിതകളുടെ ഒരു തുടക്കമാണ്. അത്തരം കവിതകള്‍ക്ക് പാരമ്പര്യത്തിന്റെ ബലം കൂടിയുണ്ടായിരുന്നു. നാഗരിക ബിംബങ്ങള്‍ കവിതയില്‍ വന്നതിന് നിരൂപകര്‍ അടച്ചാക്ഷേപിക്കുന്ന കാലത്ത് കൂടിയായിരുന്നു ഇത്. പിന്നീട് രംഗപ്രവേശനം ചെയ്ത ആധുനിക കവികള്‍ക്കുള്ള പ്രവേശന വഴിയൊരുക്കലു കൂടിയായിരുന്നു ആറ്റൂരിന്റെ തുടക്കം. കൂടാതെ നാഗരിക ബിംബങ്ങളെ കവിതയിലേക്ക് കൊണ്ടുവന്നത് പുതു തലമുറക്ക് നല്‍കിയ വലിയ ധൈര്യം കൂടിയായിരുന്നു.
ചില വേദികളില്‍ ആറ്റൂരിനൊപ്പം ഞാന്‍ പങ്കെടുത്തെങ്കിലും ചുരുങ്ങിയ രീതിയില്‍ മാത്രമായിരുന്നു അന്ന് സംസാരിച്ചിരുന്നത്. ആറ്റൂരിനെ പലപ്പോഴും കാണാറുണ്ടെങ്കിലും ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞാന്‍ നോര്‍വയില്‍ നിന്നുള്ള കഥാകൃത്തിനൊപ്പം പോയിരുന്നു. രണ്ട് വര്‍ഷം മുന്‍പായിരുന്നു അത്.
സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു, വിത്സന്‍ വളരെ കുറച്ച് മാത്രം എഴുതുന്നയാളാണല്ലോ, അത് നല്ലതാണ്. എനിക്ക് ഉള്ളില്‍ ചിരിവന്നു. കാരണം നമ്മള്‍ സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം എഴുതാറുണ്ട്. അദ്ദേഹം ഇത് കാണാറില്ല. ഞാന്‍ ചിരിച്ച് പറഞ്ഞു ബ്ലോഗിലോ ഇന്റര്‍നെറ്റിലോ കവിത എന്ന പേരില്‍ നമ്മള്‍ കാണിക്കുന്ന കുരുത്തക്കേടുകള്‍ സാര്‍ കാണുന്നില്ലല്ലോ, അത് നന്നായി. പിന്നീട് ഞാന്‍ എഴുതിയ കവിത വായിച്ചു കേള്‍പ്പിച്ചു. കോളജിലേക്ക് രണ്ട് വഴികള്‍, വായയും മലദ്വാരവും പോലെ എന്ന് തുടങ്ങുന്ന അദ്ദേഹത്തിന്റെ കവിതകളൊക്കെ വലിയ സ്വാധീനം ചെലുത്തിയ കവിതകളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."