സ്‌കൂളുകളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തും
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികള്‍ക്ക് അറിവു പകരാനായി കൊച്ചി കോര്‍പറേഷന്റെ പരിധിയിലെ സ്‌കൂളുകളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. കാലം തെറ്റിയ മഴയും വെയിലും കൊടും വരള്‍ച്ചയും നാം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒഴിവാക്കാനാവും.
എറണാകുളം വൈ.എം.സി.എയില്‍ കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയുള്ള കാര്‍ട്ടൂണ്‍ പ്രദര്‍ശനം 'ക്ലൈമ ടൂണ്‍' ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയും വൈ.എം.സി.എയും ചേര്‍ന്നാണ് വൈ.എം.സി.എയില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. 125 കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം ബുധനാഴ്ചവരെ തുടരും. മാലിന്യ സംസ്‌കരണത്തില്‍ ഒരു ചെറു ചുവടുപോലും പ്രധാനമാണെന്ന് മേയര്‍ പറഞ്ഞു.
വൈ.എം.സി.എ. എറണാകുളം പ്രസിഡന്റ് പി.ജെ. കുരിയാച്ചന്‍ അധ്യക്ഷതവഹിച്ചു. കിരണ്‍ എസ്, ടി. കലാധരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പോള്‍ എബ്രഹാം വാക്കനാല്‍, കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."