സ്വദേശിവല്‍കരണം പാലിച്ചില്ല; പ്രമുഖ മൊബൈല്‍ കമ്പനിക്കെതിരേ നടപടി
റിയാദ്: ടെലികോം മേഖലയില്‍ തൊഴില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച രീതിയില്‍ സ്വദേശിവല്‍കരണം നടത്താത്തതിനെ തുടര്‍ന്ന് സഊദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ കമ്പനിയായ 'മൊബൈലി'ക്കെതിരേ നടപടി. വിവിധ നിയമങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ സഊദി ടെലികോം അതോറിറ്റി കൗണ്‍സിലാണ് നടപടികള്‍ സ്വീകരിച്ചത്.
സഊദി ടെലികോം ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി എന്‍ജി. അബ്ദുല്ലാ ബിന്‍ ആമിര്‍ അല്‍ സവാഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മൊബൈലിക്കെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. നടപടിയുടെ ഭാഗമായി പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ നല്കുന്നതില്നിന്നു കമ്പനിയെ വിലക്കിയിട്ടുണ്ട്. ഇതോടൊപ്പം പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതിനും വിലക്കുണ്ട്.
രാജ്യത്ത് മൊബൈല്‍ കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ അതോറിറ്റി 2017ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി മുന്നറിയിപ്പുകള്‍ ചെവിക്കൊള്ളാതെ നിയമ ലംഘനങ്ങള്‍ തുടര്‍ന്നതിനാലാണ് നടപടി. നിലവിലുള്ള കണക്ഷനുകളുടെ സേവനങ്ങള്‍ക്ക് തടസമുണ്ടാവില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."