യാതൊരു തുമ്പുമില്ല; നജീബ് കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് അനുമതി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദ് ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ കേസ് അവസാനിപ്പിക്കുന്നു. സംഭവത്തില്‍ ഇതുവരെ യാതൊരു തുമ്പും ലഭിക്കാതിരുന്ന സി.ബി.ഐക്ക് കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.
ജഡ്ജിമാരായ എസ്. മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന രണ്ടംഗ ഡല്‍ഹി ഹൈക്കോടതി ബെഞ്ചിന്റേതാണ് നടപടി. നജീബിന്റെ മാതാവ് ഫാതിമാ നഫീസയുടെ ഹരജിയാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി മുന്‍പാകെയുള്ളത്.
കേസ് സി.ബി.ഐയില്‍നിന്ന് മാറ്റി പ്രത്യേക അന്വേഷണ സംഘത്തിനു (എസ്.ഐ.ടി) കൈമാറണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നുമുള്ള ഫാതിമാ നഫീസയുടെ ആവശ്യവും കോടതി തള്ളി. എന്നാല്‍, ഇക്കാര്യങ്ങള്‍ വിചാരണക്കോടതി മുന്‍പാകെ ആവശ്യപ്പെടാമെന്നും ഹരജിക്കാരിയെ ഹൈക്കോടതി അറിയിച്ചു. 2016 നവംബറില്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം നാലിനു വിധി പറയാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
കേസില്‍ യാതൊരു തുമ്പും ലഭിച്ചില്ലെന്ന് വാദത്തിനിടെ ജൂണില്‍ കോടതിയെ സി.ബി.ഐ അറിയിച്ചിരുന്നു. കേസില്‍ ആരോപണ വിധേയരായ വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നു തെളിവൊന്നും ലഭിച്ചില്ല. ഇതുവരെയുള്ള അന്വേഷണത്തിന്റെ ഫലം പ്രതികൂലമാണ്. നജീബ് എവിടെയാണെന്നുള്ളതെന്ന് അറിയില്ല.
ഇതുവരെ നടത്തിയ അന്വേഷണത്തില്‍ നജീബിനെ കാണാതായതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. ആരോപണ വിധേയരായ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള തെളിവുകളോ, സൂചനകളോ കിട്ടിയില്ല. നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സി.ബി.ഐ കോടതിയോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചാണ് കേസ് അവസാനിപ്പിക്കുന്നതായി അറിയിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കിയത്.
2016 ഒക്‌ടോബര്‍ 15നാണ് ജെ.എന്‍.യുവിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന നജീബിനെ കാണാതായത്. കാണാതാവുന്നതിനു തലേദിവസം കാംപസിലെ മെസ്സില്‍ വച്ച് നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. വലിയ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കു കാരണമായ ഈ കേസ് കഴിഞ്ഞവര്‍ഷം മെയിലാണ് സി.ബി.ഐ ഏറ്റെടുത്തത്. അതേസമയം, കേസ് ഹൈക്കോടതി തള്ളിയെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒരിഞ്ചു പിറകോട്ടുപോവില്ലെന്ന് നജീബിന്റെ ഉമ്മ ഫാതിമാ നഫീസ പറഞ്ഞു. കേസ് അന്വേഷണ ഘട്ടത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
നജീബ് ഐ.എസില്‍ ചേര്‍ന്നുവെന്നുള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിച്ച ചില മാധ്യമങ്ങള്‍ക്കെതിരേ ഫയല്‍ചെയ്ത കോടതിയലക്ഷ്യ കേസിലെ രേഖകള്‍ ഡല്‍ഹി പട്യാലാ ഹൗസ് കോടതിയില്‍നിന്ന് അപ്രത്യക്ഷമായെന്നും ഹൈക്കോടതിയുടെ വിധി ഞെട്ടിക്കുന്നതാണെന്നും ഫാതിമാ നഫീസ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."