വെള്ളമുണ്ടയില്‍ വീട് കുത്തിത്തുറന്ന് 23 പവന് സ്വര്‍ണം കവര്‍ന്നു
വെള്ളമുണ്ട (വയനാട്): ആളില്ലാത്ത വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന് 23 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മാനന്തവാടി താലൂക്ക് ഓഫിസ് ജീവനക്കാരനായ വെള്ളമുണ്ട പീച്ചങ്കോട് തയ്യത്ത് രാജേഷ് കുമാറിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്.
വീട്ടുടമയും കുടുംബവും സിനിമയ്ക്കു പോയ സമയത്തായിരുന്നു മോഷണം. കിടപ്പുമുറിയിലെ അലമാരയ്ക്കകത്തെ ഡ്രോവറില്‍ ചെറിയ ജ്വല്ലറി ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഡ്രോവര് എടുത്തു വീടിനു സമീപത്തെ റോഡിന്റെ എതിര്‍വശത്തെ വാഴത്തോട്ടത്തിലെത്തിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
ബാഗില്‍നിന്നു സ്വര്‍ണമെടുത്തു ഡ്രോവറും ബാഗും ഉപേക്ഷിച്ചിട്ടുണ്ട്.
ബാഗില്‍ അര പവനോളം വരുന്ന കമ്മല്‍ ബാക്കിയുണ്ട്. ശനിയാഴ്ച വൈകിട്ടോടെ പുറത്തുപോയ കുടുംബം രാത്രി പതിനൊന്നരയോടെ തിരിച്ചെത്തിയിരുന്നെങ്കിലും മോഷണം ശ്രദ്ധയില്‍പെട്ടിരുന്നില്ല.
പുറമേനിന്നു ഭക്ഷണം കഴിച്ചെത്തിയതിനാല് അടുക്കളയില്‍ പോയതുമില്ല. ഇന്നലെ രാവിലെയാണ് അടുക്കള വാതിലും അലമാരയും തുറന്നതു ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടര്‍ന്നു പൊലിസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ വെള്ളമുണ്ട പൊലിസ് കേസെടുത്ത് അന്വേഷണം മാരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
കണ്ടത്തുവയലില്‍ നവദമ്പതികളെ കൊലപ്പെടുത്തി എട്ടു പവനോളം സ്വര്‍ണം കവര്‍ച്ച നടത്തിയ സംഭവത്തിനു പിന്നാലെ ചെറുതും വലുതുമായി നിരവധി മോഷണങ്ങളാണ് വെള്ളമുണ്ട പൊലിസ് സ്റ്റേഷന് പരിധിയില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."