ബഹ്‌റൈനില്‍ ജനുവരി ഒന്നു മുതല്‍ വാറ്റ് നിലവില്‍ വരും
സി.എച്ച്. ഉബൈദുല്ല റഹ്മാനി
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഏകീകൃത വാറ്റും പുതിയ ടാക്‌സും യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ മൂല്യ വര്‍ധിത നികുതി(വാറ്റ്) നടപ്പിലാക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. 2019 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാറ്റ് നിലവില്‍ വരും.
ഇതോടെ പുതുവര്‍ഷംമുതല്‍ ചില ഉല്‍പന്നങ്ങള്‍ക്ക് അഞ്ചുശതമാനം നികുതി ഈടാക്കി തുടങ്ങും. അതേ സമയം അടിസ്ഥാന ഭക്ഷണ സാധനങ്ങളിലും മരുന്നുകളിലും അനുബന്ധ സാധനങ്ങളിലും ഈ നികുതി ബാധകമാകില്ലെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റിന്റെ അസാധാരണ സമ്മേളനത്തിലാണ് സാമ്പത്തിക കാര്യസമിതി സമര്‍പ്പിച്ച വാറ്റ് സംബന്ധിച്ച റിപോര്‍ട്ട് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. നേരത്തെയുണ്ടായ രാജവിളംബരം പരിഗണിച്ചാണ് ജി.സി.സി രാജ്യങ്ങളിലെ ഏകീകൃത നികുതി ഘടനയുടെ ഭാഗമാവാന്‍ ബഹ്‌റൈനും തീരുമാനിച്ചത്. ഇതു സംബന്ധിച്ച തുടര്‍നടപടികള്‍ക്കായി തീരുമാനം ശൂറ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്.
വാറ്റ് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഊര്‍ജം പകരുന്ന സുപ്രധാന തീരുമാനം കൂടിയാണ് വാറ്റ് നടപ്പിലാക്കാനുള്ള തീരുമാനം.
എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ജി.സി.സി രാജ്യങ്ങള്‍ ഉല്‍പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യു.എ.ഇയും സൗദിയും നേരത്തെ തന്നെ വാറ്റ് നടപ്പിലാക്കിയിരുന്നു.ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കു പുറമെ 150ല്‍ പരം രാജ്യങ്ങളിലും വാറ്റ് നിലനില്‍ക്കുന്നുണ്ട്.
വാറ്റ് നടപ്പിലാക്കുന്നത് രാജ്യത്തെ പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും വലിയ തിരിച്ചടിയാകുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും 90 ശതമാനത്തോളം ഉല്‍പന്നങ്ങളും ഈ നികുതിക്ക് പുറത്ത് വരുന്നതിനാല്‍ പുതിയ പരിഷ്‌കാരം കുറഞ്ഞ വരുമാനക്കാരായ പൌരന്‍മാരെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഈ രംഗത്തുള്ള ഒരു പ്രമുഖ വ്യക്തി ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. ജിസിസി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നിരക്ക് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏകീകൃത മൂല്യവര്‍ധിത നികുതിയും (വാറ്റ്) സെലക്ടീവ് ടാക്‌സുമാണ് ജി.സി.സി രാഷ്ട്രങ്ങളില്‍ പുതുവര്‍ഷത്തോടെ നടപ്പിലാക്കാനിരിക്കുന്നത്. ഇതിനുള്ള ആദ്യ പടിയെന്നോണമാണ് വിവിധ രാഷ്ട്രങ്ങള്‍ ഇതു സംബന്ധിച്ച കരാറുകള്‍ അംഗീകരിച്ച് നടപ്പിലാക്കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."