ജയ് ശ്രീറാം വിളിക്കാം, പക്ഷെ വിളിപ്പിക്കരുത്
ഇന്ത്യ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കില്ല എന്ന മനോഭാവം വിവിധ തലങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. മുമ്പൊക്കെ എതിരഭിപ്രായങ്ങളെക്കൂടി സ്വീകരിക്കുകയെന്ന നിലപാടാണ് രാഷ്ട്രീയ പാര്‍ട്ടികളും അധികാരികളും സ്വീകരിച്ചിരുന്നത്. ജനാധിപത്യത്തിന്റെ അടിത്തറ ഭിന്ന നിലപാടുകളിലാണ് പടുത്തുയര്‍ത്തിയിരിക്കുന്നത് എന്നതുകൊണ്ടുതന്നെ നിയമനിര്‍മാണ സഭകള്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിപക്ഷ നിലപാടുകള്‍ ഗൗരവത്തോടെ പരിഗണിച്ചിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ ഉത്തമമായ മാതൃക.
എന്നാല്‍ ഇന്ന് പാര്‍ലമെന്റില്‍പോലും എതിര്‍ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണുള്ളത്. ഭൂരിപക്ഷത്തിന്റെ ശബ്ദം ന്യൂനപക്ഷത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാനുള്ള നിഗൂഢമായ ശ്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം പൊതുസമൂഹത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും ദൃശ്യമായിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ മതപരമായ മേധാവിത്വത്തെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ഉത്കണ്ഠയുണ്ടാക്കുന്ന സാഹചര്യമാണിത്.
അടുത്ത കാലത്ത് ഇന്ത്യയില്‍ ഏറെ വിവാദമായ അനീതികള്‍ക്ക്് പിറകില്‍ വ്യത്യസ്തവീക്ഷണങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരുന്നു. ജനാധിപത്യസമൂഹത്തിലെ ഒരു വ്യക്തിയുടെ ജീവിതരീതി നിര്‍ണയിക്കാനുള്ള അവകാശങ്ങളും അധികാരങ്ങളും ആ വ്യക്തിക്ക് മാത്രമുള്ളതാണ്. മറ്റൊരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താത്ത കാലത്തോളം അത് അംഗീകരിച്ചേ മതിയാവുകയുള്ളൂ. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ജനാധിപത്യസംവിധാനം നമുക്ക് സമ്മാനിച്ച ഈ സ്വാതന്ത്ര്യം പോലും ഇന്ന് ഭീഷണി നേരിടുകയാണ്.
ഏത് ആരാധനാലയത്തില്‍ പോകണം, ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷിക്കണം, എന്ത് വായിക്കണം, എങ്ങനെ ചിന്തിക്കണം എന്നുള്ളതൊക്കെത്തന്നെ നമ്മുടെ ജനാധിപത്യ സംവിധാനം നമുക്ക് അനുവദിച്ചു തന്ന സൗഭാഗ്യങ്ങളില്‍ ചിലതാണ്. എന്നാല്‍, ഇന്നത്തെ അന്തരീക്ഷത്തില്‍ ഈ അവസ്ഥകളെല്ലാം വെല്ലുവിളിക്കപ്പെടുന്നു. ഭക്ഷണകാര്യത്തില്‍ അടുത്തകാലത്ത് ചില മേഖലകളിലുണ്ടായ വിവാദപരമായ ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരേ തരത്തില്‍ വെല്ലുവിളിയായി മാറുകയാണ്. ഇതേ രീതി തന്നെയാണ് എന്തു പറയണം, പറയാതിരിക്കണം എന്ന സ്വാതന്ത്ര്യത്തിനും നേരിട്ടുകൊണ്ടിരിക്കുന്നത്.
അടുത്തകാലത്ത് 'ജയ് ശ്രീറാം' വിളിക്കാത്തതിന്റെ പേരില്‍ ചില വ്യക്തികള്‍ ആക്രമണങ്ങള്‍ക്കിരയായി. അങ്ങനെ വിളിക്കുന്നത് പുണ്യമാണെന്ന് കരുതുന്നവര്‍ അത് വിളിക്കുന്നതിനെ നമുക്ക് അംഗീകരിക്കാം. എന്നാല്‍ തങ്ങളുടെ വിശ്വാസത്തിന് എതിരായ ഒരു കാര്യത്തിന് മറ്റുള്ളവരെ നിര്‍ബന്ധിക്കുന്ന സാഹചര്യം ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ദുര്‍ബലപ്പെടുത്തുക തന്നെ ചെയ്യും. പലപ്പോഴും ഇങ്ങനെ വിളിക്കുന്നത് അത്രയൊന്നും സമാന്യ വിദ്യാഭ്യാസം കിട്ടാത്തവരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് തോന്നുമെങ്കിലും എന്നാല്‍ അങ്ങനെയല്ലായെന്ന് അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഒരു രാഷ്ട്രീയ പ്രസ്ഥാന വക്താക്കള്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തില്‍പ്പെട്ട ഒരു നിയമസാമാജികനെക്കൊണ്ട് നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിക്കുന്ന ദൃശ്യം വാര്‍ത്തകളില്‍ കാണുകയുണ്ടായി. ഇത് അപകടകരമായ ഒരു യാഥാര്‍ഥ്യമല്ലേ. മറ്റൊരു മതത്തിലെ വിശ്വാസങ്ങളെ മറ്റ് വിശ്വാസികളിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ഇന്ത്യന്‍ മതേതര സംവിധാനത്തിന്റെ ഭാവി എന്താകുമെന്ന ചോദ്യമുയരുകയാണ്. ഇന്ത്യയില്‍ മുമ്പൊരിക്കലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയ ചരിത്രമില്ല. ഈ ഒരു സഹചര്യത്തിലായിരിക്കാം ഇന്ത്യയിലെ സാംസ്‌കാരിക സാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 49 ഓളം പ്രമുഖര്‍ ഈ അനീതിക്കെതിരേ പ്രധാനമന്ത്രിക്ക് കത്തെഴുതുകയുണ്ടായി.
