കുടുംബത്തിന് കുടിവെള്ളം തടയുന്നതായി പരാതി
പാലക്കാട്: എച്ച്.ഐ.വി ബാധിതരായ കുടുംബത്തിന് കുടിവെളളം തടയുന്നതായി പരാതി. പുതുശ്ശേരി പഞ്ചായത്തിലെ വേനോലിയില്‍ താമസിക്കുന്ന എച്ച്.ഐ.വി ബാധിതരായ ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിനാണ് കുടിവെളളം എടുക്കുന്നതിന് വിലക്കുളളത്.
പരാതിക്കാരനായ കുടുംബനാഥന് കൂടി അവകാശപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറില്‍ നിന്നും കുടിവെള്ളം എടുക്കുന്നത് തടയുകയാണ് അയല്‍വാസികളായ ചിലര്‍.വെള്ളം എടുക്കുന്നത് തടയാനായി കിണറിലേക്ക് ചപ്പുചവറുകള്‍ വ്യാപകമായി തള്ളുകയാണ് ഇവര്‍ ചെയ്യുന്നത്. വൃത്തിഹീനമായി കിടക്കുന്ന കിണര്‍ നന്നാക്കിയെടുക്കാനോ വെള്ളം എടുക്കാനോ കൂട്ടാക്കാതെ ആട്ടിയോടിക്കാറാണ് പതിവ്. അവശതകള്‍ക്കിടയിലും കിണര്‍ പലതവണ വൃത്തിയാക്കി ഉപയോഗപ്രദമാക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴൊക്കെ ഇവര്‍ ഇടപെട്ട് തടഞ്ഞു. മലിനമായി കിടക്കുന്ന ഈ കിണറിലെ വെള്ളം തന്നെയാണ് ഇപ്പോഴും ഈ കുടുംബത്തിന്റെ ഏക ആശ്രയം.മറ്റു മാര്‍ഗങ്ങളില്ലാതെ കസബ സ്‌റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ പൊലിസ് ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുടുംബത്തിലെ രണ്ട് പേരും എച്ച്.ഐ.വി രോഗബാധിതരായതിനാല്‍ ആരും തന്നെ ഇവരെ തിരിഞ്ഞു നോക്കാനോ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കാനോ മുതിരാറില്ല.
രോഗം മൂലം അവശതയും മാനസിക പരിമുറുക്കവും അനുഭവിക്കുന്നതിനിടയിലാണ് അയല്‍ക്കാരില്‍ നിന്നും ഇത്തരത്തിലുള്ള ദുരവസ്ഥ ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. പൊലിസും കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ ഇനി ആരെ സമീപിച്ചാലാണ് തങ്ങള്‍ക്ക് നീതി കിട്ടുക എന്ന ആശങ്കയില്‍ നീതിക്ക് വേണ്ടി കേഴുകയാണ് ഈ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."