കണ്ണുതുറന്ന് കാണേണ്ടത് കിടപ്പാടമില്ലാത്ത ദലിതരേയും ആദിവാസികളേയും; ബ്രാഹ്മണരുടെ സംവരണ വിഷയത്തില്‍ ചിദംബരേഷിന്റെയും കോടിയേരിയുടെയും നയങ്ങളോട് വിയോജിച്ച് വി.എസ്
കോഴിക്കോട്: സംവരണത്തിനെതിരെയും ജാതിമേധാവിത്വത്തെ അനുകൂലിച്ചും സംസാരിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചിദംബരേഷിനെതിരെ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. പക്ഷെ ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കേണ്ടതുണ്ടെന്ന് വി.എസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ചേരികള്‍ക്ക് സമാനമായ ദുസ്ഥിതിയിലാണ് പല അഗ്രഹാരങ്ങളുമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍, കോടിയേരിയുടെ ദേശാഭിമാനി ലേഖനത്തിനുള്ള മറുപടി കൂടിയാണ് വി.എസിന്റെ പ്രസ്താവന. ഫേസ്ബുക്ക് പോസ്റ്റില്‍ ചിദംബരേഷിന്റെ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും കോടിയേരിയെ കുറിച്ച് പരാമര്‍ശമില്ല. അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണെന്നും വി.എസ് പറയുന്നു.
വി.എസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
നമ്മുടെ നീതിപീഠങ്ങളെക്കുറിച്ച് നമുക്കൊരു വിശ്വാസമുണ്ട്. എന്നാല്‍, ജസ്റ്റിസ് ചിദംബരേഷ് നടത്തിയ ആത്മപ്രകാശത്തോട് പ്രതികരിക്കാതെ പോകുന്നത് ശരിയായിരിക്കില്ല.
അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ല.
സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല.
വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല.
അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ച് വാചാലനാവുന്ന ജസിറ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരേയും ആദിവാസികളേയുമാണ്.
vs slams justice chidambaresh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."