വ്രതാനുഷ്ഠാനം കൊണ്ടുള്ള നേട്ടങ്ങള്‍
നോമ്പനുഷ്ഠിക്കുന്ന വിശ്വാസിക്കു മഹത്തായ പ്രതിഫലങ്ങളും കണക്കില്ലാത്ത പുണ്യങ്ങളും ലഭിക്കുമെന്നു നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി (സ) തിരുമേനി പറയുന്നു: സത്യവിശ്വാസത്തോടും പ്രതിഫലകാംക്ഷയോടും കൂടി ആരെങ്കിലും റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്റെ പൂര്‍വകാല പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ് (ബുഖാരി, മുസ്‌ലിം).
വ്രതാനുഷ്ഠാനത്തിനു മറ്റൊരാരാധനാ കര്‍മങ്ങള്‍ക്കുമില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. മനുഷ്യന്‍ ഏതു കര്‍മം അനുഷ്ഠിക്കുകയാണെങ്കിലും ചുരുങ്ങിയത് അതിന്റെ ബാഹ്യരൂപമെങ്കിലും മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയും. എന്നാല്‍ നോമ്പ് അങ്ങിനെയല്ല. അത് ആര്‍ക്കും നോക്കിക്കാണുക സാധ്യമല്ല. അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ രഹസ്യമായി നിലകൊള്ളുന്ന ഒരു ഇബാദത്താണിത്. ഒരാള്‍ രഹസ്യമായി വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച് പുറത്തുവന്ന് നോമ്പുകാരനാണെന്നു പറഞ്ഞാല്‍ മറ്റാര്‍ക്കും അതു നിഷേധിക്കുക സാധ്യമല്ല. അതിനാല്‍ എല്ലാ രഹസ്യങ്ങളും അല്ലാഹു അറിയുമെന്നും അവനെ മറച്ചുകൊണ്ട് യാതൊരു പ്രവൃത്തിയും സാധ്യമല്ലെന്നും ഉറച്ച വിശ്വാസമുള്ളവര്‍ മാത്രമേ നോമ്പനുഷ്ഠിക്കൂ. അതുകൊണ്ടാണല്ലോ ഒളിവില്‍ വച്ച് പോലും നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുന്നത്. അല്ലാഹു പറഞ്ഞതായി ഒരു ഖുദ്‌സിയ്യായ ഹദീസില്‍ വന്നിട്ടുണ്ട്: നോമ്പ് എനിക്കുള്ളതാണ് അതിന്റെ പ്രതിഫലം നല്‍കുന്നതും ഞാനാണ് (ബുഖാരി).
റമദാനിലെ നോമ്പുകൊണ്ട് നിരവധി നേട്ടങ്ങളുണ്ട്. ദുര്‍ബലനായ മനുഷ്യന്‍ പതിനൊന്ന് മാസക്കാലം അവന്റെ ജീവിത യാത്രയില്‍ അല്ലാഹുവിന്റെ നിയമാതിര്‍ത്തികള്‍ പലതും ലംഘിച്ച് താന്തോന്നിയായി ജീവിച്ചതു കാരണം അവന്‍ അവന്റെ നാഥനില്‍ നിന്നു ബഹുദൂരം അകന്നു പോയിരിക്കുകയാണ്. റമദാനിലെ നോമ്പ് അവനെ പരിശുദ്ധനും പാപവിമുക്തനുമാക്കിത്തീര്‍ക്കുക വഴി അവന്‍ അല്ലാഹുവിന്റെ സാമീപ്യ സിദ്ധനായിത്തീരുന്നു. അതുപോലെ തന്നെ പതിനൊന്ന് മാസക്കാലം മൂക്കറ്റം തിന്നും കുടിച്ചും വിശപ്പും ദാഹവും എന്താണെന്നറിയാതെ സുഖലോലുപന്മാരായി ജീവിക്കുന്ന മുതലാളി വര്‍ഗത്തിനു പട്ടിണിപാവങ്ങളുടെ നേരെ ദയ തോന്നണമെങ്കില്‍ അവരും വിശപ്പും ദാഹവും കുറച്ചൊന്നറിയണം. അതിനു നോമ്പ് ഉപകരിക്കുന്നു. അങ്ങനെ സാധുക്കളുടെ നേരെ സഹായഹസ്തം നീട്ടുവാനും അതിലുപരി ഐക്യവും സൗഹാര്‍ദവും കെട്ടിപ്പടുക്കുന്നതിനും നോമ്പ് മനുഷ്യനെ സജ്ജമാക്കുന്നു.
ഇസ്‌ലാമിലെ വ്രതാനുഷ്ഠാനം കൊണ്ട് മനുഷ്യന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം സമ്മതിക്കുന്നു. ഇത്ര മഹത്വമേറിയ ഒരു പ്രധാന ഇബാദത്തും, ഇസ്‌ലാമിലെ പഞ്ച സ്തംഭങ്ങളിലൊന്നായ റമദാനിലെ വ്രതാനുഷ്ഠാനം ഒരു യഥാര്‍ഥ മുസ്‌ലിമും വിട്ടുകളയുകയില്ല. അനുവദിക്കപ്പെട്ട കാരണങ്ങളൊന്നും കൂടാതെ നോമ്പ് ഉപേക്ഷിക്കുന്നവന്‍ വലിയ കുറ്റക്കാരനാണ്. നബി (സ) തിരുമേനി അരുള്‍ ചെയ്യുന്നു: ആരെങ്കിലും രോഗമോ മറ്റു കാരണമോ കൂടാതെ റമദാന്‍ മാസത്തില്‍ ഒരുദിവസം നോമ്പ് ഉപേക്ഷിക്കുന്ന പക്ഷം ജീവിതകാലം മുഴുവനും വ്രതമനുഷ്ഠിച്ചാലും അതിനു പരിഹാരമാവുകയില്ല (തുര്‍മുദി).
(സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."