പൊലിസുകാരന്റെ ആത്മഹത്യ: മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ: തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സജിനി
പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാംപിലെ പൊലിസുകാരന്‍ അനില്‍കുമാര്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഭാര്യ സജിനി. പൊലിസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് അനില്‍കുമാറിന്റേത് തന്നെയാണെന്നും കേസില്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സജിനി പറഞ്ഞു.
അനില്‍ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. മേലുദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കത്തില്‍ ഉണ്ടെന്നാണ് വിവരം. എന്നാല്‍ ആത്മഹത്യക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തു വിട്ടിട്ടില്ല.
ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ നിരന്തരം അവഹേളനവും പീഡനവും നേരിടേണ്ടി വന്നതായി ഒറ്റപ്പാലം സി.ഐയുടെ കൈവശമുള്ള ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രണ്ടുപേരുടെ പേരുകളാണ് പ്രധാനമായും കുറിപ്പില്‍ വിശദീകരിക്കുന്നത്. ക്യാംപില്‍ കഠിനമായ ജോലികള്‍ ചെയ്യേണ്ടി വന്നു. ജീവനക്കാര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചതില്‍ മേലുദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചു. ക്വാര്‍ട്ടേഴ്സിനകത്തും പീഡനത്തിന് വിധേയനായി.
ജാതിയില്‍ കുറച്ച് കാണിച്ചു. ആദിവാസിയായതിനാല്‍ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിച്ചു. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് കുമാര്‍ ഇരയായിരുന്നുവെന്ന് നേരത്തെ കുടുംബവും ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് ആത്മഹത്യാകുറിപ്പില്‍. കഴിഞ്ഞ ആഴ്ചയാണ് പാലക്കാട് ലക്കിടിക്ക് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കുമാറിനെ കണ്ടെത്തുന്നത്. കുമാറിന് തൊഴില്‍പരമായ പ്രശ്നങ്ങള്‍ ക്യാംപില്‍ ഉണ്ടായിരുന്നു എന്ന് പൊലിസ് ഉദ്യോഗസ്ഥരും നേരത്തെ സമ്മതിച്ചിരുന്നു. അട്ടപ്പാടി കുന്നംചാള ഊരിലെ അനില്‍ കുമാറിന്റെ മൃതദേഹം 25നാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. നഗ്നനാക്കി നിര്‍ത്തി എസ്.ഐയും എ.എസ്.ഐയും മര്‍ദിച്ചുവെന്ന് അനില്‍ കുമാര്‍ ഭാര്യയോടും സഹോദരനോടും പറഞ്ഞിരുന്നു.
കുമാറിന്റെ ഭാര്യയുടെ പരാതിയില്‍ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തുന്ന സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഒറ്റപ്പാലം സി.ഐ ഉടനെ കത്തിനെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കും എന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."