പെരുമ്പിലാവ് കാലിച്ചന്ത 'കാലിയായി'; കഴിഞ്ഞ ദിവസം നടന്നത് അഞ്ചിലൊന്നു വ്യാപാരം
ചങ്ങരംകുളം: പാരമ്പര്യത്തിന്റെ പ്രൗഢിയുള്ള പെരുമ്പിലാവ് കാലിച്ചന്തയില്‍ കഴിഞ്ഞ ദിവസം നടന്നത് അഞ്ചിലൊന്നു വ്യാപാരം. ചൊവ്വാഴ്ചതോറും നടക്കുന്ന പെരുമ്പിലാവ് ചന്തയാണ് കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം നിലനില്‍പു ഭീഷണിയിലായത്.
ആയിരത്തിലേറെ കാലികളുടെ വില്‍പന നടക്കുന്ന ഇവിടെ കഴിഞ്ഞ ദിവസം നടന്നത് ഇരുന്നൂറിനടുത്ത് ഉരുക്കളുടെ കച്ചവടം മാത്രം. അനുബന്ധ വ്യാപാര മേഖലകളിലും ഇതിന്റെ പ്രതിഫലനമുണ്ടായി.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നു ലോഡുകണക്കിനു കന്നുകാലികളെയാണു ചന്തയില്‍ വില്‍ക്കാനായി സാധാരണ എത്തിക്കുന്നത്. എന്നാല്‍ നിരോധനം വരുംമുന്‍പു കഴിഞ്ഞ ആഴ്ചയിലും മറ്റുമായി നാട്ടിലെത്തിച്ച മറുനാടന്‍ കന്നുകാലികളുടെയും നാടന്‍ കന്നുകാലികളുടെയും വില്‍പന മാത്രമാണ് ഇന്നലെ നടന്നത്. ഇത്തവണ കന്നുകാലികളുടെ വരവ് കുറവായതിനാല്‍ ഉള്ളവയുടെ വില വര്‍ധിച്ചു. ഉരുവൊന്നിന് 30,000 രൂപ വരെ വില ഉയര്‍ന്നതായി പറയുന്നു. തിങ്കളാഴ്ചതോറും നടക്കുന്ന ആട് ചന്തയുടെ വിപണിയും ചൊവ്വാഴ്ചത്തെ കാലിച്ചന്തയെ ആശ്രയിച്ചാണ്. റമദാന്‍ പോലുള്ള സീസണുകളില്‍ ചന്തയിലെ വ്യാപാരം ഇരട്ടിയായി വര്‍ധിക്കാറുണ്ട്.
തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങി അയല്‍ ജില്ലകളില്‍നിന്നു ചന്തയിലേക്കു വ്യാപാരികളുടെ ഒഴുക്കു പതിവാണ്. കഴിഞ്ഞ ദിവസം ചന്തയില്‍ പ്രധാന ദല്ലാള്‍മാരോ കച്ചവടക്കാരോ എത്തിയില്ല. ഓരോ ആഴ്ചയിലും ചന്തയില്‍നിന്നു കിട്ടുന്ന വരുമാനംകൊണ്ടു ജീവിക്കുന്ന ഏജന്റുമാരും കച്ചവടക്കാരും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുണ്ട്. ചന്തയുടെ നടത്തിപ്പ് നിലയ്ക്കുമെന്ന പ്രചാരണം കാരണം ഏതാനും ആളുകള്‍ മാത്രമേ കച്ചവടത്തിന് എത്തിയുള്ളൂ. നിബന്ധനകള്‍ സംബന്ധിച്ച് അറിയിപ്പൊന്നും കിട്ടാത്തതിനാല്‍ കഴിഞ്ഞ ദിവസം പതിവുപോലെയായിരുന്നു കച്ചവടം.
രേഖകളോ മറ്റുള്ളവയോ ആവശ്യപ്പെട്ടതായുള്ള വിവരവും ലഭ്യമായിട്ടില്ല. രാവിലെ ആറോടെ തുടങ്ങി വൈകിട്ടു മൂന്നു വരെ തുടരുന്ന വിപണി പക്ഷേ ഇന്നലെ കച്ചവടം തുടങ്ങി രണ്ടു മണിക്കൂറിനകം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."