പ്രമുഖ സംവിധായകനായ അടൂര്‍ ഗോപാലകൃഷ്ണനും ആ കത്തില്‍ ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രിക്കുള്ള കത്തില്‍ ഒരിടത്തും മറ്റൊരു വിശ്വാസത്തെ വ്രണപ്പെടുത്തുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒന്നുമില്ല. മറിച്ച് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് അധികാരികളോട് ആവശ്യപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ. ഒരു പക്ഷെ വ്യാപകമായി പടര്‍ന്നുവരുന്ന ഇത്തരം പ്രവണതകളിലുള്ള ഉത്കണ്ഠയായിരിക്കാം ഈ പരസ്യ പ്രസ്താവനക്ക് പിന്നിലെ പ്രേരകം.
ജയ്ശ്രീറാം വിളിക്കാത്തതിന് കൊല്ലപ്പെടുകയും മര്‍ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ആള്‍ക്കൂട്ടങ്ങള്‍ ഭ്രാന്തമായ ആവേശത്തോടെ നിര്‍ബന്ധിച്ച് വിളിപ്പിക്കുന്ന രീതിയും കണ്ടു വരികയാണ്. ഒരു ജനാധിപത്യ മതേതര വിശ്വാസിയെ സംബന്ധിച്ചിടത്തോളം നിസംഗതയോടെ വെറും കാഴ്ചക്കാരനായി ഈ ദുഷിച്ച പ്രവണതകള്‍ക്കു മുന്നില്‍ നില്‍ക്കാനാവില്ല. അതായിരിക്കാം ഈ അനീതിക്കെതിരേ പ്രമുഖര്‍ പരസ്യമായി രംഗത്തെത്താനുണ്ടായ കാരണം.
ഈ ആക്രമണങ്ങള്‍ക്കെതിരേ ഒരു നടപടിയും എടുക്കാത്ത ഭരണാധികാരികളുടെ നിസംഗത നമ്മെ പേടിപ്പെടുത്തുകയാണ്. ഇങ്ങനെ പ്രതികരിക്കാത്തവരുടെ മുഖത്തുനോക്കി അവരുടെ നിലപാടിലുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്ന രീതിയും വര്‍ധിച്ച് വരുന്നു. സമൂഹത്തിലുണ്ടാവുന്ന എല്ലാ കെടുതികളോടും ഒരു പക്ഷെ എല്ലായിപ്പോഴും എല്ലാരും പ്രതികരിച്ചോളണമെന്നില്ല. എങ്കിലും ചില സംഭവങ്ങള്‍ വ്യക്തികളില്‍ പ്രത്യേക രീതിയില്‍ സ്വാധീനിക്കപ്പെടും. അതിനോടുള്ള പ്രതികരണമായി ഇതിനെ കണ്ടാല്‍ മതി.
അടൂരെന്ന സംവിധായകന്‍ സമൂഹത്തിലെ പല അവസ്ഥകള്‍ക്കു മുന്നിലും മുമ്പ് നിസംഗതനായിട്ടുണ്ട്. അതുകൊണ്ട് ഈ കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചതിനെ ഒരു തെറ്റായി കാണാന്‍ കഴിയില്ല. പ്രതികരണങ്ങള്‍ ഒരു വ്യക്തിയുടെ മനസില്‍ നിന്നും സ്വാഭാവികമായി ഉരുത്തിരിയേണ്ടതാണ്. ജനാധിപത്യം നിരന്തരം നമ്മോട് ആവശ്യപ്പെടുന്നതും അത്തരം പ്രതികരണങ്ങള്‍ തന്നെയാണ്. അതിന് മുതിരുന്നവരെ നമ്മള്‍ ചോദ്യം ചെയ്യുകയല്ല വേണ്ടത്. ആ വ്യക്തി പറഞ്ഞതിലെ പൊരുളും അന്തഃസത്തയും ഉള്‍ക്കൊണ്ട് അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനാണ് ശ്രമിക്കേണ്ടത്. എങ്കിലേ ജനാധിപത്യം നിലനില്‍ക്കൂ. തീര്‍ച്ചയായും അടൂര്‍ അടക്കമുള്ള പ്രമുഖ ചിന്തകര്‍ സ്വീകരിച്ച നിലപാടുകള്‍ നമ്മള്‍ സ്വാഗതം ചെയ്യേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തില്‍ അത് അനിവാര്യവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."