ഖത്തറിലെ അമ്യൂസ്‌മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും ഇളവ് പ്രഖ്യാപിച്ചു
ദോഹ: ഖത്തറിലെ അമ്യൂസ്‌മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും വാണിജ്യ മന്ത്രാലയം കോവിഡ് നിയന്ത്രണത്തില്‍ ഇളവ് പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണം നീക്കുന്നതിന്റെ നാലാം ഘട്ടമാണ് നടപ്പില്‍ വരുന്നത്. ജനുവരി 3 മുതലാണ് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. വിനോദ പരിപാടികള്‍ മൂന്ന് ഘട്ടങ്ങളിലായാണ് പുനരാരംഭിക്കുകയെന്ന് മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തില്‍ പറയുന്നു.
ആദ്യഘട്ടം: ജനുവരി 3 മുതല്‍ ഔട്ട്‌ഡോര്‍ കളിസ്ഥലങ്ങള്‍, കുട്ടികളുടെ ഔട്ട്‌ഡോര്‍ ഗെയിമുകള്‍, ബില്യാര്‍ഡ്‌സ്, ബൗളിങ് എന്നിവ ആരംഭിക്കും
രണ്ടാംഘട്ടം: ജനുവരി 11 മുതല്‍ ഇലക്ട്രോണിക് ഗെയിമുകളും ട്രംപോലിനുകളും ആരംഭിക്കും
മൂന്നാംഘട്ടം: ജനുവരി 24 മുതല്‍ ബൗണ്‍സറുകള്‍, ഇന്‍ഫ്‌ളേറ്റബിള്‍ ഗെയിമുകള്‍, ബോള്‍ പിറ്റുകള്‍ എന്നിവ
അമ്യൂസ്‌മെന്റ് സെന്ററുകളിലും പാര്‍ക്കുകളിലും വിനോദ പരിപാടികള്‍ 50 ശതമാനം ശേഷിയില്‍ ക്രമാനുഗതമായി ആരംഭിക്കാനാണ് തീരുമാനം. വിവിധ മന്ത്രാലയങ്ങള്‍ നിര്‍ദദേശിച്ച കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം. ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് പരിശോധിച്ചാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക. കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. മാസ്‌ക്ക് ധരിക്കാത്തവരെ അകത്തു കടത്തില്ല. റിക്രിയേഷന്‍ സെന്ററിനകത്ത് 10 വയസ്സിന് മുകളിലുള്ള എല്ലാവരും മാസ്‌ക്ക് ധരിച്ചിരിക്കണം.
പ്രവേശന കവാടത്തില്‍ സന്ദര്‍ശകരുടെ ശരീര താപം പരിശോധിക്കും. 39 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ളവരെ തടയും. രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. വിനോദ പരിപാടികള്‍ നല്‍കുന്ന കമ്പനികള്‍ അധികൃതര്‍ നിര്‍ദേശിച്ച മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."