കാനത്തിനെതിരേ പോസ്റ്ററൊട്ടിച്ചത് പാര്ട്ടിക്കാര് തന്നെ; എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗമടക്കം രണ്ട് പേര് അറസ്റ്റില്‍
ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസ് മതിലില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പോസ്റ്ററൊട്ടിച്ചത് സി.പി.ഐക്കാര്‍ തന്നെയെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ജയേഷ് മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് മതിലില്‍ കാനത്തിനെതിരേയുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തുടര്‍ന്ന് പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ ഉടമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാര്‍ സുഹൃത്ത് കൊണ്ടുപോയതാണന്നുമാണ് പറഞ്ഞത്. അമ്പലപ്പുഴ സ്വദേശിയാണ് ഇയാള്‍.
അതേസമയം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി.പി.ഐ നേതാക്കള്‍ തന്നെയാണെന്ന കാര്യം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."