പൊതുമാപ്പ്: അനധികൃത തൊഴിലാളികളെ നാടുകടത്താന്‍ സ്ഥാപനങ്ങള്‍ക്കു മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം
ജിദ്ദ: മൂന്ന് മാസത്തെ പൊതുമാപ്പ് അനുകൂലമായി ഉപയോഗപ്പെടുത്തണമെന്നും വാണിജ്യ സ്ഥാപനങ്ങളിലെ നിയമാനുസൃതമല്ലാത്ത ജോലിക്കാരെ നാടുകടത്തണമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് രാജ്യത്തെ ചേമ്പറുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ അയച്ചു.
പൊതുമാപ്പ് അവസാനിക്കാന്‍ 27 ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 24ന് അവസാനിക്കുന്ന ഇളവുകാലത്തിന് ശേഷം അനധികൃത തൊഴിലാളികളെ കണ്ടെത്തിയാല്‍ നിയമാനുസൃതമായ പിഴ ചുമത്തുമെന്നും വാണിജ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. വിവിധ മേഖലയിലെ ചേമ്പറുകള്‍ വഴിയാണ് സര്‍ക്കുലര്‍ വാണിജ്യ സ്ഥാപനങ്ങളിലേക്ക് അയച്ചത്.
തൊഴില്‍, ഇഖാമ നിയമലംഘകരെ സ്ഥാപനങ്ങളില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ ആവര്‍ത്തിക്കുന്നു. 19 മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പങ്കെടുക്കുന്ന 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന കാമ്പയിന്റെ ആനുകൂല്യം പരമാവധി പേര്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കാമ്പയിന്‍ കാലം അവസാനിക്കുന്നതോടെ പരിശോധന കര്‍ശനമാക്കും. ഇളവുകാലത്തിന് ശേഷം നാടുകടത്തുന്ന വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തി സഊദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."