വന്‍കിട സൗരോര്‍ജ പദ്ധതികളുമായി ജലസേചന വകുപ്പും
തിരുവനന്തപുരം: വന്‍കിട സൗരോര്‍ജ പദ്ധതികള്‍ ആരംഭിക്കാന്‍ ജല അതോറിറ്റിയും സംസ്ഥാന ജലസേചന വകുപ്പും തയാറെടുക്കുന്നു.
ലഭ്യമായ പ്രദേശങ്ങളിലെല്ലാം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. ജല അതോറിറ്റിയും അനെര്‍ട്ടുമായി സഹകരിച്ചുള്ളതാണ് പദ്ധതി. ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചീഫ് എന്‍ജിനിയര്‍മാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ജലസേചന വകുപ്പിന്റെ പദ്ധതിപ്രദേശങ്ങളിലും ഡാമുകളുടെ വൃഷ്ടിപ്രദേശത്തും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. കെ.എസ്.ഇ.ബിയുമായി സഹകരിച്ചാവും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുക. ഇതിന് കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഈ വൈദ്യുതിയില്‍ ജലസേചന വകുപ്പിന്റെ ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക് കൈമാറുന്നതാണ് പദ്ധതി. സമാനരീതിയില്‍ അനെര്‍ട്ടുമായി സഹകരിച്ച് ജല അതോറിറ്റിയും പദ്ധതി തയാറാക്കും.
ഡാമുകള്‍ കേന്ദ്രീകരിച്ചും പദ്ധതിപ്രദേശങ്ങളിലെ ഒഴിഞ്ഞ ഇടങ്ങള്‍ കേന്ദ്രീകരിച്ചും സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കും. ഇതിനുപുറമെ അനെര്‍ട്ടുമായി സഹകരിച്ച് പുരപ്പുറ സൗരോര്‍ജ പദ്ധതിയും ജല അതോറിറ്റി തയാറാക്കിയിട്ടുണ്ട്.
ഇതിന്റെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമായി. ജല അതോറിറ്റിയുടെ കേന്ദ്ര കാര്യാലയത്തില്‍ 25 കെ.വി സൗരോര്‍ജ നിലയമാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. തിരുമല, ആറ്റുകാല്‍ എന്നിവിടങ്ങളില്‍ 100 കെ.വിയുടെ വീതവും ഒബ്‌സര്‍വേറ്ററിയില്‍ 60 കെ.വിയുടെയും നിലയങ്ങളുടെ നിര്‍മാണവും പുരോഗമിച്ചുവരുന്നു. 2.83 കോടി രൂപയാണ് ഈ നാല് പദ്ധതികളുടെയും ആകെ ചെലവ്. മറ്റ് ജില്ലകളിലെ ഓഫിസ് മന്ദിരങ്ങളിലും പുരപ്പുറ സൗരോര്‍ജ വൈദ്യുതി ഉല്‍പാദനം ആരംഭിക്കും.
പുതിയ പദ്ധതിയിലൂടെ വന്‍ സാമ്പത്തിക ബാധ്യത നേരിടുന്ന ജല അതോറിറ്റിയുടെ നഷ്ടം കുറയ്ക്കുക കൂടിയാണ് ലക്ഷ്യം. പ്രതിവര്‍ഷം 360 കോടി രൂപ വൈദ്യുതി ബില്‍ ഇനത്തില്‍ ജല അതോറിറ്റി നല്‍കുന്നുണ്ട്. ഇപ്പോള്‍തന്നെ 1500 കോടിയോളം രൂപ കുടിശികയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."